Sorry, you need to enable JavaScript to visit this website.

അവധിക്കാലത്ത്  ദേശചരിത്രം തേടുന്ന പ്രവാസി

കുറ്റിക്കാട്ടിൽ അബ്ദുറഹിമാനും പേരക്കുട്ടികളും ചരിത്ര ശേഖരണ യാത്രയിൽ 

അവധി ആഘോഷിക്കാനായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് വേറിട്ട മാതൃകയായി ചരിത്ര അന്വേഷണവുമായി സഞ്ചരിക്കുകയാണ് അബ്ദുറഹിമാൻ കുറ്റിക്കാട്ടിൽ. 
നൂറ്റാണ്ടിനപ്പുറമുള്ള ഗ്രാമീണ ചരിത്ര വിവര ശേഖരണവുമായി കഴിഞ്ഞ ആറ് വർഷമായി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ് അബ്ദുറഹിമാൻ. ആദ്യകാല ഗ്രാമീണ ഭംഗിയും ശേഷിപ്പുകളും ഗ്രാമ ജനതയുടെ ഉള്ളടക്കവും വരച്ചുകാട്ടി ശ്രദ്ധ നേടിയ എഴുത്തുകാരനാണ് വടക്കാങ്ങര തടത്തിലക്കുണ്ട് സ്വദേശിയായ കുറ്റിക്കാട്ടിൽ അബ്ദുറഹിമാൻ.  മൂന്ന് പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ റിയാദിലും ബിഷയിലുമായി ജോലി ചെയ്തു. ഇപ്പോൾ ജിസാനിൽ സ്വന്തമായി ചെറുകിട വ്യാപാരം നടത്തുന്നതിനിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. അവധി ദിനങ്ങൾ ചരിത്ര പുസ്തക പ്രസാധനത്തിനായി ഉപയോഗിക്കുകയാണ്. വർഷങ്ങളായി  സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിട്ട വരികൾ ദേശചരിത്രമെന്ന പേരിൽ പുസ്തകമാക്കാനുള്ള തിരക്കിലാണ്.  2016 മുതൽ എഴുതിയ കുറിപ്പുകളിൽ ദേശചരിത്രങ്ങളുമായി ബന്ധപ്പെട്ടവ എല്ലാം പെറുക്കി എടുത്ത് പുസ്തക താളുകളിലേക്കാക്കുന്ന പ്രവൃത്തിയുടെ മിനുക്കുപണിയിലാണിപ്പോൾ. 


ഇരുമ്പുഴി സ്വദേശി കരീം മാസ്റ്റർ തോണിക്കടവത്താണ് പുസ്തകത്തിന്റെ സാങ്കേതിക സഹായി. പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ, പള്ളികൾ, സ്‌കൂളുകൾ, മദ്രസകൾ, അനാഥാലയങ്ങൾ, കവലകൾ തുടങ്ങിയവയും മറ്റു പല ലേഖനങ്ങളും ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങളിൽ അടയാളപ്പെടുത്താൻ വിട്ടുപോയ മഹത് വ്യക്തിത്വങ്ങൾ, ചരിത്ര പ്രധാന സംഭവങ്ങൾ, ഫോട്ടോകൾ, പല ചേരുവകളും വിട്ടു പോയത് ശേഖരിക്കുന്നുമുണ്ട്. കുട്ടിക്കാലത്ത് കണ്ട കുറ്റിയറ്റുപോയ വേഷവിധാനങ്ങൾ, കാർഷിക സംസ്‌കാരങ്ങൾ, വെള്ളം തേക്ക്, ഏത്തോൻ, കന്നുപൂട്ട്, കാളപൂട്ട് മൽസരം കൂട്ടായ്മയിൽ നിർമിക്കുന്ന ചിറകെട്ട്, പരസ്പര സഹകരണത്തോടെയുള്ള പെരകെട്ട്, കല്യാണങ്ങൾ, മറ്റു കൂടിച്ചേരലുകൾ പരസ്പര സ്‌നേഹനിധികളും പഴയ സംസ്‌കാരങ്ങളും പുസ്തകത്തിന്റെ ഉള്ളടക്കമാണ്. നിഷ്‌കളങ്ക മനസ്‌കരായ പഴയകാല മനുഷ്യരെ അക്ഷരങ്ങളിൽ കോരിയിട്ടു. ഒപ്പം ഗ്രാമീണ ചാരുതക്ക് അലങ്കാരമായ കുന്നുകളും ചോലകളും നീർകുഴികളും നീർചാലുകളും തോടുകൾ പച്ച പരവതാനി വിരിച്ച വയലോലകൾക്ക് ഒപ്പം നാട്ടുചൊല്ലുകൾ, അര നൂറ്റാണ്ടിനപ്പുറമുള്ള ഭാഷ സംസ്‌കൃതി എന്നിവ എഴുത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അയൽനാടുകളിലെ മരണപ്പെട്ട വ്യക്തികളുടെ നേർചിത്രം, ചരിത്രം എല്ലാം അബ്ദുറഹിമാന്റെ വിവരണത്തിൽ കാണാം. മഞ്ചേരിയിൽ നിന്ന് കുടിയേറിയ കുരിക്കൾ കുടുംബത്തിലെ കണ്ണി കുറ്റിക്കാട്ടിൽ ആലി കുരിക്കളുടെയും മങ്കടചേരിയത്തെ തേവർതൊടി ബിരിയക്കുട്ടിയുടെയും മകനാണ് അബ്ദുറഹിമാൻ. 

 

Latest News