ഒരു കാലത്ത് ടെക്കികളുടെ ആസ്ഥാനം ബാംഗ്ലൂരായിരുന്നു. പഠനാനന്തരം കാമ്പസ് സെലക്ഷനിലൂടെ ബാംഗ്ലൂരിൽ ജോലി തേടുന്ന മലയാളികളെയായിരുന്നു കണ്ടിരുന്നത്. എന്നാൽ വിവര സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങൾ കേരളത്തിലേയ്ക്കും ചുവടുവെച്ചുകഴിഞ്ഞു. തിരുവനന്തപുരത്തെ ടെക്നോ പാർക്കും കൊച്ചിയിലെ ഇൻഫോ പാർക്കും കഴിഞ്ഞാൽ കോഴിക്കോട്ടും ഐ.ടി പാർക്കുകൾ സജീവമായിരിക്കുന്നു. വിവര സാങ്കേതികവിദ്യയുടെ പുതുലോകം കോഴിക്കോട്ടുകാർക്ക് അന്യമല്ലാതായിരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ പാർക്കും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള മറ്റൊന്നും ലോകോത്തര നിലവാരമുള്ളതായി മാറിയിരിക്കുന്നു. അന്താരാഷ്ട്രതലത്തിലുള്ള നിരവധി കമ്പനികൾ ഇവിടെ ചുവടുറപ്പിച്ചുകഴിഞ്ഞു.
തിരുവനന്തപുരവും കൊച്ചിയും കഴിഞ്ഞാൽ കോഴിക്കോടിനെ വിവരസാങ്കേതികവിദ്യയുടെ മറ്റൊരു ഹബ് ആക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. വിദേശ കമ്പനികളെ ആകർഷിക്കാനുതകുന്ന എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിക്കഴിഞ്ഞു. പ്രകൃതിസൗഹൃദമായും ആവശ്യത്തിന് വെള്ളവും വൈദ്യുതിയുമെല്ലാം നൽകിയുമാണ് പുത്തൻ കമ്പനികളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നത്.
കോഴിക്കോട്ടെ മൂന്നാമത്തെ ഐ.ടി. പാർക്കായ കിൻഫ്ര അഡ്വാൻസ്ഡ് നോളജ് പാർക്ക് രാമനാട്ടുകരയിൽ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞമാസമാണ് കേരള വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തത്. വിവര സാങ്കേതികവിദ്യാ വ്യവസായ രംഗത്ത് മലബാറിന് പുതിയ പ്രതീക്ഷയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള ഈ നോളജ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. വിവര സാങ്കേതിക രംഗത്തും അനുബന്ധ മേഖലയിലും അഭ്യസ്തവിദ്യരായ യുവാക്കൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വൻ തൊഴിൽ അവസരങ്ങളാണ് ഈ പദ്ധതിയിലൂടെ ഒരുങ്ങുന്നത്.
കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രിയായ പി.മുഹമ്മദ് റിയാസിന്റെ മണ്ഡലം കൂടിയായ ഇവിടെ ഇരുപത്തേഴ് കോടിയുടെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്. രാമനാട്ടുകര നഗരസഭാ അതിർത്തിയിൽ 1.15 ലക്ഷം ചതുരശ്ര അടിയിൽ അഞ്ചു നിലയിലാണ് കെട്ടിട സമുച്ചയം നിലകൊള്ളുന്നത്. അത്യാധുനിക മലിനജല ശുദ്ധീകരണ നിർമ്മാണവും ഇവിടെ പ്രവർത്തനസജ്ജമാകുന്നുണ്ട്. ഐ.ടി, ഐടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളിലൂടെ ആദ്യഘട്ടത്തിൽ ആയിരത്തോളം പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് പരോക്ഷമായും ഇവിടെ തൊഴിൽ നൽകാനാവുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സഹകരണ മേഖലയിൽ സ്ഥാപിതമായ ഊരാളുങ്കൽ സൈബർ പാർക്കിലും കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച കുതിപ്പാണ് കണ്ടത്. മഹാമാരിയുടെ അതിപ്രസരത്തിനുശേഷം കൂടുതൽ വിവരസാങ്കേതിക വിദ്യാ സ്ഥാപനങ്ങൾ ഇവിടേയ്ക്ക് എത്തുന്നതാണ് കണ്ടത്. പോയമാസത്തോടെ ഐ.ടി. പാർക്കിലെ മുഴുവൻ സ്ഥലവും വിറ്റഴിഞ്ഞിരുന്നു. പ്രമുഖ ഡിസൈൻ ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എലക്സികൂടി എത്തിയതോടെ എൺപത്തഞ്ച് കമ്പനികളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത്.
