അൺപാർലമെന്ററി പദപ്രയോഗങ്ങൾ നടത്തിയാൽ അതിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനമെടുക്കാനുള്ള അധികാരം സഭാധ്യക്ഷനായ സ്പീക്കർക്കാണ്. സഭ രേഖകളിൽ നിന്ന് ഈ വാക്കുകൾ ഒഴിവാക്കാനും തുടർച്ചയായി ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്പീക്കർക്ക് സ്വീകരിക്കാനുമാകും. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനായി പാർലമെന്റിൽ വാക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ തെറ്റുകൾ തിരുത്തി രാജ്യത്തെ മുന്നോട്ട് നയിക്കാനുതകുന്ന ആരോഗ്യകരമായ സംവാദങ്ങളാണ് ചോർന്നു പോകുന്നത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഇന്ത്യൻ പാർലമെന്റ്. ഭരണഘടന പ്രകാരം രാജ്യത്തെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുന്ന സഭയായ ലോക്സഭയും ഘടക സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യസഭയും ഉൾപ്പെട്ട പാർലമെന്റ് നിയമ നിർമാണ സഭയാണ്. ജനാധിപത്യത്തിന്റെ ശബ്ദങ്ങൾ അത്യുച്ചത്തിൽ മുഴങ്ങിക്കേൾക്കേണ്ട ഇടമാണത്. ജനാധിപത്യത്തിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലൂടെ അവിടെ പ്രകടമാകേണ്ടതാണ്. എന്നാൽ വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് എത്രത്തോളം പ്രകടമാകുന്നുണ്ടെന്നത് കാതലായ ചർച്ചക്ക് വിഷയമാക്കേണ്ട മറ്റൊരു കാര്യമാണ്.
ജനാധിപത്യം ആഘോഷിക്കപ്പെടുന്നതും അതോടൊപ്പം പലപ്പോഴും ചവിട്ടിയരക്കപ്പെടുന്നതും പാർലമെന്റിൽ നാം പതിവായി കണ്ടുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പൂർണമായും ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമാണ് എല്ലായ്പ്പോഴും പാർലമെന്റിലെ നടപടിക്രമങ്ങൾ എന്ന് പറയാനാകില്ല.
പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് ചില ചട്ടങ്ങളും നിയന്ത്രണങ്ങളുമൊക്കെയുണ്ട്. പാർലമെന്റ് രൂപപ്പെട്ട കാലം മുതൽ തന്നെ സ്വീകരിച്ചുവരുന്നതാണത്.
ഓരോ ജനപ്രതിനിധിയും പാർലമെന്റിൽ ഏത് വിധത്തിൽ പെരുമാറണമെന്നതിനെ സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങളുണ്ട്. അതിൽ ഒന്നാണ് പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത 'അൺപാർലമെന്ററി' ആയ വാക്കുകളുടെ ഉപയോഗം. ഒരു ജനപ്രതിനിധി പാർലമെന്റിൽ സംസാരിക്കുമ്പോൾ സഭ്യമായ പദപ്രയോഗങ്ങൾ മാത്രമേ നടത്താൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇത് ഇന്ത്യൻ പാർലമെന്റിന്റെ മാത്രം കാര്യമല്ല, ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ പരമോന്നത സഭയിൽ ഒഴിവാക്കേണ്ട വാക്കുകളെ നിർവചിച്ചിട്ടുണ്ട്. 1954 മുതൽ ഇന്ത്യൻ പാർലമെന്റും ഈ രീതി പിന്തുടരുന്നുണ്ട്.
അൺപാർലമെന്ററി ആയ വാക്കുകളുടെ ഒരു നിഘണ്ടു 2010 മുതൽ എല്ലാ വർഷവും ഇന്ത്യൻ പാർലമെന്റ് പുറത്തിറക്കാറുണ്ട്. ആ നിഘണ്ടുവിലേക്ക് ഇപ്പോൾ ചില പുതിയ വാക്കുകൾ കൂട്ടിച്ചേർക്കാൻ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത് വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വാഭാവികമായും ഭരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഇതെല്ലാം തീരുമാനിക്കപ്പെടുകയെന്നതിനാൽ നരേന്ദ്ര മോഡി സർക്കാർ തന്നെയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്.
