കൊട്ടിയടക്കപ്പെടുന്ന ആദിവാസി ഊരുകൾ

ആദിവാസികൾക്ക് ലഭിക്കാവുന്ന സഹായങ്ങൾ തടയുന്നതോടൊപ്പം അവരുടെ യഥാർഥ ദുരിതങ്ങളുടെ വിവരങ്ങൾ പുറംലോകത്തെത്തുന്നത് തടയുകയുമാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ചെയ്യുന്നത്. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പകരം അവർക്കുള്ള സഹായങ്ങളുടെ വഴിയടക്കുന്ന സർക്കാർ നിലപാട് ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ല. 

ആദിവാസി ഊരുകൾ എന്നും ചൂഷണത്തിന്റെ കേന്ദ്രങ്ങളാണ്. കാടിന്റെ മക്കൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പതിറ്റാണ്ടുകളായി കോടികളുടെ പദ്ധതികൾ ആവിഷ്‌കരിക്കുകയും അതിന്റെ പേരിൽ പണം ചെലവിടുകയും ചെയ്തിട്ടും ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിന് കാര്യമായ മാറ്റമൊന്നുമില്ല. പല ആദിവാസി കോളനികളിലേക്കും നല്ല റോഡുകളില്ല.വൈദ്യുതി എത്താത്ത വീടുകൾ ഇപ്പോഴുമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിദഗ്ധ ചികിൽസ ലഭിക്കുന്നതിന് സംവിധാനങ്ങളില്ല. സർക്കാർ കൃത്യമായി ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട് എന്നതൊഴിച്ചാൽ ജീവിതത്തിന്റെ പല മേഖലകളിലും അവർ ഇപ്പോഴും ആദിമ മനുഷ്യരായി തുടരുകയാണ്.
ആദിവാസി കോളനികളിലെ ദുരവസ്ഥകൾ പുറംലോകത്തെത്തുന്നത്, പ്രധാനമായും ഈ മേഖലകളിൽ പഠനം നടത്തുന്ന ഗവേഷകരിലൂടെയോ ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിലൂടെയോ ആണ്. എന്നാൽ ഇത്തരം വ്യക്തികളെയും സംഘടനകളെയും ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നത് വിലക്കി ക്കൊണ്ട് സംസ്ഥാന സർക്കാർ അടുത്തിടെയാണ് ഉത്തരവിട്ടത്. ഇതോടെ ആദിവാസി ഊരുകളിലെ ദുരിതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തെത്തുന്നത് ഒരു പരിധിവരെ തടയപ്പെട്ടിരിക്കുകയാണ്. ഊരുകളിൽ താമസിക്കുന്നവർക്ക് സർക്കാർ ഇതര സംഘടനകൾ എത്തിച്ചിരുന്ന സഹായത്തിനും ഇതോടെ നിയന്ത്രണങ്ങൾ വരികയാണ്. സർക്കാർ സംവിധാനങ്ങളിലൂടെ എത്തുന്ന സേവനങ്ങളെ മാത്രം ആശ്രയിച്ച് ആദിവാസികൾ ജീവിച്ചാൽ മതിയെന്ന നിലയിലേക്കാണ് പുതിയ ഉത്തരവിലൂടെ സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വകുപ്പ് ഊരുകളെ മാറ്റുന്നത്.
ആദിവാസികൾക്കിടയിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ വ്യക്തികളും സംഘടനകളും അവരെ ചൂഷണം ചെയ്യുകയും അവരുടെ വിവരങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്കായി ശേഖരിക്കുകയും ചെയ്യുന്നുവെന്ന പരാതി നേരത്തെ നിലനിൽക്കുന്നുണ്ട്. മാവോയിസ്റ്റുകൾ അടക്കമുള്ള തീവ്രസ്വഭാവമുള്ള സംഘടനകൾ ഊരുകളെ താവളമാക്കുന്നതായും സർക്കാരിന് സംശയമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമായി സർക്കാർ കണ്ടെത്തിയതാണ് ഊരുകളിലേക്കുള്ള പ്രവേശന വിലക്ക്. കോളനികളിലേക്ക് പ്രവേശിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. പ്രവേശനത്തിന്റെ ഉദ്ദേശ്യം വിവരിച്ച് വകുപ്പിന് നൽകുന്ന അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കാണ്. അനുമതി നിഷേധിക്കാനും അവർക്ക് അധികാരമുണ്ട്.
ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധമായ ഉത്തരവിലൂടെ ആദിവാസി ഊരുകളെ പൊതുസമൂഹത്തിൽ നിന്ന് കൊട്ടിയടക്കുകയെന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളത്. അടിയന്തര ഘട്ടങ്ങളിൽ കോളനികളിലേക്ക് സഹായവുമായി പോകുന്ന സംഘടനകളെ നിയന്ത്രിക്കുന്നതിന് ഈ ഉത്തരവ് കാരണമായേക്കാം.അടിയന്തര സഹായമെത്തിക്കാൻ മാസങ്ങൾക്ക് മുമ്പേ അപേക്ഷ നൽകണമെന്ന നിയമം പ്രായോഗികമല്ല. സർക്കാർ ഉത്തരവിനെതിരെ വയനാട്ടിൽ വിവിധ സംഘടനകൾ ശക്തമായ സമരം ആരംഭിച്ചിരിക്കുകയാണ്.
ആദിവാസികളുടെ ക്ഷേമത്തിനായി സർക്കാർ സംവിധാനങ്ങൾ ഉണ്ടെന്നാണ് വകുപ്പിന്റെ വാദം. എന്നാൽ ഈ സംവിധാനങ്ങളെല്ലാം ഉണ്ടാവുമ്പോൾ തന്നെയാണ് പതിറ്റാണ്ടുകളായി ആദിവാസി കോളനികളിൽ നിന്ന് ദുരിതം പടിയിറങ്ങാതെ നിൽക്കുന്നത്. പട്ടിക വിഭാഗ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചുള്ള പ്രത്യേക പദ്ധതികൾ ആദിവാസികൾക്കായി നടപ്പാക്കുന്നുണ്ട്. പലതും വർഷങ്ങൾ നീണ്ടു നിൽക്കുന്നവയാണ്. സ്ഥിരം ഉദ്യോഗസ്ഥർക്ക് പുറമെ ഓരോ പ്രോജക്ടിലും പ്രത്യേകമായി താൽക്കാലിക ഉദ്യോഗസ്ഥരെയും നിയമിക്കാറുണ്ട്. എന്നാൽ ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം ലഭിച്ചിട്ടും ആദിവാസികളുടെ ജീവിത നിലവാരം വർധിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ല. ചെലവാക്കിയ കോടികളുടെ ഗുണമൊന്നും ഒരു ആദിവാസി കോളനിയിലും കാണാനുമാകില്ല. ആദിവാസികളെ അവരുടെ തനത് സംസ്‌കാരത്തിൽ നിലനിർത്തുകയെന്നതാണ് സർക്കാരിന്റെ നയം. പുറത്തു നിന്നുള്ള ഇടപെടലുകൾ ഇതിന് തടസ്സമാകുമെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ നയമില്ലെന്നത് നിരാശയുണ്ടാക്കുന്നതാണ്. ഒരു കാലത്ത് ആദിവാസികളെ അവരുടെ ഊരുകളിൽ നിന്ന് മാറ്റി നാട്ടിൽ പൊതുസമൂഹത്തിനൊപ്പം താമസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതിന്റെ ഭാഗമായി വനമേഖലകളോട് ചേർന്നുള്ള ഭൂമി അവർക്ക് നൽകുകയും അവിടെ വീടുകൾ നിർമിച്ചു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വീടുകൾ ഉപേക്ഷിച്ച് പിന്നീട് അവർ കോളനികളിലേക്ക് തന്നെ തിരിച്ചു പോയിരുന്നു. ആദിവാസികളെ മാറ്റിപ്പാർപ്പിക്കുകയെന്നത് പ്രയോഗികമല്ലെന്ന് കണ്ടതോടെ ഊരുകളിൽ തന്നെ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇതും പൂർണമായി നടപ്പാക്കിയിട്ടില്ല. പദ്ധതികൾ പലതും തയാറാക്കുകയും അതിനായി ഫണ്ട് അനുവദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആദിവാസികളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് സംബന്ധിച്ച് സർക്കാരിനും വ്യക്തമായ കാഴ്ചപ്പാടില്ല.
ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ആദിവാസികൾക്ക ആവശ്യമായത് പലതും ലഭിക്കുന്നില്ലെന്നതാണ് ഇന്നത്തെ അവസ്ഥ. ഭക്ഷണത്തിന്റെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഏറെക്കുറെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. അരി, ധാന്യങ്ങൾ എന്നിവ കൃത്യമായി ഊരുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ മറ്റു മേഖലകളിൽ ഇപ്പോഴും കോളനികളിൽ വികസനമെത്തിയിട്ടില്ല. പ്രസവം ഉൾെപ്പടെയുള്ള ആരോഗ്യ കാര്യങ്ങളിൽ അടിയന്തര ചികിൽസ ലഭിക്കാതെ ആദിവാസികൾ വലയുകയാണ്. ആരോഗ്യ പ്രവർത്തകർ ഇടക്കിടെ നടത്തുന്ന ഊര് സന്ദർശനവും പരിശോധനകളുമാണ് അവർക്ക് ലഭിക്കുന്ന പ്രധാന ആരോഗ്യ സേവനം. അസുഖമുള്ളവരെ കാടിന് പുറത്തുള്ള സർക്കാർ ആശുപത്രികളിൽ എത്തിക്കാൻ പലയിടത്തും റോഡ് സൗകര്യമില്ല. ഗർഭിണികളായ ആദിവാസി സ്ത്രീകളോട് പ്രസവമടുക്കുമ്പോൾ ആശുപത്രിയിൽ വന്ന് അഡ്മിറ്റ് ചെയ്യാനുള്ള നിർദേശമാണ് നൽകാറുള്ളത്. എന്നാൽ പലപ്പോഴും ഇവർ അത് അനുസരിക്കാറില്ല. യാത്രാക്ലേശവും ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് കാരണം. ഇതോടെ സ്ത്രീകൾ വീടുകളിൽ തന്നെ പ്രസവിക്കുന്നു. പ്രസവത്തിലെ സങ്കീർണത മൂലം നവജാത ശിശുക്കൾ മരിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ സംവിധാനത്തിൽ ഇപ്പോഴും പോംവഴികളില്ല. മഴക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് ഊരുകളിൽ എത്തുന്നതിന് ബുദ്ധുമുട്ടുകളുണ്ടാകുന്നു. കനത്ത മഴക്കിടെ ആദിവാസികൾക്ക് നാട്ടിലുള്ള ആശുപത്രികളിൽ എത്തുന്നതിനും ഏറെ വിഷമതകൾ നേരിടേണ്ടി വരുന്നു. സ്‌കൂളുകളുടെ കാര്യത്തിൽ ആദിവാസി മേഖല ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ്. കാടിനു പുറത്തുള്ള ട്രൈബൽ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാറുണ്ടെങ്കിലും അവരിൽ എത്രപേർ പഠനം തുടരുന്നുണ്ട് എന്നതും ചോദ്യചിഹ്‌നമാണ്.
ഇത്തരത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ കിടക്കുമ്പോഴാണ് സഹായിക്കാൻ സന്നദ്ധരായ സംഘടനകളെ ആദിവാസി കോളനികളിലേക്ക് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിട്ടത്. ഇതുമൂലം അവർക്ക് ലഭിക്കാവുന്ന സഹായങ്ങൾ തടയുന്നതോടൊപ്പം ആദിവാസികളുടെ യഥാർഥ ദുരിതങ്ങളുടെ വിവരങ്ങൾ പുറംലോകത്തെത്തുന്നത് തടയുകയുമാണ് സർക്കാർ ചെയ്യുന്നത്. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പകരം അവർക്കുള്ള സഹായങ്ങളുടെ വഴിയടക്കുന്ന സർക്കാർ നിലപാട് ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ല. സർക്കാർ നൽകുന്ന സഹായങ്ങളും ശേഖരിക്കുന്ന വിവരങ്ങളും പൂർണമാകണമെന്നില്ല. ആദിവാസികളുടെ പ്രശ്‌നങ്ങൾ ശരിയായ രീതിയിൽ പഠിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. അവരുടെ സേവനം നിഷേധിക്കുന്നത് ആദിവാസികളെ സഹായിക്കുന്നതാകില്ല. അവരെ എന്നും ദുരിതത്തിൽ തന്നെ തളച്ചിടുന്നതാകും.

Latest News