Sorry, you need to enable JavaScript to visit this website.

ടൂറിസം മേഖലയില്‍ ദുബായിലെ വിദേശനിക്ഷേപം 6.4 ബില്യന്‍, ലോകത്ത് ഒന്നാമത്

ദുബായ്- ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളില്‍ (എഫ്.ഡി.ഐ) ദുബായ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2021 ല്‍ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യണ്‍ ദിര്‍ഹമാണ് ദുബായ് ടൂറിസം മേഖലയിലെ എഫ്.ഡി.ഐയിലൂടെ നേടിയത്. ലോകം ഈ മേഖലയില്‍ വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായിയുടെ ഈ വലിയ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

അതിനു പിന്നില്‍ ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മികച്ച നേതൃത്വവും ദീര്‍ഘവീക്ഷണവുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിക്ഷേപകര്‍ക്ക് സ്ഥിരമായി നിക്ഷേപങ്ങള്‍ നടത്താനും അതില്‍നിന്നു തിരിച്ചു കിട്ടാനും സാധിക്കുന്നത് വലിയ ധൈര്യം നല്‍കുന്നതാണ്. തുടര്‍ന്നും വ്യവസായ സൗഹൃദ നടപടികള്‍ ദുബായ് തുടരും. ലോകത്ത് എഫ്.ഡി.ഐയുടെ മുന്‍നിരയില്‍ എന്നും ദുബായ് ഉണ്ടാകുമെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിലും ദുബായ് ലോകത്ത് ഏറ്റവും മുന്നിലായിരുന്നു. ലണ്ടന്‍, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, പാരിസ് എന്നിവയെ പിന്നിലാക്കിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ദുബായും ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററും (ഡി.ഐ.എഫ്.സി) ഇക്കാര്യത്തില്‍ വന്‍നേട്ടമാണ് ഉണ്ടാക്കിയതെന്ന് ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ് ഏജന്‍സിയും സാമ്പത്തിക വകുപ്പും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

Latest News