വനാവകാശം റദ്ദാക്കി എന്തു വനസംരക്ഷണം?

നിലവിലെ നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനത്തിനും നിലനിൽക്കുന്ന നിയന്ത്രണങ്ങളെല്ലാം ഇല്ലാതാകും. ഗ്രാമസഭകളുടെ അധികാരം ഇല്ലാതാകും. ഇതിന്റെയെല്ലാം ലക്ഷ്യം എന്താണെന്നു വ്യക്തം. അല്ലെങ്കിലും വനത്തിന്റെ ഭാഗമായ ആദിവാസികളെ കുടിയൊഴിച്ച് വനം സംരക്ഷിക്കുക എന്നത്, അഥവാ വനാവകാശം റദ്ദാക്കി വനസംരക്ഷണം നടത്തുക എന്നത്  എത്രമാത്രം അശ്ലീലമാണെന്നാണ് നാം തിരിച്ചറിയേണ്ടത്. 

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റും പരിസ്ഥിതി ദുർബ്ബലപ്രദേശമെന്ന നിലയിൽ ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമാക്കിയിരിക്കുകയാണല്ലോ. രാഷ്ട്രീയപ്രസ്ഥാനങ്ങളും കർഷകസംഘടനകളും മതസംഘടനകളുമടക്കം സജീവമായി രംഗത്തുണ്ട്. എന്നാൽ ഈ വിധി നേരിട്ട് ഏറെ ബാധിക്കുന്ന ആദിവാസികളുടെ വിഷയങ്ങൾ കാര്യമായി ഉന്നയിക്കപ്പെടുന്നില്ല. ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണ് ഈ വിധിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 
2006 ലെ വനാവകാശനിയമം, 1996 ലെ പെസനിയമം, ഭരണഘടനയിലെ V, VI പട്ടികകളിൽ ഉൾപ്പെടുത്തപ്പെട്ട ആദിവാസി സ്വയം ഭരണാവകാശം, ആദിവാസി ഗ്രാമസഭ അധികാരം തുടങ്ങിയവയെല്ലാം സുപ്രീം കോടതി വിധിയിലൂടെ ലംഘിക്കപ്പെട്ടിരിക്കയാണെന്ന് ആദിവാസി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വിധിക്കെതിരെ കേരളമടക്കം പല സംസ്ഥാനങ്ങളിലും ആദിവാസി സംഘടനകൾ സമരരംഗത്തിറങ്ങുകയാണ്. ജൂലൈ 30 ന് ആറളം ഫാമിൽ (കീഴ്പള്ളി) നടക്കുന്ന പ്രതിഷേധ സംഗമത്തോടെയാണ് കേരളത്തിലെ പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത്. അതേസമയം വിധിയിൽ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകുക വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമാണെന്നാണ് തീരുമാനം. 
ഒരു കിലോ മീറ്റർ എന്ന നിലയിൽ ബഫർ സോൺ പ്രഖ്യാപിക്കുന്നതിലൂടെ ആദിവാസികളുടെയും ഇതര ജനവിഭാഗങ്ങളുടെയും അധിവാസ മേഖലകൾ വന്യജീവി സങ്കേതത്തോട് ബലപ്രയോഗത്തിലൂടെ കൂട്ടി ചേർക്കുകയാണെന്നാണ് ആദിവാസി സംഘടനകളുടെ വിമർശനം. ദേശീയ വന്യജീവി ബോർഡിനും, പരിസ്ഥിതി വനം മന്ത്രാലയത്തിനും, സുപ്രീം കോടതിക്കും ആദിവാസികളുടെ വനാവകാശവും ഗ്രാമസഭാ അവകാശവും റദ്ദാക്കാൻ അധികാരമില്ല. അതേ പോലെ, കോർപ്പറേറ്റുകൾക്കും മറ്റ് കുത്തക മുതലാളിമാർക്കും വനം തീറെഴുതുന്നത് സുഗമമാക്കാൻ വനസംരക്ഷണ നിയമ (1980) ത്തിന്റെ  ചട്ടങ്ങളിലും, 2006 ലെ വനാവകാശനിയമത്തിലും ഭേദഗതി വരുത്തിയതും നിയമവിരുദ്ധമാണ്. സുപ്രീം കോടതി തീരുമാനം മറികടക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്താനും, വനാവകാശ നിയമം (2006) കോർപ്പറേറ്റുകൾക്കുവേണ്ടി ദുർബ്ബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര - സംസ്ഥാന സർക്കാർക്കുകൾ തയ്യാറാകുകയാണ് വേണ്ടതെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. 
വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) പിൻബലത്തിൽ കേന്ദ്രവന്യജീവി ബോർഡാണ് 2001 ൽ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും  10 കി. മീറ്റർ ബഫർ സോൺ വേണമെന്ന് നിർദ്ദേശിച്ചത്. ഓരോ വന്യജീവി സങ്കേതങ്ങളിലെയും ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ പഠനം വൈൽഡ് ലൈഫ് ബോർഡിന് മുന്നിലുണ്ടായിരുന്നില്ല. 1996ൽ നിലവിൽ വന്ന പെസ നിയമത്തിലും 2006ൽ നിലവിൽ വന്ന വനാവകാശനിയമത്തിലുമുള്ള ആദിവാസികളുടെ അവകാശങ്ങൾ പരിഗണിക്കാതെയാണ് തുടർന്നുള്ള ദശകങ്ങളിൽ 10 കി. മീറ്റർ മുതൽ 1 കി. മീറ്റർ വരെ തുടങ്ങിയ വ്യാപ്തിയിൽ കൂട്ടിചേർക്കണമെന്ന് വിവിധ ഏജൻസികൾ ചർച്ച ചെയ്തത്. തുടർന്ന്  