Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈവിധ്യങ്ങളുടെ ഇന്ത്യയെ തകർക്കാൻ അനുവദിക്കരുത് -ഹമീദ് വാണിയമ്പലം

കൾച്ചറൽ ഫോറം സംഘടിപ്പിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സംസാരിക്കുന്നു. 

ദോഹ- സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ ഇന്ത്യ നേടിയെടുത്ത മൂല്യങ്ങളെ സംരക്ഷിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.
മതവും ജാതിയും നോക്കാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പണിയെടുത്ത ഒരു സമൂഹത്തിന്റെ പിന്മുറക്കാരെ ഭിന്നിപ്പിച്ച് രാഷ്ടീയ നേട്ടം കൊയ്യാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ മതേതര കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം. വൈവിധ്യങ്ങൾ ഏറെയുള്ള ഇന്ത്യൻ സംസ്‌കാരത്തെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ദോഹയിൽ എത്തിയ അദ്ദേഹം കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
വിദ്വേഷ രാഷ്രീയം രാജ്യത്തിനു ഗുണം ചെയ്യില്ല. ഏറ്റവും ഒടുവിൽ ആസിഫ എന്ന പെൺകുട്ടിയടക്കം രാജ്യത്ത് നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ഇത്തരം കൊലപാതകങ്ങൾ ഏറെ ഭീതിദമാണ്. ഇന്ത്യ ഉയർത്തിപ്പിടിച്ച മതേതരത്വവും ഫെഡറലിസവും നീതിന്യായ സംവിധാനങ്ങളും ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. മുഴുവൻ സമൂഹത്തിനും ഉൾക്കൊള്ളുന്നതായിരിക്കണം രാജ്യത്തെ ഭരണ സൗകര്യങ്ങൾ. ജനകീയ സമരങ്ങളെ അടിച്ചൊതുക്കി കോർപറേറ്റ് അനുകൂല ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.
കോർപറേറ്റ് അനുകൂല നിലപാടിന്റെ പേരിൽ കോൺഗ്രസുമായി സഹകരിക്കില്ല എന്ന് പറയുന്ന സി.പി.എം തങ്ങൾക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നത് വൈരുധ്യമാണെന്നും ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. 30 മീറ്ററിൽ നടപ്പിലാക്കാവുന്ന നാലു വരിപ്പാത ബി.ഒ.ടി അടിസ്ഥാനത്തിൽ 45 മീറ്ററായി വികസിപ്പിക്കുന്നത് ഈ നിലപാടിന്റെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. വ്യവസായ സൗഹൃദ നിയമങ്ങൾ എന്ന പേരിൽ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങളും ഇതിന്റെ തുടർച്ചയാണ്. വയലിന്റെ സംരക്ഷണത്തിന് വേണ്ടി സമരം നടത്തുന്ന കർഷകരെ കഴുകന്മാർ എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന സി.പി.എമ്മിന് പരിസ്ഥിതിയെയും തൊഴിലാളികളെയും കുറിച്ച് സംസാരിക്കാനുള്ള അർഹത നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.


ജാതി മതിലുകൾ തീർക്കുകയും മനുഷ്യരെ അടിച്ചു കൊല്ലുകയും ചെയ്യുന്ന തരത്തിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളുകയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച് ആണ് വെൽഫെയർ പാർട്ടി സംസാരിക്കുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളുടെ മുന്നിൽ പാർട്ടി നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ജനകീയ സമരങ്ങളെ തീവ്രവാദ മുദ്ര കുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമം സി.പി.എമ്മിനെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. 
നാട്ടിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചും ഹാരമണിയിച്ചും കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റികൾ സംസ്ഥാന പ്രസിഡന്റിനു വരവേൽപ്പ് നൽകി.
വിവിധ സംഘടനകളായ ഖത്തർ ക്‌നാനായ കൾച്ചറൽ അസോസിയേഷൻ, ഖത്തർ ഹൗസ് ഡ്രൈവേഴ്‌സ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ, തൃശൂർ യൂത്ത് കഌബ്, പത്തനംതിട്ട സ്‌പോർട്‌സ് കഌബ്ബ്, മഷാഖിൽ മലയാളി കൂട്ടായ്മ, നഴ്‌സിംഗ് അസോസിയേഷൻ, ഇൻഡസ്ട്രിയൽ ഏരിയ ലേബർ ക്യാമ്പ്, ഗറാഫ ലേബർ ക്യാമ്പ്, ബിസിനസ് ഫോറം, കാലിക്കറ്റ് സ്‌പോർട്‌സ് ക്ലബ് എന്നിവയുടെ പ്രതിനിധികൾ ഷാൾ അണിയിച്ചു.
കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ മുഷ്താഖ് കൊച്ചി നന്ദിയും പറഞ്ഞു. ശബീബും സംഘവും ചേർന്ന് ഗാനമാലപിച്ചു.
 

Latest News