കോവിഡ് മഹാമാരിയുടെ വ്യാപനം മനുഷ്യരാശിയെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരുന്നു. ഇപ്പോഴും ഭീഷണി ഒഴിഞ്ഞിട്ടില്ല. വക ഭേദങ്ങളെ കുറിച്ച് ആരോഗ്യ പ്രവർത്തകർ ഇന്നും ഭയപ്പെട്ടു കഴിയുന്നു. അതിലിടക്ക് പ്രത്യക്ഷപ്പെട്ട കുരങ്ങ് വസൂരിയും വളരെ പെട്ടെന്ന് തന്നെ കേരളത്തിൽ എത്തി. കേരളത്തിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കി പോക്സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന ഐ.എം.എയുടെ അറിയിപ്പ് ജനങ്ങൾക്ക് നൽകുന്നത് വലിയ ആശ്വാസമാണ്.
കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് കേരളത്തിൽ രോഗം സ്ഥിരീകരിച്ചയുടൻ ഐ.എം.എ പുറപ്പെടുവിച്ച പ്രസ്താവനയിൽ (ജൂലൈ 15) ജനങ്ങൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ജൂലൈ 12 ന് യു.എ.ഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലായിരുന്നു ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. മുൻപ് കോവിഡ് രോഗവും ഇന്ത്യയിൽ ആദ്യം കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്-തൃശൂരിൽ. ''രോഗിയുമായി അടുത്തിടപഴകുന്ന ആളുകളിൽ മാത്രമാണ് മങ്കി പോക്സ് രോഗം പകരാൻ സാധ്യതയുള്ളത്. ശരീര സ്രവങ്ങളിൽ കൂടി രോഗിയിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. അന്തരീക്ഷത്തിൽ കൂടിയോ മറ്റു മാർഗങ്ങളിൽ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളിൽ ഈ വർഷം മങ്കി പോക്സ് മൂലം മരണം നടന്നതായി റിപ്പോർട്ടുകളില്ല.'' ഐ. എം. എയുടെ വാക്കുകൾ ആശ്വാസകരമാണ്
ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓർത്തോപോക്സ് വിഭാഗത്തിൽപെട്ട ഡി.എൻ.എ വൈറസുകളാണ് രോഗകാരണം എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥിരീകരിക്കുന്നു. ചിക്കൻ പോക്സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തിൽ രോഗലക്ഷണങ്ങൾ ചിക്കൻ പോക്സിനു തുല്യമായി വരാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഉള്ളവരുമായി അടുത്തു സമ്പർക്കം ഉണ്ടായാൽ ഒരാഴ്ച മുതൽ മൂന്നാഴ്ചകൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ചർമത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടർന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂർവമായി മാത്രമേ സങ്കീർണതകൾ ഉണ്ടാകാറുള്ളൂ. ചുണങ്ങുകൾ കരിയുന്നതു വരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട് -ഇതൊക്കെ വർഷങ്ങളായി പരിചയമുള്ള ചിക്കൻ പോക്സുമായി ബന്ധപ്പെട്ടവ തന്നെ. അപരിചിതമായ രോഗമല്ലാത്തതിനാൽ സമാന്തര ചികിത്സാ രംഗവും ഈ രോഗത്തെ വലിയ പ്രതിസന്ധിയായി കാണുന്നില്ല. നിലവിലുള്ള രോഗമാണ്. ചികിത്സയും രോഗം കണ്ടെത്തലും എളുപ്പം എന്നാണ് ഹോമിയോ രംഗത്തുള്ളവർ ജനങ്ങൾക്ക് ആശ്വാസം പകരുന്നത്.
കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നതിനാലാണ് ഈ രോഗം മങ്കിപോക്സ് എന്ന് അറിയപ്പെടുന്നത്. ഈ വൈറൽ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും സുരക്ഷ രീതികൾ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത പാലിക്കണം. എന്ന സ്ഥിരം ജാഗ്രത നിർദേശമാണ് ഐ .എം .എ നൽകുന്നത് . സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.
ചിക്കൻപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റാർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാന്റമായി പരിശോധിക്കും. എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തുകയാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും. രോഗികളെയും രോഗം സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയിൽ നടന്നു വരുന്നു. ഇതുവരെ 1200 ലധികം ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി. ഡെർമറ്റോളജിസ്റ്റ്, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവർക്കും വിദഗ്ധ പരിശീലനം നൽകും. എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകി വരുന്നു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കേസായതിനാൽ കേന്ദ്ര സംഘം എത്തിയിരുന്നു. അവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
മനുഷ്യർ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിലേക്ക് രോഗം പടരാതിരിക്കാനാണ് ആരോഗ്യ പ്രവർത്തകർ കൂടുതലായി ശ്രദ്ധിക്കുന്നത്. ഐസൊലേഷൻ ക്വാറന്റൈൻ എന്നീ പദങ്ങളൊക്കെ കോവിഡ് കാലം മനുഷ്യരെ പഠിപ്പിച്ചിട്ടുണ്ട്. പോക്സ് ഇനത്തിൽപെട്ട രോഗത്തിന്റെ പകർച്ചയുടെ കാര്യത്തിൽ വൈദ്യരംഗത്തിന്റെ നിഗമനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട് . രണ്ടര പതിറ്റാണ്ട് മുമ്പ് ഒരു ചിക്കൻ പോക്സ് രോഗിയെ ദൂരെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പൊതു വാഹനത്തിൽ എത്തിക്കാനുള വഴി തിരക്കിയപ്പോൾ പരിചയ സമ്പന്നനായ അലോപ്പതി ഡോക്ടർ അത് വിലക്കിയതോർക്കുന്നു. നിവൃത്തിയില്ലെങ്കിൽ ചെയ്യാവുന്ന വഴിയും അന്ന് ആ ഡോക്ടർ പറഞ്ഞത് കൗതുകമായി തോന്നിയിരുന്നു. അതിങ്ങനെയായിരുന്നു- രോഗിയെ നല്ല കട്ടിയുള്ള കമ്പിളിയിൽ പൊതിഞ്ഞ് വാഹനത്തിൽ കയറ്റുക. ഇതു കേട്ടപ്പോൾ വസൂരി പിടിപെട്ടവരെ പായയിൽ പൊതിഞ്ഞ് വീടുകളിൽ നിന്നകലെ താമസിച്ച കാലമായിരുന്നു ഓർത്തത്.
വസൂരിയുടെ ഭീകരതയൊന്നും ഈ പറയുന്ന പോക്സിനില്ലെങ്കിലും വൈദ്യരംഗം അത് കൈകാര്യം ചെയ്യുന്നതിൽ സമാനതകളുണ്ട്.






