Sorry, you need to enable JavaScript to visit this website.

വനിതാ മുന്നേറ്റത്തിന്റെ വിസിൽ

പുരുഷ ലോകകപ്പിൽ ആദ്യമായി വനിത റഫറി കളി നിയന്ത്രിക്കുന്നതിന് ഖത്തർ സാക്ഷിയാവും. ജപ്പാൻകാരി യോഷിമി യാമാഷിത, ഫ്രഞ്ചുകാരി സ്റ്റെഫനി ഫ്രാപ്പാർട്ട്, റുവാണ്ടക്കാരി സലീമ മുകൻസംഗ എന്നിവരാണ് ഖത്തർ ലോകകപ്പിൽ വിസിലൂതാനായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾ. മൂന്ന് വനിത അസിസ്റ്റന്റുമാരെയും ഫിഫ തെരഞ്ഞെടുത്തിട്ടുണ്ട്. ബ്രസീലിന്റെ ന്യൂസ ബക്ക്, മെക്‌സിക്കോയുടെ കാരൻ ഡിയാസ് മദീന, അമേരിക്കക്കാരി കാതറിൻ നെസ്ബിറ്റ് എന്നിവരെ....

ഖത്തർ ലോകകപ്പ് നിരവധി പുതിയ റെക്കോർഡുകൾക്ക് വഴിയൊരുക്കും. പുരുഷ ലോകകപ്പിൽ ആദ്യമായി വനിത റഫറി കളി നിയന്ത്രിക്കുന്നതിനും ഖത്തർ സാക്ഷിയാവും. ജപ്പാൻകാരി യോഷിമി യാമാഷിതക്കാണ് ഈ അപൂർവ ഭാഗ്യം ലഭിക്കുക.
ഫുട്‌ബോൾ സുന്ദരമായ കളിയാണ് എന്ന് പെലെ ഒരിക്കൽ പറഞ്ഞിരുന്നു. റഫറിമാരുടെ പ്രധാന ദൗത്യം കളിയിലെ സൗന്ദര്യം നിലനിർത്തുകയാണെന്ന് യാമാഷിത വിശ്വസിക്കുന്നു. 
ഓരോ റഫറിയും അതിനാണ് ശ്രമിക്കുന്നതെന്ന്, ശ്രമിക്കേണ്ടതെന്ന് യാമാഷിത വിശ്വസിക്കുന്നു. ആ ലക്ഷ്യത്തിനു വേണ്ടിയാണ് കളിയിലെ ഓരോ നിമിഷത്തിലും താൻ ശ്രമിക്കുന്നത്. അതിനായി കളിക്കാരുമായി ആശയവിനിമയം നടത്തേണ്ടി വന്നാൽ അതും ചെയ്യേണ്ടി വരും. കാർഡ് പുറത്തെടുക്കേണ്ടി വന്നാൽ അതിന് മടിക്കരുത്. കളി നിയന്ത്രിക്കുകയല്ല റഫറിയുടെ ഒന്നാമത്തെ ജോലി. കളിയിലെ സൗന്ദര്യത്തെ പുറത്തു കൊണ്ടുവരികയാണ് -യാമാഷിത പറയുന്നു. 
ഫ്രഞ്ചുകാരി സ്റ്റെഫനി ഫ്രാപ്പാർട്ടും റുവാണ്ടക്കാരി സലീമ മുകൻസംഗയുമാണ് യാമാഷിതക്കൊപ്പം ഖത്തർ ലോകകപ്പിൽ വിസിലൂതാനായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾ. മൊത്തം 36 റഫറിമാരുണ്ട്. മൂന്ന് വനിത അസിസ്റ്റന്റുമാരെയും ഫിഫ തെരഞ്ഞെടുത്തിട്ടുണ്ട്. ബ്രസീലിന്റെ ന്യൂസ ബക്ക്, മെക്‌സിക്കോയുടെ കാരൻ ഡിയാസ് മദീന, അമേരിക്കക്കാരി കാതറിൻ നെസ്ബിറ്റ് എന്നിവരാണ് 69 അസിസ്റ്റന്റ് റഫറിമാരിലെ വനിതകൾ. 
യാമാഷിതയും ഫ്രാപ്പാർട്ടും സലീമയും ലോകകപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും മൂന്നു പേർക്കും മത്സരങ്ങൾ കിട്ടണമെന്ന് നിർബന്ധമൊന്നുമില്ല. കളിക്കളത്തിന് പുറത്ത് ഫോർത് ഒഫീഷ്യലുകളായും അവരെ ഉപയോഗിച്ചേക്കാം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ റഫറിമാരെയും വരും മാസങ്ങളിൽ സൂക്ഷ്മമായി നിരീക്ഷിക്കും. ലോകകപ്പിന് തൊട്ടുമുമ്പു മാത്രമേ അവരുടെ സാങ്കേതിക മികവും ശാരീരിക, മെഡിക്കൽ പരിശോധനകളും പൂർത്തിയാവൂ എന്ന് ഫിഫയുടെ റഫറീസ് ഡയരക്ടർ മാസിമൊ ബുസാക്ക പറയുന്നു. 
