ഗൾഫിലെ സാധാരണക്കാരായ പ്രവാസികൾ രണ്ടു വർഷത്തിലൊരിക്കലും അൽപം മെച്ചപ്പെട്ട നിലയിലുള്ളവർ വർഷത്തിലൊരിക്കലുമാണ് അവധിയ്ക്ക്് നാട്ടിലെത്താറുള്ളത്. സൗദി അറേബ്യയുൾപ്പെടെ ഗൾഫ്് രാജ്യങ്ങളിലെ ബാച്ച്ലർ മുറികളിലിരുന്ന് വർഷം മുഴുവൻ വരാനിരിക്കുന്ന അവധിക്കാലത്തെ പറ്റി സ്വപ്നങ്ങൾ നെയ്തെടുക്കുന്നവരാണിവർ. സ്വാഭാവികമായും വിമാനങ്ങളുടെ താരതമ്യവും ചർച്ചാ വിഷയമാകും. ഗൾഫ് പ്രവാസികളുടെ അവധിക്കാലം പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് നാട്ടിലെ ബന്ധുക്കൾ. ഗൾഫിൽ ജോലി ചെയ്യുന്നവർ യഥാർഥത്തിൽ അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികരെ പോലെയാണ്. ഒരു കൂട്ടർ അതിർത്തി കാക്കുമ്പോൾ രണ്ടാമത്തെ വിഭാഗം നാട്ടിന്റെ സമ്പദ്ഘടനയെ കാത്തു രക്ഷിക്കുന്നു. ഗൾഫ് നഗരങ്ങളെല്ലാം കേരളത്തിൽ നിന്ന് മൂന്ന് മുതൽ അഞ്ചര മണിക്കൂർ വരെ പറന്നാലെത്താവുന്ന ദൂരത്തിലാണ്. ഈ യാത്രകൾ ആഹ്ലാദകരവും സുരക്ഷിതവുമാക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതാണ്. ഇന്ത്യയിൽ സ്വകാര്യ വിമാന കമ്പനികൾ വന്നിട്ട്് അധിക കാലമായിട്ടില്ല. കെ.എസ്.ആർ.ടിസി പോലെ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കുത്തകയായി യാത്രക്കാരെ വെറുപ്പിച്ചു കൊണ്ടിരുന്ന കാലത്താണ് ആകാശയാത്രകൾക്ക് നിറം പകർന്ന് ഈസ്റ്റ് വെസ്റ്റും, മോഡിലുഫ്തും എയർ ഡെക്കാനും മറ്റും രംഗത്തെത്തിയത്. വൈകാതെ ജെറ്റ് എയർവേസും ചിറക് വിടർത്തി പറന്നു. സ്വകാര്യ വിമാനങ്ങൾ കൊള്ളാമല്ലോ എന്നായി യാത്രക്കാർ. എന്നാൽ അടുത്ത കാലത്തായി കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്. സ്വകാര്യ വിമാനങ്ങളിലെ യാത്രയ്ക്ക്് സുരക്ഷിതത്വം കുറഞ്ഞു വരുന്നു.
സ്ഥിരമായി തകരാറുകൾ ഉണ്ടാകുന്ന വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദൽഹി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അഭിഭാഷകനായ രാഹുൽ ഭരദ്വാജ് പൊതു താൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് കാണിച്ചായിരുന്നു ഹരജി. സാങ്കേതിക തകരാറുകൾ ആവർത്തിക്കുന്നതിൽ നേരത്തെ ഡയരക്ടറേറ്റ്് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കമ്പനിയോട് വിശദീകരണം ചോദിച്ചിരുന്നു.
വ്യോമയാന മന്ത്രാലയ നിർദേശങ്ങളനുസരിച്ച്് പ്രവർത്തിക്കുന്ന വിമാന സർവീസ് നിർത്തലാക്കാനാവില്ലെന്ന്് പറഞ്ഞ ചീഫ് ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ ഡി.ജി.സി.എ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. പതിവായി കുഴപ്പത്തിലാവുന്ന വിമാന കമ്പനിയുടെ പ്രവർത്തനം വിലയിരുത്താൻ കമ്മീഷനെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ എട്ട് സ്പൈസ് ജെറ്റ് വിമാനങ്ങളിലാണ് തകരാറുകൾ കണ്ടെത്തിയത്.
