കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനും രക്തച്ചൊരിച്ചില്‍ തടയാനും പാക്കിസ്ഥാനുമായി ചര്‍ച്ചയല്ലാതെ മാര്‍ഗമില്ല-മെഹബൂബ

ശ്രീനഗര്‍- കശ്മീര്‍ പ്രശ്നം പരിഹരിക്കാനും രക്തച്ചൊരിച്ചില്‍ തടയാനും പാക്കിസ്ഥാനുമായും മറ്റു കക്ഷികളുമായും ചര്‍ച്ച നടത്തുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി.
പുല്‍വാമയില്‍ തീവ്രവാദികള്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനെ അപലപിച്ച അവര്‍, വെടിയുണ്ടകള്‍ക്കോ ഗ്രനേഡോകള്‍ക്കോ ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്നും ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂവെന്നും പറഞ്ഞു. ഇതു തന്റെ പാര്‍ട്ടിയുടെ നിരന്തരമായ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തീവ്രവാദം പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് ആണെന്ന് നമ്മള്‍ പറഞ്ഞാല്‍ അക്കാര്യത്തിലും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയെ പോലെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തണം.  
കശ്മീര്‍ പ്രശ്നപരിഹാരത്തിനായി തന്റെ പാര്‍ട്ടിയുടെ പോരാട്ടം തുടരുമെന്നും മെഹബൂബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നം കശ്മീര്‍ പ്രശ്‌നപരിഹാരമാണ്. 370 അതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ഇവ ഞങ്ങളുടെ അജണ്ടയിലുണ്ട്, അതിനായി ഞങ്ങളുടെ പോരാട്ടം തുടരും- അവര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്രത്തിന്റെ 2019 ഓഗസ്റ്റ് 5 ലെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കൂട്ടം ഹരജികളെക്കുറിച്ച്, സുപ്രീം കോടതി അതിന്റെ ജോലി ചെയ്യട്ടെയെന്ന് പി.ഡി.പി പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ വാദം കേള്‍ക്കാന്‍ പോലും കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ക്ക് സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, സുപ്രീം കോടതിയില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷയാണുള്ളതെന്ന് മെഹ്ബൂബ ചോദിച്ചു.
കേന്ദ്രം ബലപ്രയോഗത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നയമാണ് സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ആരെങ്കിലും സംസാരിച്ചാല്‍ ജാമ്യം കിട്ടാതെ ജയിലിലടക്കും. അവരോടൊപ്പം ചേരാത്ത രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള നൂറുകണക്കിന് യുവാക്കള്‍ പുറത്ത് ജയിലുകളില്‍ കഴിയുന്നു. കുടുംബങ്ങള്‍ക്ക് അവരെ കാണാന്‍ പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. ധാരാലം ം അനീതികള്‍ നടക്കുന്നതിനാല്‍ ഇവിടെ ട ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും എന്ത് ചെയ്യണം, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംശയത്തിലാണെന്ന്  അവര്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മടിക്കുകയാണെന്ന് മെഹബൂബ പറഞ്ഞു. തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്നോ അത് നടത്തുമോ ഇല്ലയോ എന്നോ അറിയില്ല. ഇവിടുത്തെ ജനങ്ങളെ ശാക്തീകരിക്കാന്‍ ബിജെപി ദിവസവും പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതും അവരുടെ അസ്തിത്വം തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതും തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ മടിക്കുന്നതിന്റെ തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News