വന്യജീവി സങ്കേതങ്ങളോട് 1 കി. മീറ്റർ ബഫർ സോൺ കൂട്ടിച്ചേർക്കാൻ 2011 ൽ കേന്ദ്ര സർക്കാർ വിജ്ഞാപന മിറക്കി ഒരു ദശകത്തോളം ആദിവാസികളുടെ വനാവകാശത്തെക്കുറിച്ചും, ഗ്രാമസഭാ അധികാരങ്ങളെക്കുറിച്ചും കേന്ദ്ര - സം സ്ഥാന സർക്കാരുകൾ യുക്തസഹമായി വാദിക്കാത്തതു കാരണമാണ് 2011 ലെ വനം - പരിസ്ഥിതി മന്ത്രാലത്തിൻറെ വിജ്ഞാപനം നടപ്പാക്കണമെന്ന് ഇപ്പോൾ സുപ്രീം  കോടതി വധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കകാട്ടപ്പെടുന്നു. രാജ്യത്തെ ഓരോ വന്യജീവി സങ്കേതങ്ങളും ദേശീയ പാർക്കുകളും  ഏത് നിലയിലുള്ള പാരിസ്ഥിതിക വെല്ലുവിളികളാണ് നേരിടുന്നതെന്ന വിവരങ്ങൾ കേന്ദ്ര വന്യജീവി ബോർഡിന്റെ മുന്നിലോ സുപ്രീം കോടതിയുടെ  മുന്നിലോ ഇല്ല. നിലവിലുള്ള  വന്യജീവി സങ്കേതങ്ങളുടെ അളവ് എത്ര കൂടുതലായാലും കുറവായാലും ഒരു കി. മീറ്റർ ബഫർ സോൺ കൂട്ടിച്ചേർക്കണം എന്ന യാന്ത്രിക സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 
വന്യജീവി സങ്കേതങ്ങൾ നേരിടുന്ന  പാരിസ്ഥിതിക വെല്ലുവിളികൾ ഉയരുന്നത് ജനവാസ കേന്ദ്രങ്ങളിൽ നിന്നാണെന്നത് വസ്തുതാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വനസമ്പത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും ജൈവവൈവിധ്യ ശോഷണത്തെക്കുറിച്ചും പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും പഠിക്കാൻ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും തയ്യാറാകേണ്ടതാണ്. ബ്യൂറോക്രസിയുടെ അഭിപ്രായങ്ങൾ അന്തിമവിധിയായെടുക്കരുതെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.. ജനസമൂഹങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ സാധ്യതകളെക്കുറിച്ചും, ആദിവാസി ഗ്രാമസഭാ അവകാശങ്ങളെക്കുറിച്ചും വനാവകാശനിയമത്തെക്കുറിച്ചും പഠിക്കണം.  കർഷകസംഘനകളും മത - രാഷ്ട്രീയ സംഘടനകളുമെല്ലാം എതിർക്കുന്ന  മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളും പരിഗണക്കപ്പെടണമെന്നും ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. 
ജൈവവൈവിധ്യ സംരക്ഷണത്തെക്കാളേറെ കോർപ്പറേറ്റുകൾക്കും ഭരണകൂടത്തിനും വന - പ്രകൃതി വിഭവങ്ങളിൽ പിടിമുറുക്കാനുള്ള ഉപാധിയായി (ഠഛഛഘ) കൺസർവേഷൻ നിയമവും അത് സംരക്ഷിക്കാനുള്ള സംവിധാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പണം കെട്ടി വെക്കുന്ന കോർപ്പറേറ്റുകൾക്ക് (എൻ.പി.വി കെട്ടിവെക്കുന്നവർക്ക്) യാതൊരുവിധ നിയന്ത്രണവുമില്ലാതെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാനുള്ള സൗകര്യമാണ് വനനിയമത്തിന്റെ ചട്ടത്തിലും ആദിവാസി വനാവകാശ നിയമത്തിലും ഭേദഗതി വരുത്തിക്കൊണ്ട് 2022 ജൂൺ 28 ന്റെ വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത തീരുമാനം ആദിവാസികളുടെയും തദ്ദേശിയസമൂഹങ്ങളുടെയും വനസമ്പത്തിന്റെയും നിലനില്പിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതിനിടെ വനാവകാശനിയമം അട്ടിമറിക്കുന്ന പുതിയ വനസംരക്ഷണ നിയമങ്ങൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പാർലമെന്റിൽ അംഗീകരിക്കുമെന്നാണ് വാർത്ത. അതോടെ വനത്തിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികൾ പുറത്താക്കപ്പെടും. 
നിലവിലെ നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനത്തിനും നിലനിൽക്കുന്ന നിയന്ത്രണങ്ങളെല്ലാം ഇല്ലാതാകും. ഗ്രാമസഭകളുടെ അധികാരം ഇല്ലാതാകും. ഇതിന്റെയെല്ലാം ലക്ഷ്യം എന്താണെന്നു വ്യക്തം. അല്ലെങ്കിലും വനത്തിന്റെ ഭാഗമായ ആദിവാസികളെ കുടിയൊഴിച്ച് വനം സംരക്ഷിക്കുക എന്നത്, അഥവാ വനാവകാശം റദ്ദാക്കി വനസംരക്ഷണം നടത്തുക എന്നത്  എത്രമാത്രം അശ്ലീലമാണെന്നാണ് നാം തിരിച്ചറിയേണ്ടത്. 

Latest News