കുഴികളും കൈപ്പുസ്തകവും!

'ഒന്നിനോടൊന്നു സാദൃശ്യം ചൊന്നാലുപമയാമത്' എന്നാണ് അലങ്കര വ്യാഖ്യാനം. എന്നുവെച്ച്, കേന്ദ്രത്തിന്റെ ഐ.എ.എസിനും ഐ.പി.എസിനും തുല്യമാകുമോ കേരളത്തിന്റെ കെ.എ.എസും കെ.പി.എസും? ഇല്ല. പോട്ടെ, പത്മശ്രീക്കു തുല്യമാകുമോ കേരളശ്രീ? ഇല്ലേയില്ല. എങ്കിലും എള്ളു കൊറിച്ചാൽ കിട്ടുന്ന എള്ളോളം സൗഖ്യമെങ്കിലും കിട്ടാതിരിക്കില്ല. 'കൊമ്പന്റെ പിന്നാലെ മോഴയും' എന്ന മട്ടിൽ കേന്ദ്രത്തെ സംസ്ഥാനം അനുഗമിക്കുന്നതിന് ഉദാഹരണങ്ങളുമുണ്ട്. വികസനം വേണമെങ്കിൽ മറ്റൊരു ഉപായവും ഒരു പ്രത്യയശാസ്ത്രത്തിലും കാണാനുമില്ല. ഇടയ്ക്കിടെ ഒരു തൊഴിയും തുമ്പിക്കൈ കൊണ്ടൊരു തട്ടുമൊക്കെ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ പതിവുള്ള ചടങ്ങുമാണ്. ഇപ്പോൾ പുതിയൊരു പ്രശ്‌നം ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. 
ലോക്‌സഭാ സ്പീക്കറുടെ ഒരു കൈപ്പുസ്തകത്തിൽ അറുപത്തിയഞ്ചോളം കമനീയ ഭാഷാ പ്രയോഗങ്ങളെ പടിയടച്ചു പിണ്ഡം വെച്ചിരിക്കുന്നു! കക്ഷിഭേദമെന്യേ പരസ്പരം 'ഉപമാലങ്കാര'മായി പ്രയോഗിച്ചിരുന്നവയ്ക്കാണ് ഈ ദുർഗതി നേരിടുന്നത്. 'അഴിമതി, ക്രിമിനൽ, പക്ഷപാതം, അസംബന്ധം, ആഭാസൻ, ലൈംഗികാതിക്രമം, മുതലക്കണ്ണൂർ, ചതിയൻ, ദല്ലാൾ, ആദിവാസി തുടങ്ങിയവ സഭ്യേതരമാകയാൽ ഇനി സഭയിൽ പ്രവേശനമില്ല. (പുറത്തു വേണ്ടുവോളം ഉപയോഗിക്കുകയുമാകാം). 'നോട്ടു നിരോധന'ത്തിലൂടെ കള്ളപ്പണത്തിന്റെ ഉന്മൂലനാശം വരുത്തിയ ശേഷമുള്ള ഏറ്റവും വിപ്ലവകരമായ നടപടിയാണിത്. ഇന്ത്യയിലും പുറത്തുമുള്ള പല ജനസഭകളിലും മുമ്പേ തന്നെ നടപ്പിലാക്കിയ പദ്ധതി. ശേഷ രാജ്യങ്ങളിൽ നെല്ലും ഗോതമ്പും പയറുമൊക്കെ ഉൽപാദനം ഇരട്ടിയായി. ഇവിടെ, ഇത്തരം പദങ്ങൾ കേട്ട് പാർലമെന്ററിലെ ഇളംതലമുറകൾ പോലും വഷളായി വരികയായിരുന്നു. അതേ സമയം പരിശുദ്ധമായി ഒഴുകുന്ന ഗംഗ, യമുന നദികളെപ്പോലെ ഭരണതലം ഉച്ചി മുതൽ ഉള്ളംകാൽ വരെ വെൺമ പരത്തുകയുമാണ്. അതിനാൽ, അടിയന്തരമായിത്തന്നെ കുറെയധികം  വാക്കുകൾ നീക്കം ചെയ്തു. ഇതിന്റെ പേരിൽ പ്രതിപക്ഷം ഇളക്കി വിടുന്ന കോലാഹലം 'ചായക്കോപ്പയിലെ കൊടുങ്കാറ്റാ'യി ഉച്ചയൂണിനോ വൈകിട്ട് ചായക്കപ്പ് കൈയിലെത്തുന്നതിനോ മുമ്പ് അവസാനിക്കുമെന്നാണ് കേൾവി. ആംഗലത്തിൽ ജനിച്ചുപോയ ഹതഭാഗ്യരായ നാൽപതോളം വാക്കുകൾക്കാണ് അയിത്തം. അതൊക്കെ പണ്ടേ തന്നെ 'ഹിന്ദി ബെൽറ്റ്' കെട്ടിയവർക്കു മനസ്സിലാകാറില്ല. അയിത്തം ബാധിച്ച ഇരുപതോളം ഹിന്ദി പദങ്ങളുടെ കാര്യവും ദയനീയം. ദക്ഷിണേന്ത്യൻ എം.പിമാർ ഒരു വിധം സ്വസ്ഥമായി മയങ്ങുന്നത് പാർലമെന്റിൽ ഹിന്ദി പ്രസംഗങ്ങൾ കേൾക്കുമ്പോഴാണ് എന്ന കാര്യമാണെങ്കിൽ സുപ്രസിദ്ധവും! പിന്നെ നിരോധിച്ചാലെന്ത്, തൂത്തുവാരി പുറത്തു കളഞ്ഞാലെന്ത്?
