Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുബൈറിനെതിരായ അഞ്ച് കേസുകളില്‍ ബുധനാഴ്ചവരെ പേലീസ് നടപടി വിലക്കി സുപ്രീം കോടതി

ന്യൂദല്‍ഹി- ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് ഫയല്‍ ചെയ്ത എഫ്ഐആറുകളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുടെ നടപടി സുപ്രീം കോടതി  സ്റ്റേ ചെയ്തു.
ജാമ്യാപേക്ഷ ജൂലൈ 20ന് കോടതി പരിഗണിക്കും.
യുപിയിലെ പല ജില്ലകളിലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ നേരത്തെ സുപ്രീം കോടതിയില്‍ അടിയന്തര അപ്പീല്‍ നല്‍കിയിരുന്നു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനെതിരെയുള്ള പ്രതികാര നടപടികള്‍ തുടുരകയാണെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡിന്റെയും എ എസ് ബൊപ്പണ്ണയുടെയും ബെഞ്ച് നിരീക്ഷിച്ചു. ഒന്നില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസ് ലിസ്റ്റ് ചെയ്യുന്നതിനാല്‍ ദുഷിച്ച ചക്രം തുടരുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ഈ കേസ് ജൂലൈ 20-ന് ലിസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ രജിസ്ട്രിയോട് നിര്‍ദ്ദേശിക്കുകയാണ്. അതിനിടയില്‍, ഈ കോടതിയുടെ അനുമതിയില്ലാതെ അഞ്ച് എഫ്ഐആറുകളില്‍ ഏതെങ്കിലുമൊന്നുമായി ബന്ധപ്പെട്ട് ഹരജിക്കാരന് എതിരെ യാതൊരു നടപടികളും സ്വീകരിക്കരുത്. വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബെഞ്ച് അഭ്യര്‍ത്ഥിച്ചു.
പത്രപ്രവര്‍ത്തകനായ സുബൈര്‍ നിരവധി എഫ്ഐആറുകള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് രേഖപ്പെടുത്തി.
യുപി പൊലീസ് ചുമത്തിയ ആറ് കേസുകളിലും സുബൈര്‍ ഇടക്കാല ജാമ്യം തേടിയിരുന്നു. ഹത്രസില്‍ രണ്ട്, മുസാഫര്‍നഗര്‍, ഗാസിയാബാദ്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതം എന്നിങ്ങനെയാണ് കേസുകള്‍.
ഹിന്ദുത്വ നേതാക്കളായ മഹന്ത് ബജ്റംഗ് മുനി, യതി നരസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷവാദികള്‍ എന്ന് വിളിച്ചതിനാണ് സീതാപൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സീതാപൂര്‍ കേസുമായി ബന്ധപ്പെട്ട് ജൂലൈ 12ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സെപ്തംബര്‍ ഏഴിന് അന്തിമ വിധി പറയും.
2021 സെപ്റ്റംബറില്‍ സുദര്‍ശന്‍ ടിവിയിലെ ഒരു അവതാരകന്‍ സുബൈറിനെതിരെ വര്‍ഗീയ സംഘര്‍ഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്തതോടെയാണ് ലഖിംപൂര്‍ ഖേരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇസ്രായേല്‍-ഫലസ്തീന്‍ തര്‍ക്കവുമായി ബന്ധപ്പെട്ട  വാര്‍ത്തയോടൊപ്പം ചാനല്‍ മദീനയില്‍ നിന്നുള്ള മസ്ജിദുന്നബവിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്നും ഗാസയില്‍ നിന്നുള്ള ഒരു പഴയ ചിത്രത്തില്‍ അത് സൂപ്പര്‍ഇമ്പോസ് ചെയ്തുവെന്നും സുബൈര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സുബൈര്‍.

 

 

Latest News