ആഭ്യന്തര സർവ്വീസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂൺ 18 മുതൽ എട്ടു സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റിന് മാത്രം സംഭവിച്ചത്. ഇക്കാര്യത്തിൽ ഡി.ജി.സി.എ വിശദീകരണം തേടിയിട്ടുണ്ട്. മറ്റൊരു സ്വകാര്യ കമ്പനിയായ ഇൻഡിഗോയും മോശക്കാരല്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് ഗുരുതര വീഴ്ചകളാണ് റിപ്പോർട്ട് ചെയ്തത്. ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതികത്തകരാർ മൂലം കറാച്ചിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു. കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം മസ്ക്കറ്റിലും ഇറക്കേണ്ടിവന്നു. ദമാമിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബാംഗ്ലൂരിൽ അടിയന്തരമായി ഇറക്കിയത് മൂന്ന്് ദിവസം മുമ്പാണ്. ഈ മാസാദ്യം ദൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനവും കൊച്ചിയിലേക്ക് പുറപ്പെട്ട ബജറ്റ് എയർലൈൻ ആയ എയർ അറേബ്യ വിമാനവും അടിയന്തര ലാന്റിംഗ് നടത്തേണ്ടി വന്നിരുന്നു.
ബാങ്കോക്കിലേക്കുള്ള എത്യോപ്യൻ എയർലൈൻസിന്റെ വിമാനം സമ്മർദപ്രശ്നത്തെത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിലിറക്കി.
കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്പ്രസ് വിമാനം ഫോർവേഡ് ഗ്യാലിയിൽനിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്ന് മസ്കത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ക്രൂയിസിനിടെ ഫോർവേഡ് ഗാലിയിലെ വെന്റുകളിലൊന്നിൽ നിന്ന് കത്തുന്ന ദുർഗന്ധം കണ്ടെത്തിയതിനെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഡി ജി സി എ അറിയിച്ചു.
ഇതെല്ലാം കണ്ടപ്പോൾ വെറുതെ ഇരുന്ന ഒരു കുരുവിയ്ക്കും എയർ ഇന്ത്യ വിമാനത്തിൽ കറങ്ങാൻ തോന്നി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 37000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെയാണ് കോക്പിറ്റിൽ കുരുവിയുടെ സാന്നിദ്ധ്യം പൈലറ്റ് മനസ്സിലാക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്നും എയർ ഇന്ത്യ വിമാനം ബഹ്റൈനിൽ എത്തിയ ശേഷം മടക്കയാത്രയ്ക്ക് മുമ്പെ ഒരു എൻജിനിയർ വിമാനത്തിനകത്ത് പരിശോധന നടത്തിയിരുന്നു. ഫ്ളൈറ്റ് ഡെക്കിൽ പരിശോധന നടത്തവെ കോക്പിറ്റിൽ കുരുവിയെ കണ്ടിരുന്നു. അതിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പക്ഷി തനിയെ പറന്നു പോകുന്നതിന് വേണ്ടി ഫ്ളൈറ്റ് ഡെക്കിന്റെ ജനലുകൾ അൽപ നേരം തുറന്നിടുകയായിരുന്നു. വിമാനത്തിലെ മറ്റു സ്ഥലങ്ങളിൽ പരിശോധന കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം മടങ്ങിയെത്തി എല്ലായിടത്തും പരിശോധിച്ചെങ്കിലും ഡെക്കിലോ ക്യാബിനകത്തോ പക്ഷിയെ കണ്ടെത്തിയില്ല. ഈ വിമാനം യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്നതിനിടയിൽ ഫ്ളൈറ്റ് മാന്വലുകൾ സൂക്ഷിയ്ക്കുന്ന ഗ്ലാസ് കമ്പാർട്ട്മെന്റിന് സമീപമായാണ് പൈലറ്റുമാർ പക്ഷിയെ കണ്ടത്. പക്ഷി പറക്കാൻ ശ്രമിക്കാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു. വിമാനം നെടുമ്പാശ്ശേരിയിൽ ലാന്റ് ചെയ്തതിന് ശേഷം സാങ്കേതിക വിദഗ്ധരെത്തി പക്ഷിയെ പിടികൂടി ദൂരെ കൊണ്ടുപോയി പറത്തി വിടുകയായിരുന്നു. ഇത് അതീവ ഗൗരവമുള്ള സുരക്ഷാ വീഴ്ചയാണെന്നത് വേറെ കാര്യം.
