തിരുവനന്തപുരം- പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ രേഖപ്പെടുത്തുന്ന ഒരു വോട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനായിരിക്കും. ഉത്തര്‍പ്രദേശിലെ എം.എല്‍.എ നീല്‍രത്തന്‍ സിംഗാണ് ഇവിടെ ദ്രൗപതി മുര്‍മുവിന് വോട്ടു ചെയ്യുക. ചികിത്സ്‌ക്കായി പാലക്കാട്ടെത്തിയതാണ് അദ്ദേഹം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ അനുമതിയോടെ ഇന്ത്യയിലെവിടെയും വോട്ട് ചെയ്യാം. നീല്‍രത്തന്‍ സിംഗിന്റെ വോട്ട് കേരളത്തിലെ കണക്കില്‍ ഉള്‍പ്പെടില്ല.
തിരുനല്‍വേലി എം പി ജ്ഞാനതിരവിയവും കേരള നിയമസഭിലാണ് വോട്ട് ചെയ്യാന്‍ എത്തുന്നത്. ഡി എം കെ അംഗമായ അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഡി എം കെ യശ്വന്ത് സിന്‍ഹയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ 140 നിയമസഭാംഗങ്ങളും ഇവിടെ വോട്ടു ചെയ്യും. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ കോണ്‍ഗ്രസും ഇടതുപക്ഷവും പിന്തുണക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും അദ്ദേഹത്തിനു ലഭിക്കുമെന്ന് കരുതുന്നു.
എച്ച്.ഡി ദേവഗൗഡയുടെ ജനതാദള്‍ എസ് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നുവെങ്കിലും കേരളത്തിലെ ജനതാദള്‍ അംഗങ്ങളായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മാത്യു ടി തോമസും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്നാണു കരുതുന്നത്. ഇരുവരും ഇവിടെ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗങ്ങളാണ്. വൈകിട്ട് അഞ്ച് വരെ നിയമസഭാ മന്ദിരത്തിന്റെ മൂന്നാം നിലയിലെ 740-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ്.
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്.ദല്‍ഹിയില്‍ പോളിംഗ് ബൂത്തായി നിശ്ചയിച്ച 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലും വോട്ടെടുപ്പ് നടക്കുന്നു.
ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ദ്രൗപദി മുര്‍മു 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം.
ആകെയുള്ള 10,86,431 വോട്ടു മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണല്‍.
കോണ്‍ഗ്രസ് സഖ്യകക്ഷികളായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്വാദി പാര്‍ട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദ്രൗപദി മുര്‍മുവിന് 6,60,000 വോട്ടുകള്‍ ഉറപ്പിച്ചത്.
38 പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ല. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നഷ്ടമാകുകയും ് പ്രചരണത്തിനായി ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കുകയും ചെയ്തിരുന്നു.ആ്ംആദ്മി പിന്തുണയാണ് അവസാന മണിക്കൂറുകളിലെ ആശ്വാസം.