പക്ഷേ, മറ്റൊരു പ്രശ്‌നം ഉദിച്ചു വരുന്നത് കാണണം. കേന്ദ്രവുമായി പരമാവധി സഹകരണം, അതു കെ- റെയിൽ വഴി  ആയാലും സാരമില്ല എന്നതാണ് നമ്മുടെ നയം. സംസ്ഥാന നിയമസഭയിലെ സർവത്ര കാർമേഘങ്ങളും ഇടിനാദങ്ങളും (സാഹിത്യമാണ്, ധ്വനി) നിമിത്തം പുറത്തു കേൾക്കുന്നില്ലെങ്കിലും 'പാർലമെന്ററി'യല്ല. പാർലമെന്റ് അങ്ങു ദൂരെയല്ലേ എന്നു മറുചോദ്യം ഉന്നയിച്ച് മണിയാശാൻ വിരട്ടുമായിരിക്കാം, സാരമില്ല. എങ്കിലും കെ.കെ. രമയുടെ വൈധവ്യത്തെ 'വിധി'യായി കാണുവാൻ മഹാദർശനികനായ കടുത്തുരുത്തിക്കാരൻ സഖാവ് എത്രവേഗം മാറി! വിശ്വാസിയല്ലാതിരിക്കുകയും വിധിയിൽ വിശ്വസിക്കുകയും ചെയ്യുന്ന 'വൈരുധ്യാത്മക ഭൗതികം' സഖാവ് നിയമസഭയിൽ വെച്ചു കാച്ചിയതിൽ അദ്ഭുതമില്ല. പണ്ടേ കളങ്കമില്ലാത്ത മനസ്സാണ്. സഖാവ് ഈ വെളിപാടുമായി തകർത്തു വാരുമ്പോൾ സ്പീക്കറുടെ കസേരയിലിരുന്ന് ഇ.കെ. വിജയൻ എന്ന കൊച്ചേട്ടൻ പാർട്ടി സഖാവ് വല്ലാതെ വിയർക്കുന്നത് ആരൊക്കെയോ കണ്ടു. അതിന്റെ വീഡിയോ ഔട്ടായി ഓടിച്ചാടി നടക്കുന്നു. ഈ വിധ ദർശനങ്ങൾ ഇനി വർധിക്കുകയാണല്ലോ പരമപ്രധാനം! അതിനാൽ ഒരു കാര്യം ഉറപ്പായി. 
നമ്മുടെ നിയമസഭയിലും ഒരു 'നിരോധിക്കപ്പെട്ട നിഘണ്ടു' വേണ്ടിവരും. അക്കാര്യത്തിൽ സ്പീക്കറെ സഹായിക്കുവാൻ മുഖ്യന്റെ മുറിക്കകത്തു നിന്നും 'മഹാകവി'യെ ചുമതലപ്പെടുത്തിയാൽ ഒട്ടും മുഷിയില്ല. സഹായത്തിന് പാർട്ടിവക 'താൽക്കാലിക ബുദ്ധിജീവി'കളുടെ ഒരു പട വേറെയും. അവർക്കും പണി വേണമല്ലോ!