വിമാനം പറക്കുന്നതിനിടെ കോക്പിറ്റിനകത്ത് കിളി പറന്നിരുന്നെങ്കിൽ വിമാനത്തിന്റെ നിയന്ത്രണത്തെ വരെ ഇത് ബാധിക്കുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡി.ജി.സി.എ അതീവ ഗൗരവത്തോടെയാണ് ഇത് വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബഹ്റൈനിൽ വച്ച് വിമാനത്തിനകത്ത് പരിശോധന നടത്തിയ എൻജിനീയർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിദേശ എയർലൈനുകളുടെ മൂന്നോളം വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവങ്ങളിലും ഡി.ജി.സി.എ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ എമർജൻസി ലാന്റിങ് നടത്തിയത്.
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ നിന്ന് ഹൈഡ്രോളിക് തകരാറിലായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് വിമാനം പറന്നിറങ്ങിയത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരായിരുന്നു. അതേ ദിവസം ഡൽഹിയിൽ നിന്ന് വഡോദരയിലേക്കുള്ള ഇൻഡിഗോ വിമാനം എൻജിനുകളിലെ പ്രകമ്പനത്തെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ബോയിംഗ് ബി 737 മാക്സ് വിമാനത്തിന്റെ നോസ് വീൽ തകരാറിലായതിനെ തുടർന്ന് ദുബായിൽ നിന്ന് മധുരയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം വൈകി ദിവസങ്ങൾക്ക് മുമ്പ് വൈകിയിരുന്നു.
ദൽഹിയിൽ നിന്ന് വഡോദരയിലേക്ക് പറന്ന ഇൻഡിഗോ വിമാനം മുൻകരുതൽ നടപടിയായി രാജസ്ഥാനിലെ ജയ്പൂരിലും ലാൻഡിംഗ് നടത്താൻ വഴിതിരിച്ചുവിട്ടിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിമാനത്തിന്റെ എഞ്ചിനിൽ വൈബ്രേഷനുകൾ ഉണ്ടായിരുന്നു. അടുത്ത കാലത്തായി, വിവിധ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കൂടുതലായിട്ടുണ്ട്. ഇതാണ് അടിയന്തര ലാൻഡിങ്ങുകൾക്കും വഴിതിരിച്ചുവിടുന്നതിനും ഇതാണ് കാരണമാകുന്നത്. സാധാരണ പ്രവാസികൾ യാത്ര ചെയ്യുന്ന ബജറ്റ് എയർലൈനുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറെയും ഉണ്ടാവുന്നത്.
വൈഡ് ബോഡി വിമാനങ്ങളില്ലാതായ കോഴിക്കോട്ട്് ബജറ്റ് വിമാനങ്ങളുടെ ആധിപത്യമാണിപ്പോൾ. എയർ ഇന്ത്യ ഗൾഫ് സെക്ടറിൽ കാൽ നൂറ്റാണ്ട് പഴക്കമുള്ള വിമാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര സർക്കാർ മാറി ടാറ്റയുടെ കൈവശമെത്തിയിട്ടും കാര്യമായ മാറ്റം പ്രകടമായിട്ടില്ല.
ഏതാനും വർഷങ്ങൾക്കപ്പുറം മംഗളുരുവിലും അടുത്തിടെ കരിപ്പൂരിലും വിമാനങ്ങൾ അപകടത്തിൽ പെട്ടു. ദുരന്തമുണ്ടാവുമ്പോൾ വന്ന് മുതലക്കണ്ണീർ ഒഴുക്കിയിട്ട്് കാര്യമില്ല. വിമാനങ്ങളുടേയും വിമാനത്താവളങ്ങളുടേയും സുരക്ഷിതത്വത്തിനുമായിരിക്കണം പ്രഥമ പരിഗണന.
സുരക്ഷയെ ബാധിക്കുന്ന ചെറിയ കാര്യങ്ങളിൽ സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയാറാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ഇപ്പറഞ്ഞത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്.






