Sorry, you need to enable JavaScript to visit this website.

സൗദിയിൽ നിന്നൊരു കൊള്ളിയാൻ

1994 ലെ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീൽ ടീം

പന്തുരുണ്ട വഴികൾ
 

അമേരിക്ക, 
17 ജൂൺ-17 ജൂലൈ, 1994

ഫുട്‌ബോൾ പാരമ്പര്യമില്ലാത്ത അമേരിക്കയിൽ 1994 ലെ ലോകകപ്പ് നടത്തിയത് ഏറെ ആശങ്കയോടെയായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ ഓപ്ര വിൻഫ്രി വേദിയിൽ വീണതും കിക്കോഫ് ചെയ്ത ഗായിക ഡയാന റോസിന് പന്ത് രണ്ടടി ദൂരെ നിന്നടിച്ചിട്ടും ഗോളാക്കാനാവാതിരുന്നതും അശുഭ ലക്ഷണമായി. പക്ഷേ റെക്കോർഡ് കാണികൾ വീക്ഷിച്ച, ആവേശകരമായ ലോകകപ്പായി അത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനും അമേരിക്ക സാക്ഷിയായി. അരങ്ങേറ്റക്കാരായ സൗദി അറേബ്യയുടെ സഈദ് ഉവൈറാനായിരുന്നു മാന്ത്രിക ഗോളിന്റെ ശിൽപി. ബെൽജിയത്തിനെതിരായ മത്സരത്തിൽ സ്വന്തം പകുതിയിൽ പന്ത് സ്വീകരിച്ച ഉവൈറാൻ നിരവധി എതിരാളികളെ വെട്ടിച്ചുകടന്ന് ഗോൾ നേടിയത് ശ്വാസമടക്കിയാണ് ലോകം വീക്ഷിച്ചത്. 1986 ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനെ വെല്ലുന്നതായിരുന്നു അത്. ബെൽജിയത്തെയും മൊറോക്കോയെയും തോൽപിച്ച സൗദി രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. സ്വീഡനു മുന്നിലാണ് ആ കുതിപ്പ് അവസാനിച്ചത്. 

ബാജിയോ പെനാൽറ്റി പാഴാക്കിയപ്പോൾ  


കിരീടം നേടുമെന്ന് പെലെ പ്രവചിച്ച കാമറൂൺ നിരാശപ്പെടുത്തിയെങ്കിലും അയർലന്റും സ്വീഡനും റുമാനിയയും ബൾഗേറിയയുമൊക്കെ ഒന്നാന്തരമായി കളിച്ച് കാണികളെ കൈയിലെടുത്തു. സ്വീഡനും ബൾഗേറിയയും സെമിയിലെത്തി.
പുതിയ കാലത്തിന്റെ ലോകകപ്പായിരുന്നു അത്. സോവിയറ്റ് യൂനിയൻ ഛിദ്രമായ ശേഷം റഷ്യയുടെ അരങ്ങേറ്റമായിരുന്നു അത്. പാവെൽ സെദ്രിനെ കോച്ചായി നിയമിച്ചതിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖ കളിക്കാർ വിട്ടുനിന്നത് റഷ്യക്ക് കല്ലുകടിയായി. ജർമനികൾ ഒന്നായതോടെ 1938 നു ശേഷം ആദ്യമായി ഐക്യ ജർമനി ഒരു ടീമായി കളിച്ചു. സെൽഫ് ഗോളടിച്ചതിന്റെ പേരിൽ കൊളംബിയയുടെ ആന്ദ്രെ എസ്‌കോബാറിനെ പന്തയ മാഫിയ വെടിവെച്ചു കൊന്നതും പുതിയ കാലത്തിന്റെ സാക്ഷ്യമായി. ആദ്യ റൗണ്ടിൽ പുറത്തായി ടീം തിരിച്ചെത്തിയ ശേഷം ഒരു ബാറിലായിരുന്നു എസ്‌കോബാർ കൊല്ലപ്പെട്ടത്.


