കോഴിക്കോട്- ജമ്മു കശ്മീരിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിർ ഗഫാറും ജനറൽ സെക്രട്ടറി സി.കെ.സുബൈറും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പിയുമായുള്ള ബന്ധം കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ അതിക്രമങ്ങൾ വളർന്നു വരുന്ന സാഹചര്യത്തിൽ ജസ്റ്റിസ് ഫോർ ആസിഫ എന്ന പേരിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ റാലി സംഘടിപ്പിക്കും. മുസ്‌ലിം യൂത്ത് ലീഗ് ദേശിയ സമിതി നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാവുന്ന ഏപ്രിൽ 27 ന് നടത്തുന്ന റാലി മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ ഫാസിസത്തിൽ നിന്ന് രക്ഷിക്കാൻ ന്യൂനപക്ഷ സംഘടനകൾ വിശാലമായ സമീപനം സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആഹ്വാനം ചെയ്തു. സംഘടനാ താൽപര്യത്തേക്കാൾ പ്രധാനമാണ് ഈ വരുന്ന തെരഞ്ഞെടുപ്പുകൾ. ഫാസിസത്തിനെതിരായ ജനാധിപത്യ മതേതര ഐക്യനിര രൂപപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നതിന് പകരം ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള നീക്കം ചില സംഘടനകൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്. ഇതിന്റെ ചില സൂചനകൾ കർണാടകയിൽ കാണുന്നുണ്ട്.
മത സ്ഥാപനങ്ങളെ തീവ്ര വർഗീയവാദികൾ കൈവശപ്പെടുത്തുന്ന സാഹചര്യം അത്യന്തം അപലപനീയമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കതുവയിലെ സംഭവം. പെൺകുട്ടി ബലാൽക്കാരത്തിനിരയായത് ഒരു ക്ഷേത്രത്തിൽ വെച്ചാണ്. മതവിശ്വാസികളും മത സംഘടനകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഖത്‌വയിലെ ഈ സംഭവത്തെ ഹിന്ദു മത നേതാക്കൾ അപലപിക്കേണ്ടതുണ്ട്.
യുവാക്കൾക്ക് വലിയ പ്രതീക്ഷ നൽകിയ നരേന്ദ്ര മോഡി സർക്കാർ അവരെ അപകടത്തിലേക്ക് തള്ളിവിടുക മാത്രമാണ് ചെയ്തത്. ആറു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത മോടി യുവാക്കളിൽ വിദ്വേഷവും അസഹിഷ്ണുതയും കൊലപാതക വാസനയുമെല്ലാമാണ് സൃഷ്ടിച്ചത്. മോടി സർക്കാറിനെ താഴെയിറക്കാനുള്ള ദൗത്യം യുവാക്കൾ ഏറ്റെടുക്കേണ്ടതുണ്ട്. യൂത്ത് ലീഗ് ദേശീയ സമിതി ഒന്നാം വാർഷികത്തിന്റെ ഭാഗമായി യുവാക്കൾക്ക് തൊഴിലും വിദ്യാഭ്യാസവും നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. വനിതാ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകും. മതങ്ങൾക്കിടയിലെ സംഭാഷണങ്ങൾക്ക് ഇടം കണ്ടെത്താനും ശ്രമിക്കും. വിവിധ സംസ്ഥാനങ്ങളിൽ അവിടത്തെ സാഹചര്യമനുസരിച്ച് മതാചാര്യന്മാരെ പങ്കെടുപ്പിച്ച് വിശ്വാസികൾക്ക് പര്‌സപരം അറിയാനും സഹകരിക്കാനും അവസരമൊരുക്കുന്ന നിലയിലാവും പരിപാടികളെന്ന് നേതാക്കൾ പറഞ്ഞു.
അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു, കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പങ്കെടുത്തു.