ഒരാശ്വാസമുണ്ട്; ടി ബഡായി ബംഗ്ലാവിലെ അന്തേവാസികളുടെ എല്ലാ മൊഴിമുത്തുകളും നിയമസഭയിൽ മാത്രമല്ല വിളമ്പാറുള്ളത്. മന്ത്രി എം.വി. ഗോവിന്ദൻ സഖാവ് തന്നെ 'ആർദ്ര കേരളം' പരിപാടിയിലാണ് ഒരെണ്ണം വിളിച്ചു പറഞ്ഞത്:- 'അമേരിക്കയിലേക്കാൾ മെച്ചപ്പെട്ട ആരോഗ്യ നിലവാരം കേരളത്തിലണ്.' കേട്ടിരുന്ന ആരോഗ്യ മന്ത്രിയായ വനിതയുടെ കണ്ണുകൾ പോലും ആർദ്രങ്ങളായി എന്നു പറഞ്ഞാൽ മതി. 'പിന്നെ മുഖ്യമന്ത്രി എന്തിനാണ് ചെക്കപ്പിന് അമേരിക്കയിൽ പോകുന്നത്' എന്നു ചോദിക്കാൻ വി.ഡി. സതീശൻ സ്ഥലത്തില്ലാതെ പോയി.
****               ****                  ****

ചില കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൂടാ. വിദേശകാര്യ മന്ത്രിയായാൽ ലോകകാര്യങ്ങൾ ശ്രദ്ധിക്കണം. കഴക്കൂട്ടത്തെ മേൽപാലത്തിന്റെ പുരോഗതി അന്വേഷിക്കാൻ അദ്ദേഹം മേസ്തിരിയാണോ, കരാറുകാരനാണോ, അതോ ഓവർസീയറോ? ബൈഡനോ, പുടിനോ, കമല ഹാരീസോ ഒന്നും കഴക്കൂട്ടം വഴി വരാനിടയില്ല. ബ്രിട്ടനിലെ അടുത്ത പ്രധാനമന്ത്രി ഇന്ത്യൻ വർഗത്തിൽപെട്ട മനുഷ്യനാണോ എന്ന് വിദേശകാര്യ മന്ത്രി അന്വേഷിച്ചാൽ ന്യായമുണ്ട്. ഒന്നുമില്ലേലും വെറുതെ രോമാഞ്ചം കൊള്ളാനെങ്കിലും കഴിയും. എസ്. ജയശങ്കർ തലസ്ഥാനത്തെത്തിയത് പിണറായി മനസ്സിൽ ഉണ്ടാക്കിയ ചിന്തകളാണ് സൂചിപ്പിക്കുന്നത്. മുഖ്യൻ ചോദിച്ച ചോദ്യങ്ങൾ തന്നെ, മരുമകൻ റിയാസ് മന്ത്രി തുറന്നു ചോദിച്ചു. അങ്ങനെയാണ് വേണ്ടതും. അമ്മാവൻ ചെണ്ട കൊട്ടിയാൽ മരുമകൻ ചേങ്ങിലയും തുകിലും കൂടി കൊട്ടണം. കേട്ട പാതി, കേൾക്കാത്ത പാതി, തോഴന്മാർ മറ്റൊരു ഉപകഥ കൂടി ചമച്ച്, നേരമിരുട്ടം മുമ്പേ പുറത്തിറക്കി- വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തു നിന്നുകൊണ്ട് തിരുവനന്തപുരത്തെ നോട്ടമിടുന്നു! രണ്ടു കൊല്ലം കഴിഞ്ഞ് തലസ്ഥാന ലോക്‌സഭ സീറ്റിൽ ശശി തരൂരിനെ വിറപ്പിക്കുവാൻ കേന്ദ്രം വീരാളിപ്പട്ടു ഞൊറിഞ്ഞുടുക്കുന്നുവെന്നാണ് അന്വേഷണാത്മക റിപ്പോർട്ട്! താൻ ജനിച്ച തമിഴ്‌നാട്ടിലോ വളർന്ന ദില്ലി പ്രദേശത്തോ ഒരു സീറ്റ് തരപ്പെടുത്താൻ കഴിവില്ലാത്ത 'ഫോറിൻ സർവീസ് മന്ത്രിയാണ് ജയശങ്കർ എന്നു ധ്വനി.
