വീട്ടിലേയ്ക്കുള്ള വഴിയില്‍ മൂത്രമൊഴിച്ച മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം-  തന്റെ വീട്ടിലേയ്ക്കുള്ള വഴിയില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത ഗൃഹനാഥനെ പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തില്‍ കോട്ടയം ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ നിവാസ്, സീനിയര്‍ സി.പി.ഒ. ജിബിന്‍, ഡ്രൈവര്‍ പി.പി. പ്രശാന്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കിളിമാനൂര്‍ ഇരട്ടച്ചിറ ഊമണ്‍പള്ളിക്കര റീനഭവനില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ആര്‍.രജീഷി(33)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്‍ സമ്മേളനത്തിന് പോയവരാണ് ആക്രമണം നടത്തിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും ആരോപണമുണ്ട്.
കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള സ്വകാര്യവഴിയിലാണ് മൂന്ന് പോലീസുകാരും മൂത്രമൊഴിച്ചത്. ഇത് ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ കുപിതരായി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കിളിമാനൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മൂവര്‍ക്കുമെതിരേ കേസെടുത്തു.
പരിക്കേറ്റ രജീഷ് കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. എന്നാല്‍, തലയ്ക്ക് ക്ഷതമേറ്റതായി കണ്ടതിനെത്തുര്‍ന്ന് രജീഷ് പേട്ട റെയില്‍വേ ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റുചെയ്ത പോലീസുകാരുടെ രക്തസാമ്പിള്‍ പരിശോധനക്കയച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍വിട്ടു.
 

Latest News