അട്ടപ്പാടിയിലെ ആരോഗ്യ പ്രശ്നങ്ങളുടെ ചർച്ചയിൽ എപ്പോഴും ഉയർന്നു വരുന്ന പേരാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടേത്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ഏറ്റവുമധികം പ്രകീർത്തിക്കപ്പെട്ട ഒന്നായിരുന്നു ഈ ആശുപത്രിയും അതിനു നേതൃത്വം നൽകിയിരുന്ന ഡോക്ടർ പ്രഭുദാസും. എന്നാൽ അതെല്ലാം കേവലം പ്രചാരണങ്ങൾ മാത്രമായിരുന്നു എന്നധികം താമസിയാതെ ബോധ്യമായി. പൊതുവിൽ നാട്ടുകാർക്ക് സ്വീകാര്യനായിരുന്ന പ്രഭുദാസ് സർക്കാരിനു ശത്രുവായി. സത്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ ആശുപത്രിയിൽ പ്രധാനമായും നടക്കുന്നത് മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുക എന്നതാണ്.
അട്ടപ്പാടിയിലെ തുടരുന്ന ശിശുമരണം കഴിഞ്ഞ ദിവസം വീണ്ടും നിയമസഭയിൽ സജീവചർച്ചാവിഷയമായി. എന്നാൽ നമ്മുടെ ജനപ്രതിനിധി സഭ കൊണ്ട് എന്തു പ്രയോജനം എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു സഭയിലെ ചർച്ചകൾ നടന്നത് എന്നു പറയാതിരിക്കാനാവില്ല. നവജാത ശിശുമരണത്തിലേക്കു നയിക്കുന്ന, അട്ടപ്പാടിയിലെ ആദിവാസികളുടെ ദയനീയ ജീവിതാവസ്ഥയേയും അവിടത്തെ ഏക ആശ്രയമായ കോട്ടത്തറ ആശുപത്രിയിലെ പരിമിതികളെ കുറിച്ചും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചെങ്കിലും അതിനോടുള്ള ആരോഗ്യമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമാണെന്നു പറയാനാവില്ല. ഏതുവിഷയത്തേയും കക്ഷിരാഷ്ട്രീയ നിലപാടിൽ നിന്നുമാത്രം കാണുന്ന സ്ഥിരം ശൈലിയാണ്, മുൻകാല മാധ്യമജീവനക്കാരിയായിരുന്ന ആരോഗ്യമന്ത്രി ഇക്കാര്യത്തിലും പ്രകടിപ്പിച്ചത് എന്നത് നിരാശാജനകമാണ്.
കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയക്കു തുല്യമാണെന്നു രാഷ്ട്രീയ താൽപര്യത്തിന്റെ പേരിലായിരിക്കാം മുമ്പൊരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോപിച്ചത്. എന്നാൽ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് പരിശോധിച്ചാൽ മോഡി പറഞ്ഞതിൽ സത്യമില്ലെന്നു പറയാനാകില്ല. അട്ടപ്പാടിയിൽ പോഷകാഹാരമില്ലാത്തതിനെ തുടർന്ന്് വർഷം തോറും മരിക്കുന്ന നവജാത ആദിവാസി ശിശുക്കളുടെ കണക്ക് ഇന്ത്യയിലെവിടേയുമില്ല എന്നതാണ് വസ്തുത.
സ്വന്തമായി ഭൂമിയും സംസ്കാരവും കൃഷിയും ഭാഷയുമാക്കെയുണ്ടായിരുന്ന, സ്വന്തം കാലിൽ നിന്നിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കാൻ ഈ ശിശുമരണങ്ങൾ മാത്രം മതി. ആയിരത്തിയെണ്ണൂ റുകളുടെ പകുതിയോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റെയിൽവേ സ്ലീപ്പറുകൾക്കായി ഇവിടത്തെ വൻമരങ്ങൾ പറിച്ചെടുക്കാനാരംഭിച്ചതാണ് ഇവരുടെ ദുരിതങ്ങൾക്ക് തുടക്കമിട്ടത്. അതിപ്പോഴും തുടരുന്നു. പിന്നെ ഇവിടേക്ക് കുടിയേറ്റമാരംഭിച്ചു. അതോടെ ഭവാനി പുഴയുടെ താഴ്വരകളിൽ തങ്ങളുടേതായ രീതിയിൽ കൃഷിചെയ്തു ജീവിച്ചിരുന്നവർക്ക് മലകയറേണ്ടിവന്നു. 1951ൽ 90.26% ആദിവാസികളായിരുന്ന അട്ടപ്പാടിയിൽ 2001 ആകുമ്പോഴേക്കും 42% മാത്രമായി കുറഞ്ഞു. പിന്നീട്ത് വീണ്ടും കുറഞ്ഞിട്ടുണ്ടെന്നുറപ്പ്.
പ്രശ്നങ്ങൾ അതിരൂക്ഷമായതിനെ തുടർന്ന് 1970ൽ സംസ്ഥാന ആസൂത്രണ കമ്മീഷൻ അട്ടപ്പാടിയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജല സേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹിൽസ് ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റി (അഹാഡ്സ്) തുടങ്ങി നിരവധി പദ്ധതികൾ പതുക്കെ പതുക്കെ ആരംഭിച്ചു. തുടർന്നുള്ള കാലത്തൊന്നും പദ്ധതികൾക്ക് ഒരു കുറവുമില്ല.
