ഫത്തേപൂര്‍- പിതാവിനോടൊപ്പം ആറുവയസ്സായ കുട്ടിക്കെതിരെയും ഉത്തര്‍പ്രദേശ് പോലീസ് പീഡനത്തിനും വഞ്ചനയ്ക്കും കേസെടുത്തു. സംഭവമറിഞ്ഞ പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ പിതാവ് പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഡിഎസ്പിക്ക് കൈമാറിയിരിക്കയാണ്. ഫത്തേപൂര്‍ ജില്ലയിലെ മാല്‍വാന്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു സ്ത്രീ അത്യാഗ്രഹത്താല്‍ തന്നെയും മകന്‍ വിനോദിനെയും കള്ളക്കേസില്‍ കുടുക്കുകയാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സ്ത്രീ തന്റെ കൊച്ചു കുട്ടിയെ ഇക്കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആറു വയസ്സുകാരന് എങ്ങനെ ഒരാളെ പീഡിപ്പിക്കാന്‍ കഴിയും? പോലീസും ഇക്കാര്യം ആലോചിക്കണമായിരുന്നു.
ഭാര്യാ പിതാവിന്റെ മരണശേഷമാണ് കുടുംബത്തോടൊപ്പം അസ്ത ഗ്രാമത്തിലെ കുടുംബ വീട്ടില്‍ താമസം തുടങ്ങിയതെന്ന് ആറുവയസുകാരന്റെ പിതാവ് കമലേഷ് കുമാര്‍ മിശ്ര പറഞ്ഞു. രണ്ട് വര്‍ഷമായി പരാതി നല്‍കിയ പ്രഭ പാണ്ഡെ എന്ന സ്ത്രീ തന്റെ അമ്മായിയമ്മയുടെ വീട് വാങ്ങാന്‍ ശ്രമിക്കുകയാണ്.
വീട് നല്‍കാനാവില്ലെന്ന് വിസമ്മതിച്ചതിന് ശേഷവും അവര്‍ സമ്മര്‍ദ്ദം തുടരുകയാണെന്ന് മിശ്ര പറയുന്നു. പലതവണ അവര്‍ ഞങ്ങളുടെ വീട്ടില്‍ കയറി ആക്രമിച്ചു. എന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആറു മാസം മുമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