ടാറ്റക്കായി നാല്പത്തിരണ്ടായിരം ചതുരശ്ര അടിയാണ് കൈമാറിയത്. ടാറ്റായുടെ വരവോടെ ഐ.ടി മേഖലയിൽ മലബാറിൽ ആദ്യമായാണ് ഒരു ബഹുരാഷ്ട്ര കമ്പനി എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ആയിരത്തോളം ജീവനക്കാരുമായി ടാറ്റ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. നൂറു ശതമാനം കയറ്റുമതി അധിഷ്ഠിതമായ സേവനങ്ങളാണ് ഇവിടെ നടക്കുന്നത്.
പത്തുവർഷത്തിനകം ആയിരത്തിഅഞ്ഞൂറു കോടിയുടെ കയറ്റുമതിയാണ് യു.എൽ. സൈബർ പാർക്ക്് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തന്നെ നൂറ്റിയൻപത് കോടിയെന്ന ലക്ഷ്യത്തിലെത്തിനിൽക്കുകയാണിപ്പോൾ. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷനും വ്യവസായ വികസന കോർപ്പറേഷനു കീഴിലുള്ള ഒട്ടെറെ സംരംഭങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടാറ്റയുടെ വരവോടെ ഒരു ഷിഫ്റ്റിൽ മൂവായിരത്തോളം പേർ ജോലി ചെയ്യുന്ന സ്ഥാപനമായി യു.എൽ സൈബർ പാർക്ക് മാറും. 25 ഏക്കറിൽ നൂറ്റിയൻപത് കോടി ചെലവിൽ പത്തുനിലകളിലായി നിർമ്മിച്ച യു.എൽ. സൈബർ പാർക്കിലെ മുഴുവൻ സ്ഥലവും വിനിയോഗിച്ചതോടെ പുതിയൊരു പ്രോജക്ടിന്റെ പണിപ്പുരയിലാണ് ഊരാളുങ്കൽ സൊസൈറ്റി. ഐ.ടി അനുബന്ധ മേഖലകളിലെ പുതിയ ചലനങ്ങൾ കൂടി നിരീക്ഷിച്ചതിനുശേഷമാകും പുതിയ പ്രോജക്ടിന് രൂപം നൽകുകയെന്നും സി.ഇ.ഒ പറയുന്നു.
കേരള ഗവൺമെന്റ്് സൈബർ പാർക്കിൽ കോവിഡ് കാലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 42744 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസാണ് പ്രവർത്തനം തുടങ്ങിയത്. വിപണിയുടെ ശക്തമായ പുനരുജ്ജീവനവും ഐ.ടി മേഖലയിലെ വളർച്ചയും കമ്പനിക്ക് ഗുണം ചെയ്യുന്നതായിരുന്നു. കൂടാതെ പോയ വർഷത്തെ ഗിടെക്സ് ഗ്ളോബൽ 2021, ദുബായ് ഇന്റർനാഷണൽ ടെക് ഫെസ്റ്റ് എന്നിവയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും കോഴിക്കോട്ടു നിന്നുള്ളവരായിരുന്നു. ഇത് മലബാർ ആസ്ഥാനമായുള്ള കമ്പനികൾക്ക് വലിയ അവസരങ്ങളാണ് തുറന്നിട്ടത്. ഗവൺമെന്റ് സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ പറയുന്നു.
ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും വിപണികളിലാണ് കോഴിക്കോട്ടുനിന്നുള്ള സോഫ്റ്റ് വെർ കയറ്റുമതി ഏറെയും നടക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ ഐ.ടി കമ്പനികൾക്കും മറ്റു രാജ്യങ്ങളിലും ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഐ.ടി അനുബന്ധ വ്യവസായങ്ങൾ ഏറെയുണ്ടെങ്കിലും കേരളം വ്യവസായ സൗഹൃദമല്ലെന്ന ധാരണയാണ് പലർക്കുമുണ്ടായിരുന്നത്. നെറ്റ് വർക്ക് കണക്റ്റിവിറ്റിയും വൈദ്യുതിയും പശ്ചാത്തല സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നാണ് പലരും കരുതിയത്്. ഇവിടെ സംരംഭകർ ഏറെയുണ്ടെങ്കിലും വികസനത്തിന്റെ പ്രധാന ഘട്ടത്തിലെത്തുമ്പോൾ നിക്ഷേപകരെ തേടി ബാംഗ്ലൂരിലേയ്ക്കു പോകേണ്ട അവസ്ഥയാണെന്നും പറഞ്ഞുതുടങ്ങി. എന്നാൽ ബാംഗ്ലൂരിലും ഹൈദരാബാദിലുമെല്ലാം ഐ.ടി വ്യവസായം വിജയകരമായത് ആ നാട്ടിലുള്ളവരുടെ മിടുക്കുകൊണ്ടല്ല. മറ്റു രാജ്യങ്ങളിൽനിന്നും എത്തിയവരാണ് അവിടെ ഐ.ടി വ്യവസായം ശക്തിപ്പെടുത്തുന്നത്. അത്തരമൊരവസ്ഥയിലാണ് ടാറ്റയും ഐ.ബി.എമ്മും ടി.സി.എസുമെല്ലാം കോഴിക്കോട്ടേയ്ക്ക് ചുവടുവയ്ക്കുന്നത് എന്നത് ശുഭോദർക്കമാണ്.
കേരളത്തിലെ സ്റ്റാർട്ടപ്പുകളെയും ആർക്കും അവഗണിക്കാവുന്നതല്ല. അത്യാസന്നനിലയിലുള്ള ഒരാളുമായി ആശുപത്രിയിലേയ്ക്ക് കുതിച്ചുപായുന്ന ആംബുലൻസുകൾക്ക് ട്രാഫിക്കിലെ നീണ്ട നിരയിൽ കുരുങ്ങാതെ പോകാൻ കഴിഞ്ഞെങ്കിൽ എത്ര ജീവനുകൾ രക്ഷപ്പെടുത്താമെന്ന ചിന്തയാണ് ആംബുലൻസിനെ തിരിച്ചറിഞ്ഞ് പച്ചവെളിച്ചം നൽകി യാത്രയാക്കാനുള്ള സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. ആംബുലൻസ് തിരിച്ചറിഞ്ഞ് ചുവപ്പിനെ പച്ചയാക്കാനുള്ള വിദ്യ പ്രയോഗത്തിൽ വരുത്തിയത് കൊച്ചിയിലെ ഒരു ആശുപത്രിയായിരുന്നു. അതുപോലെ എച്ച്.ഡി.എഫ്.സി ബാങ്കിൽ ഇടപാടുകാരെ സ്വാഗതം ചെയ്ത് അവർക്ക് പോകേണ്ടിടത്തേയ്ക്കു നയിക്കുന്ന റോബോട്ടിന് രൂപം നൽകിയതും ഇവിടത്തെ സ്റ്റാർട്ടപ്പ് കമ്പനികളാണ്. ഇത്തരത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ വികസിപ്പിച്ചെടുത്ത നിരവധി സാങ്കേതികവിദ്യകളുണ്ട്. ഇത്തരം വിദ്യകൾക്ക് ആളും ആശയവും പിന്തുണയും സൗകര്യങ്ങളുമൊരുക്കുമ്പോൾ നമ്മുടെ നാട്ടിലും ഐ.ടി പാർക്കുകൾ പലതും നിറഞ്ഞുകവിയും എന്ന കാര്യത്തിൽ തർക്കമില്ല.