ജപ്പാൻ പല മേഖലകളിലും മുന്നിലാണെങ്കിലും പ്രതിഫലത്തിൽ സ്ത്രീ, പുരുഷ വ്യത്യാസം മുഴച്ചു നിൽക്കുന്ന ഒരു രാജ്യമാണ് അത്. ജപ്പാനിലെ ദേശീയ നിയമ നിർമാണ സഭയിൽ 14.3 ശതമാനം മാത്രമാണ് വനിതകൾ. യു.എസ് കോൺഗ്രഷനൽ റിസർച്ച് സർവീസ് നടത്തിയ സർവേ പ്രകാരം ഇക്കാര്യത്തിൽ 190 രാജ്യങ്ങളിൽ 152 ാം സ്ഥാനത്താണ് ജപ്പാൻ. പ്രതിഫല വ്യത്യാസത്തിന്റെ കാര്യത്തിൽ 156 രാജ്യങ്ങളിൽ 120 ാം സ്ഥാനത്തും. 
എന്നാൽ മാറ്റങ്ങൾക്ക് തുടക്കമിടാൻ സോക്കറിന് സാധിക്കുമെങ്കിൽ താൻ സന്തോഷവതിയാണെന്ന് യാമാഷിത പറയുന്നു. സോക്കറിലെ വനിത പ്രാതിനിധ്യത്തിന്റെ കാര്യത്തിലും ജപ്പാന് ഒരുപാട് മുന്നേറാനുണ്ട്. സോക്കറിലോ സ്‌പോർട്‌സിലോ മാത്രമല്ല, എല്ലാ മേഖലകളിലും വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ തന്റെ സ്ഥാനക്കയറ്റം പ്രേരകമാവുമെന്നാണ് യാമാഷിത കരുതുന്നത്. 
വനിത ഫുട്‌ബോളിൽ വൻശക്തിയാണ് ജപ്പാൻ. ലോകകപ്പിൽ 2011 ൽ ജപ്പാൻ കിരീടം നേടിയിരുന്നു. 2015 ൽ റണ്ണേഴ്‌സ്അപ്പായി. ഇപ്പോഴും മുൻനിര ടീമുകളിലൊന്നാണ്. 
ജപ്പാനിൽ ഇപ്പോൾ 35 ഡിഗ്രിക്കു മേലെയാണ് ചൂട്. ഖത്തറിൽ ലോകകപ്പ് നടക്കുന്ന സമയത്ത് ഇതിലും കുറവായിരിക്കും ചൂടെന്ന് ഓർമിപ്പിക്കുമ്പോൾ യാമാഷിതക്ക് ചിരി. എയർകണ്ടീഷൻഡ് സ്‌റ്റേഡിയങ്ങളിലായിരിക്കും ലോകകപ്പ് അരങ്ങേറുക. കൂടാതെ ഇതാദ്യമായി നവംബർ, ഡിസംബർ മാസങ്ങളിലാണ് ലോകകപ്പ്. 
ജപ്പാനിലെ പുരുഷ ലീഗ് ഫുട്‌ബോളിൽ വർഷങ്ങളായി യാമാഷിത കളി നിയന്ത്രിക്കുന്നുണ്ട്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലും വിസിലൂതിയിട്ടുണ്ട്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലും റഫറിയായിരുന്നു. എങ്കിലും ലോകകപ്പിൽ റഫറിയാവുകയെന്നത് വലിയ പിരിമുറുക്കമുള്ള കാര്യമാണെന്ന് യാമാഷിത സമ്മതിക്കുന്നു. 
മത്സരത്തിന് മുമ്പ് വെയ്റ്റിംഗ് റൂമിലുള്ള അവസ്ഥയെക്കുറിച്ച് യാമാഷിത വിവരിച്ചു. അപ്പോഴാണ് തനിക്ക് ഏറ്റവും ആവേശം തോന്നുന്നതെന്നും സന്തോഷവതിയായിരിക്കാനാണ് ശ്രമിക്കാറെന്നും യാമാഷിത പറഞ്ഞു. പുരുഷ, വനിത ഫുട്‌ബോളിലെ പ്രധാന വ്യത്യാസമെന്താണെന്നു ചോദിക്കുമ്പോൾ അവരുടെ മറുപടി ഇങ്ങനെയാണ്: വേഗം. പുരുഷന്മാർ കൂടുതൽ വേഗത്തിൽ ഓടുന്നു എന്നല്ല ഇതിനർഥം. കളിക്കാരുടെ സ്പീഡ് മാത്രമല്ല, മൊത്തത്തിൽ കളിക്കു തന്നെ വേഗം കൂടുതലാണ്. അതിനാൽ റഫറിമാർക്ക് കൂടുതൽ വേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ടി വരുന്നു. 
ജാപ്പനീസാണ് എളുപ്പം വഴങ്ങുകയെങ്കിലും ഖത്തറിൽ കളിക്കാരുമായി ആശയവിനിമയം നടത്താൻ താൻ ഇംഗ്ലീഷും ആംഗ്യഭാഷയുമാണ് ഉപയോഗിക്കുകയെന്ന് യാമാഷിത വെളിപ്പെടുത്തി. സാധാരണ കാർഡ് നൽകുമ്പോൾ ഒന്നും പറയാറില്ല. എന്നാൽ മുന്നറിയിപ്പ് നൽകുമ്പോൾ എനിക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ലെന്ന സന്ദേശം നൽകാൻ ശ്രമിക്കാറുണ്ട്. അത് കളിക്കാർക്ക് മനസ്സിലാവുകയും ചെയ്യും -അവർ പറഞ്ഞു. 

Latest News