' ഭാരതീയ മന്ത്രി പാരമ്പര്യമനുസരിച്ച്, വിദേശകാര്യ മന്ത്രി പ്രഭാത ഭക്ഷണം ന്യൂയോർക്കിലും ലഞ്ച് മോസ്‌കോയിലും ഡിന്നർ ജപ്പാനിലും കഴിച്ച് ഇറ്റലിയിൽ ചെന്നുകിടന്ന് സുഖമായി ഉറങ്ങണം; തരംകിട്ടിയാൽ 'മക്കാവ്' ദ്വീപിൽ ചെന്നു 'റമ്മിയും മറ്റു നേരമ്പോക്കുകളു ആകാം -ഇതാണ് സംസ്ഥാന സർക്കാരിന്റെ ധാരണ. അതൊന്നു തിരുത്തുവാൻ വേണ്ടിയാണ് സഹമന്ത്രി മുരളീധരൻ പാഞ്ഞെത്തിയത്. ബി.ജെ.പി ആറു മണ്ഡലങ്ങൾ നേർന്നിട്ടുണ്ട്. (അറുന്നൂറ് ചാക്കുകളും റെഡിയാക്കിയിട്ടുണ്ട്!) അവിടെയൊക്കെ ഇനിയും പാലങ്ങളും റോഡുകളും കുഴികളും കാണാൻ കേന്ദ്ര മന്ത്രിമാർ പറന്നു നടക്കും; കണ്ടോളൂ!
പാതകളിലെ കുഴികൾ മുരളീധരന്റെ പത്രപ്രസ്താവനകളുടെയത്ര വരില്ല എന്നു മരുമകൻ മന്ത്രി നിയമസഭയിൽ പ്രസ്താവിച്ചതിലും കാര്യമുണ്ട്. ആകെ പതിനൊന്നു ദേശീയ പാതകൾ കേരളത്തിലുണ്ട് എന്ന വിവരം ഈയിടെയാണ് ലഭിച്ചത്. അത് മുരളീധരനു മുമ്പേ വെളിപ്പെടുത്തണമെന്ന വാശിയായിരുന്നു. എന്നാൽ ഇവിടെ സംസ്ഥാന പാതകൾ എത്രയുണ്ട് എന്ന കണക്കെടുപ്പു നടത്തുകയാണ് കേന്ദ്ര മന്ത്രി. ഇവിടുത്തെ പൊതുമരാമത്തു മന്ത്രിക്കു പോലും സാധ്യമാകാത്ത കാര്യം എന്നേ പറയാവൂ!
കലാപ്രവർത്തകരെ ജനപ്രതിനിധികളാക്കിയതിന്റെ ഗുണഫലം നിയമസഭക്കു കിട്ടിത്തുടങ്ങി. 'സ്ഫടികം' സിനിമയിലെ ചാക്കാ മാഷിന്റെ സ്വഭാവമാണ് പ്രതിപക്ഷത്തിന് എന്നു മുകേഷ് കണ്ടുപിടിച്ചു. ഇത്രയും ജനോപകാരപ്രദമായ ഒരു പ്രശ്‌നം മറ്റൊരു നടനും ഒരിടത്തും അവതരിപ്പിച്ചിട്ടില്ല. സ്വന്തം മണ്ഡലത്തിലെ മൊത്തം കുഴികളുടെ എണ്ണം ആരും ചോദിക്കാത്തതു മുകേഷിന്റെ ഭാഗ്യം! അരൂരിലെ ദലീമ എന്ന ഗായിക 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന വയലാർ ഗാനം പാടി നിയമസഭയെ ഒന്നു തണുപ്പിച്ചു. അടുത്ത ഗാനം പാടുന്ന തീയതി മുൻകൂട്ടി അറിയിച്ചാൽ സന്ദർശക ഗാലറി 'ഹൗസ് ഫുൾ' ആകും. മഴക്കാലത്ത് റോഡിലെ കുഴി എണ്ണാൻ നടന്നു വിവശരാകുന്ന ജനപ്രതിനിധികൾക്ക് അതൊരു ആശ്വാസവും ആകും.
കേന്ദ്ര - സംസ്ഥാന റോഡുകളിലെ കുഴികൾക്കു സമീപം 'കേന്ദ്ര കുഴി' 'സംസ്ഥാന കുഴി' എന്നിങ്ങനെ വേർതിരിച്ചു ബോർഡുകൾ വെച്ചു കണക്കെടുത്താൽ നാട്ടുകാരും രസിക്കും. കെ. റെയിലിന്റെ കുറ്റികൾ പോലെ ആരും പിഴുതു മാറ്റുകയില്ല. കേന്ദ്ര - സംസ്ഥാന മന്ത്രിമാർക്ക് 'കുഴി നികത്തൽ മഹോത്സവം' കൊണ്ടാടുവാൻ സന്ദർശനവും തരപ്പെടും

Latest News