അമുലിന്റെ വിറ്റുവരവ് 61,000 കോടി,  75 വര്‍ഷമായി ജൈത്രയാത്ര തുടരുന്നു 

ന്യൂദല്‍ഹി-  അമുല്‍ സഹകരണസംഘത്തിന്റെ, 2021-22 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് 61,000 കോടി രൂപയായി. വിറ്റുവരവ് 15 ശതമാനത്തോളം ഉയര്‍ന്നെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 53,000 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത് എന്ന് അമുല്‍ ബ്രാന്‍ഡിന് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് വ്യക്തമാക്കി.
2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അമുല്‍ സഹകരണ പ്രസ്ഥാനം അതിന്റെ 75ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ്, എഫ്എംസിജി ബ്രാന്‍ഡ് എന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് എന്ന് 48ാമത് വാര്‍ഷിക പൊതുയോഗത്തിന് ശേഷം ജിസിഎംഎംഎഫ് ചെയര്‍മാന്‍ ഷമല്‍ഭായ് പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ അമുലിന്റെ പാല്‍ സംഭരണത്തില്‍ 190 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഒപ്പം പാല്‍ സംഭരണ വില 143 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്. ലാഭകരമായ വില നല്‍കുന്നത് പാല്‍ ഉല്‍പാദനത്തില്‍ കര്‍ഷകരുടെ താല്‍പര്യം നിലനിര്‍ത്താന്‍ ഞങ്ങളെ സഹായിച്ചു എന്ന് ഷമല്‍ഭായ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ക്ഷീരോല്‍പാദനത്തില്‍ നിന്നുള്ള മികച്ച വരുമാനം ഈ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പാലുത്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുമെന്നും അതിനായി ഗുജറാത്തിലെ രാജ്‌കോട്ടില്‍ 500 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഡയറി പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ദല്‍ഹിക്ക് സമീപമുള്ള ബാഗ്പത്, വാരണാസി, റോഹ്തക്ക്, കൊല്‍ക്കത്ത എന്നിവിടങ്ങളിലും വലിയ ഡയറി പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News