സൂറത്ത്- 86 മുറിവുകളുമായി ഗുജറാത്തിലെ സൂറത്തിൽ ഒരു കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട പെൺകുട്ടി ദിവസങ്ങളോളം ബന്ദിയാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ടാവുമെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ. ഒമ്പതിനും 11 വയസ്സിനുമിടയിൽ പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം ഈ മാസം ആറിനാണ് വഴിപോക്കർ കണ്ടെത്തുന്നത്. അവർ വിവരമറിയിച്ച് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇതുവരെ കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തിരിച്ചറിയുന്നതിനായി അന്വേഷണത്തിനുപുറമെ വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങിലൂടെയുള്ള ശ്രമവും തുടരുകയാണെന്ന് പണ്ടേസര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ബി ഝല അറിയിച്ചു. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് ഇരുപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുമുണ്ട്.
മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകൾക്ക് ഒരാഴ്ച മുതൽ ഒരു ദിവസം വരെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ഗണേഷ് ഗോവേകർ പറഞ്ഞു. ഇതു കണക്കിലെടുത്താണ് ഇത്രയധികം ദിവസങ്ങൾ പെൺകുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന നിഗമനത്തിൽ എത്തിയത്. സംഭവത്തിൽ ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മറ്റെവിടെയോ വെച്ച് പീഡിപ്പിച്ചു കൊന്നശേഷം പെൺകുട്ടിയുടെ മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം എന്നിവക്കുപുറമെ പോസ്‌കോ വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.