ആരോഗ്യമേഖലയിലെ കണക്കുകൾ വായിച്ചാൽ അത്ഭുതപ്പെടും. എന്തു ഗുണം? ആദിവാസി ശിശുമരണ നിരക്കിലെ വർദ്ധന കണ്ട് ഐക്യരാഷ്ട്രസംഘടനയും സന്നദ്ധസംഘടനകളും അട്ടപ്പാടിയിലേക്ക് പഠനസംഘങ്ങളെ അയച്ചു.
ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂർ പഞ്ചായത്തി ലെ പാടവയൽ, മുള്ളി, പാലൂർ എന്നീ ഊരുകളിലെ ജീവിതം അതീവ ഗുരുതരമാണെന്ന് പല പഠന റിപ്പോർട്ടുകളും പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്രമന്ത്രിമാരും പലതവണ സ്ഥലത്തെത്തി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 50 ശതമാനത്തിലധികം പേർക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തി.
ആദ്യകാലത്തെ ശിശുമരണകണക്കുകൾ ലഭ്യമല്ലെങ്കിലും 2001ൽ 50ൽ പരം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. 2004 മുതൽ 2008 വരെ മേഖലയിൽ 84ഉം 2008 മുതൽ 2011 വരെ 56ഉം ശിശുമരണങ്ങൾ നടന്നതായി രേഖകളുണ്ട്. ഗർഭിണികളുടെ പോഷകാഹാരക്കുറവ്, ഗർഭശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടർച്ചയായുള്ള പ്രസവം, ജനനവൈകല്യങ്ങൾ, അണുബാധ, പ്രതിരോധശേഷിയില്ലായ്മ എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങൾ.
അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളുടെ ചർച്ചയിൽ എപ്പോഴും ഉയർന്നു വരുന്ന പേരാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടേത്.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ഏറ്റവുമധികം പ്രകീർത്തിക്കപ്പെട്ട ഒന്നായിരുന്നു ഈ ആശുപത്രിയും അതിനു നേതൃത്വം നൽകിയിരുന്ന ഡോക്ടർ പ്രഭുദാസും. എന്നാൽ അതെല്ലാം കേവലം പ്രചരണങ്ങൾ മാത്രമായിരുന്നു എന്നധികം താമസിയാതെ ബോധ്യമായി. പൊതുവിൽ നാട്ടുകാർക്ക് സ്വീകാര്യനായിരുന്ന പ്രഭുദാസ് സർക്കാരിനു ശത്രുവായി. സത്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ ആശുപത്രിയിൽ പ്രധാനമായും നടക്കുന്നത് മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുക എന്നതാണ്. അതാകട്ടെ പ്രധാനമായി സി.പി.എം നിയന്ത്രണത്തിലുള്ള പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക്. കോട്ടത്തറ ആശുപത്രിയുടെ വികസനത്തിനായുള്ള ഫണ്ട് അങ്ങോട്ടുനൽകുകയും ചെയ്യുന്നു. ഫലത്തിൽ ചികിത്സക്കായി ഇത്രയും കിലോമീറ്റർ വരേണ്ട ഗതികേടിലാണ് ആദിവാസികൾ.
കോട്ടത്തറ ആശുപത്രിയിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് അന്വേഷണസംഘം സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. റഫർ ചെയ്യുന്ന പരിപാടി അവസാനിപ്പിക്കുക, സീനിയർ ഡോക്ടർമാരേയും ഗൈനക്കോളജിസ്റ്റിനേയും പിഡിയാട്രീഷനേയും റേഡിയോളസ്റ്റിനേയും ടെക്നിഷ്യൻമാരേയും നിയമിക്കുക, ഇരുപത്തിനാലുമണിക്കൂറും സേവനവും ഐസിയുവും ലഭ്യമാക്കുക, ബ്ലഡ് ബാങ്ക് ആരംഭിക്കുക തുടങ്ങിയവയാണതിൽ പ്രാധാനം. കൂടാതെ സാമൂഹ്യ അടുക്കള സജീവമാക്കുക, അതിൽ ആദിവാസി പ്രതിനിധികളുടെ നിയന്ത്രണം ഉറപ്പാക്കുക, എല്ലാ ഊരുകളിലും ശുദ്ധജലം ഉറപ്പാക്കുക, കൃഷിത്തോട്ടങ്ങൾ ഉണ്ടാക്കുക, ഗർഭിണികൾക്കും കുട്ടികൾക്കും പാൽ, മുട്ട, മാംസം, പഴങ്ങൾ എന്നിവ ഉറപ്പാക്കുക, ഊരുകളിൽ ആരോഗ്യപ്രവർത്തകുടെ സന്ദർശനവും ക്ലാസുകളും സംഘടിപ്പിക്കുക, കമ്യൂണിറ്റി ഹെൽത്ത് സെന്ററും പ്രൈമറി ഹെൽത്ത് സെന്ററുകളും മൊബൈൽ യൂണിറ്റുകളും സജീവമാക്കുക, പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് പൂർണ്ണ പ്രവർത്തന സജ്ജമാക്കി, ഒരു ബ്ലോക്ക് ആദിവാസികൾക്കായി മാറ്റിവെക്കുക എന്നിങ്ങനെുപോകുന്നു മറ്റു നിർദ്ദേശങ്ങൾ. തീർച്ചയായും ആരോഗ്യമേഖലയിൽ കുറെ കാര്യങ്ങൾ ചെയ്താൽ പരിഹരിക്കപ്പെടുന്നതല്ല അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ. ഫലത്തിൽ അവിടെ നടക്കുന്നത് വംശഹത്യ തന്നെയാണ്.
അതവസാനിപ്പിക്കാൻ സമസ്ത മേഖലകളിലും പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നത്.