ആതിഥേയർ: അമേരിക്ക, ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 24, മത്സരങ്ങൾ: 52
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 147
ടോപ്‌സ്‌കോറർ: ഒലെഗ് സാലങ്കൊ (റഷ്യ), ഹ്രിസ്റ്റൊ സ്റ്റോയ്ച്‌കോവ് (ബൾഗേറിയ, 6)
പ്രധാന അസാന്നിധ്യം: ഇംഗ്ലണ്ട്, ഫ്രാൻസ്
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: ഗ്രീസ്, നൈജീരിയ, സൗദി അറേബ്യ
ആകെ ഗോൾ 141 (ശരാശരി 2.71), കൂടുതൽ ഗോളടിച്ചത് സ്വീഡൻ (15)
മത്സരക്രമം: നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച റെക്കോർഡുള്ള നാല് മൂന്നാം സ്ഥാനക്കാരും പ്രി ക്വാർട്ടറിൽ.



1982 നു ശേഷം ഏറ്റവുമധികം ഗോളുകൾ കണ്ട ലോകകപ്പായിരുന്നു ഇത്. എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിലൊരാൾ നാണം കെട്ട് ലോകകപ്പിൽനിന്ന് വിടവാങ്ങുന്നതിന് അമേരിക്ക സാക്ഷിയായി, തടി കുറക്കാനുള്ള ഉത്തേജക മരുന്നടി പിടിച്ചതോടെയാണ് മറഡോണ പുറത്താക്കപ്പെട്ടത്. 
യൂറോപ്യൻ ചാമ്പ്യന്മാരായ ഡെന്മാർക്കിനും ഇംഗ്ലണ്ടിനും ഫ്രാൻസിനും ആ ലോകകപ്പിന് യോഗ്യത നേടാൻ പോലുമായില്ല. ഹ്രിസ്റ്റൊ സ്റ്റോയ്ച്‌കോവിന്റെ ബൾഗേറിയയായിരുന്നു അദ്ഭുത ടീം. സെമിയിലേക്കുള്ള കുതിപ്പിനിടെ അവർ ചാമ്പ്യന്മാരായ ജർമനിയുടെ കഥ കഴിച്ചു. 
വിജയത്തിന് മൂന്നു പോയന്റ് നൽകിയ ആദ്യ ലോകകപ്പായിരുന്നു അത്. അയർലന്റിനോട് തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരെന്ന ബലത്തിൽ ഇറ്റലി രണ്ടാം റൗണ്ടിൽ കടന്നുകൂടി. രണ്ടാം റൗണ്ടിൽ അവർ കന്നിക്കാരായ നൈജീരിയയോട് തോൽക്കുന്നതിന് 90 സെക്കന്റ് അരികിലെത്തിയതായിരുന്നു. എന്നാൽ റോബർട്ടൊ ബാജിയോയുടെ ഗോൾ കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടി. എക്‌സ്ട്രാ ടൈമിൽ വീണ്ടും ബാജിയൊ സ്‌കോർ ചെയ്തു. ക്വാർട്ടറിൽ അവസാന വേളയിലെ ബാജിയോയുടെ ഗോളിൽ സ്‌പെയിനിനെ ഇറ്റലി മറികടന്നു. സെമിയിൽ ബൾഗേറിയക്കെതിരെയും രണ്ടു തവണ ബാജിയൊ ലക്ഷ്യം കണ്ടു. ഫൈനലിൽ ബാജിയൊ പക്ഷേ വില്ലനായി. ഷൂട്ടൗട്ടിലെ അവസാന കിക്ക് ബാജിയൊ കാലിഫോർണിയാ മാനത്തേക്ക് തൊടുത്തുവിട്ടു. കണ്ണീരോടെ ബാജിയൊ കളം വിടുന്നതാണ് ആ ഫൈനലിലെ അവിസ്മരണീയ രംഗം. 


