മനാമ - ബഹ്‌റൈനില്‍ ശെഖ മയ് അല്‍ഖലീഫയെ പുറത്താക്കിയതിനെയും ഇസ്രായിലിനെയും ബന്ധിപ്പിച്ചുള്ള വ്യാഖ്യാനങ്ങള്‍ ബഹ്‌റൈന്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ നിഷേധിച്ചു. ബഹ്‌റൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ശൈഖ മയ് അല്‍ഖലീഫയെ പദവിയില്‍നിന്ന് നീക്കിയത്. പുനഃസംഘടനയില്‍ മന്ത്രി പദവികള്‍ വഹിച്ച 22 പേരില്‍ 17 പേരെയും മാറ്റിയിരുന്നു. ശൈഖ മയ് അല്‍ഖലീഫ 20 വര്‍ഷത്തിലേറെ കാലം ഏറ്റവും സ്തുത്യര്‍ഹമായും മികച്ച നിലയിലും ഗവണ്‍മെന്റില്‍ സേവനം ചെയ്തിട്ടുണ്ടെന്നും ബഹ്‌റൈന്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ പറഞ്ഞു.
ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട മുന്‍ സാംസ്‌കാരക മന്ത്രി കൂടിയായ ശൈഖ മയ് ബിന്‍ത് മുഹമ്മദ് അല്‍ഖലീഫക്ക് വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലഭിച്ചത. ഉന്നത പദവിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട തന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എല്ലാവര്‍ക്കും ശൈഖ് മയ് അല്‍ഖലീഫ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു.
ബഹ്‌റൈനിലെ ഇസ്രായില്‍ അംബാസഡര്‍ ഈതാന്‍ നാഇയക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതാണ് ശൈഖ മയ് അല്‍ഖലീഫയെ ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന് പ്രമുഖ ഇസ്രായില്‍ ദിനപ്പത്രമായ ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 16 ന് മനാമയിലെ അമേരിക്കന്‍ അംബാസഡറുടെ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് ഇസ്രായില്‍ അംബാസഡര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ശൈഖ മയ് അല്‍ഖലീഫ വിസമ്മതിച്ചതെന്ന് ഇസ്രായിലി പത്രം റിപ്പോര്‍ട്ട് ചെയ്തു.
യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആശ്ലേഷിച്ചും പുരുഷ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹസ്തദാനം നല്‍കിയും ശൈഖ മയ് അല്‍ഖലീഫ സ്‌നേഹം പ്രകടിപ്പിച്ചു. ശൈഖ മയ് അല്‍ഖലീഫ ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്തുപോകുന്നതില്‍ സങ്കടം സഹിക്കവെയ്യാതെ ജീവനക്കാരും ഉദ്യോഗസ്ഥരും വിങ്ങിപ്പൊട്ടി. എല്ലാവരോടും കുശലം പറഞ്ഞും ആശ്വസിപ്പിച്ചും സഹപ്രവര്‍ത്തകരുടെ കണ്ണീര് തുടച്ചുമാണ് ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് ആസ്ഥാനത്തു നിന്ന് ശൈഖ മയ് അല്‍ഖലീഫ പടിയിറങ്ങിയത്. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് ആസ്ഥാനത്തെ മെയിന്‍ ലോബിയില്‍ ഇരു ഭാഗത്തുമായി നിരനിരയായി നിലയുറപ്പിച്ച ജീവനക്കാര്‍ ഹര്‍ഷാരവം മുഴക്കി സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ച് ശൈഖ മയ് അല്‍ഖലീഫക്ക് വിടചൊല്ലി.
ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡന്റ് പദവിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള കാരണങ്ങള്‍ ശൈഖ മയ് വെളിപ്പെടുത്തിയിരുന്നില്ല. അറബ് രാജ്യങ്ങളും ഇസ്രായിലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ശൈഖ മയ് അല്‍ഖലീഫയെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന് ആക്ടിവിസ്റ്റുകള്‍ സൂചിപ്പിച്ചു.