കാമറൂണിനെതിരായ 6-1 ജയത്തിൽ റഷ്യയുടെ ഒലെഗ് സാലങ്കൊ അഞ്ചു ഗോൾ നേടി. അതേ മത്സരത്തിൽ ഗോളടിച്ച കാമറൂണിന്റെ റോജർ മില്ലയും റെക്കോർഡിട്ടു. 42 വയസ്സും ഒരു മാസവും എട്ടു ദിവസവുമുള്ള മില്ല പ്രായമേറിയ ഗോളടിക്കാരനായി. തുടർച്ചയായ മൂന്നാം ലോകകപ്പിലും മില്ല പ്രായമേറിയ ഗോളടിക്കാരനെന്ന റെക്കോർഡിട്ടു.
പതിനേഴുകാരനായ റൊണാൾഡോയെ ടൂർണമെന്റ് മുഴുവൻ ബ്രസീൽ റിസർവ് ബെഞ്ചിലിരുത്തി. സൗന്ദര്യം തുളുമ്പുന്ന പതിവ് കളി പുറത്തെടുത്തില്ലെങ്കിലും റൊമാരിയോയുടെയും ബെബെറ്റോയുടെയും കരുത്തിൽ ബ്രസീൽ ഒഴുക്കോടെ മുന്നേറുകയായിരുന്നു. ഈയിടെ പിറന്ന കുഞ്ഞിനെയോർമിപ്പിച്ച് കളിത്തൊട്ടിലാട്ടി ബെബെറ്റോ ഗോളുകൾ ആഘോഷിച്ചു. നെതർലാന്റ്‌സിനെതിരായ അവരുടെ ക്വാർട്ടർ ത്രസിപ്പിക്കുന്നതായിരുന്നു, 3-2 ന് ബ്രസീൽ ജയിച്ചു. സ്വീഡനെതിരായ സെമിയിൽ റൊമാരിയോ ബ്രസീലിന്റെ വിജയ ഗോൾ നേടി. 1970 ലെ സ്വപ്‌ന ഫൈനലിന്റെ ആവർത്തനമായിരുന്നു കലാശപ്പോരാട്ടം. ഒന്നാന്തരം ടൂർണമെന്റിന് പറ്റിയ ഫൈനലായിരുന്നു അത്. ഇറ്റലിയും ബ്രസീലും തമ്മിലുള്ള ഫൈനലിൽ തീപ്പാറുമെന്നു തോന്നി. പക്ഷേ ഒരു ഗോളവസരം പോലും പിറക്കാത്ത ഫൈനൽ ആന്റി ക്ലൈമാക്‌സായി. ഷൂട്ടൗട്ട് കണ്ട ആദ്യ ഫൈനലായിരുന്നു അത്. ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാളായ ബാജിയൊ തന്നെ നിർണായക കിക്ക് പാഴാക്കി. കാർലോസ് ആൽബർട്ടൊ പെരേരയുടെ കോച്ചിംഗിൽ, കാർലോസ് ഡുംഗയുടെ നായകത്വത്തിൽ ബ്രസീൽ നാലു തവണ ചാമ്പ്യന്മാരാവുന്ന ആദ്യ ടീമായി. രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ട ബ്രസീലിന്റെ എഫ്-1 സൂപ്പർ താരം അയേട്ടൺ സെന്നക്ക് അവർ ലോകകപ്പ് സമർപ്പിച്ചു.


അറിയാമോ? 1994 ൽ സെമിയിലെത്തുന്നതിനു മുമ്പ് അഞ്ച് ലോകകപ്പുകളിൽ ഒരു കളി പോലും ജയിക്കാൻ ബൾഗേറിയക്ക് സാധിച്ചിരുന്നില്ല.



ജഴ്‌സിയിൽ കളിക്കാരുടെ പേര് പ്രദർശിപ്പിച്ചു തുടങ്ങിയത് ഈ ലോകകപ്പിലായിരുന്നു. പോണ്ടിയാക് സിൽവർഡോമിലെ അമേരിക്ക-സ്വിറ്റ്‌സർലന്റ് മത്സരം ഇൻഡോർ സ്‌റ്റേഡിയത്തിലെ ആദ്യ ലോകകപ്പ് മത്സരമായി. യോഗ്യതാ റൗണ്ടിൽ ബ്രസീലിനെതിരായ മത്സരത്തിൽ റഫറിയെ കബളിപ്പിച്ച് ഗോളി റോബർടൊ റോഹാസ് വീഴ്ച അഭിനയിച്ചതിന് ചിലിയെ വിലക്കി. 
റഷ്യയുടെ ഒലെഗ് സാലങ്കോയാണ് ടോപ്‌സ്‌കോററായത്. ആറു ഗോൾ. അതിൽ അഞ്ചും കാമറൂണിനെതിരായ കളിയിലായിരുന്നു. 

 


 

Latest News