അൺപാർലമെന്ററി ആയ വാക്കുകളെക്കുറിച്ച് പാർലമെന്റ് അംഗങ്ങൾ പോലും സാധാരണ ഗതിയിൽ ബോധവാൻമാരാകാറില്ല. അതുകൊണ്ട് തന്നെ ഇത്തരം വാക്കുകളുടെ നിയന്ത്രണം ഏത് വരെയാകാമെന്നതിനെക്കുറിച്ചൊന്നും കാര്യമായ ചർച്ചകൾ ഇന്ത്യൻ പാർലമെന്റിലോ പുറത്തോ നടക്കാറുമില്ല. എന്നാൽ കഴിഞ്ഞ ദിവസം നൂറിലേറെ വാക്കുകൾ കൂടി അൺപാർലമെന്ററി പട്ടികയിലേക്ക് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതോടെയാണ് പ്രതിനിധികളുടെ മിണ്ടാട്ടം മുട്ടിക്കുന്ന രീതിയിൽ എത്രയധികം ജനാധിപത്യ വിരുദ്ധമായാണ് പാർലമെന്റിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാകുന്നത്. ഒരു പാർലമെന്റ് അംഗത്തിന് പാർലമെന്റിൽ തന്റെ അഭിപ്രായ പ്രകടനങ്ങൾക്ക് കരുത്തു പകരാൻ ഉപയോഗിക്കേണ്ട വാക്കുകൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ അക്ഷരാർത്ഥത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്.
അസഭ്യ വാക്കുകൾ ഒഴികെ ഒരു ഇന്ത്യൻ പൗരൻ സാധാരണ നിലയിൽ ഉപയോഗിക്കുന്ന വാക്കുകൾ ഒരു വലിയ കൂട്ടം ജനങ്ങളുടെ പ്രതിനിധിയായ ഒരു പാർലമെന്റ് അംഗത്തിന് പാർലമെന്റിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് ഇവിടെ ജനാധിപത്യം പുലരുക. ഇവിടെ ഇല്ലാതായിപ്പോകുന്നത് ഭരണ വർഗത്തിന്റെ ചെവിയിൽ പതിക്കേണ്ട സാധാരണക്കാരന്റെ ശബ്ദമാണ്.
ഇവിടെ അൺപാർലമെന്ററി വാക്കുകളുടെ പേരിൽ ജനപ്രതിനിധി നിശ്ശബ്ദനാക്കപ്പെടുകയാണ് ചെയ്യുന്നത്. ഉപയോഗിക്കാൻ പാടില്ലെന്ന് പറയുന്ന വാക്കുകളിൽ വലിയൊരു ശതമാനവും രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവും മറ്റു തരത്തിലുള്ളതുമായ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാൻ ആവശ്യമായി വരുന്നവയാണ്. ആരെയെങ്കിലും അപമാനിക്കുന്നതോ അല്ലെങ്കിൽ സഭ്യതക്ക് നിരക്കാത്തതോ ആയ വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തുന്നതിനെ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. എന്നാൽ തങ്ങൾക്കെതിരെ ഒരു കാരണവശാലും വലിയ തോതിലുള്ള വിമർശനങ്ങൾ ഉണ്ടാകരുതെന്ന ബോധ്യത്തോടെ വിലക്ക് കൽപിക്കപ്പെടുന്ന വാക്കുകളുടെ എണ്ണം പുതുതായി എഴുതിച്ചേർത്തുകൊണ്ടിരിക്കുന്നുവെന്നതാണ് പ്രശ്നം.
ഇക്കാര്യത്തിൽ ഇപ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ മാത്രമല്ല കുറ്റക്കാർ. കാലങ്ങളായി ഇവിടെ ഭരണം നടത്തിയ സർക്കാരുകളും ഇതിന്റെ തുല്യ ഉത്തരവാദികളാണ്. എന്നാൽ ഇപ്പോഴത്തെ സർക്കാർ അൺപാർലമെന്ററി വാക്കുകളുടെ സാധ്യതകളെ തങ്ങളുടെ താൽപര്യങ്ങൾക്കായി പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്ന് മാത്രം. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുവാനുള്ള എറ്റവും വലിയ ആയുധമായി ഇതിനെ ഭരണകൂടം മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.
അൺപാർലമെന്ററി വാക്കുകളുടെ പേര് പറഞ്ഞ് ഒരു ജനപ്രതിനിധി എങ്ങനെയാണ് പാർലമെന്റിൽ നിശ്ശബ്ദനാക്കപ്പെടുന്നതെന്ന് നോക്കാം. പാർലമെന്റ് വിലക്കിയ എതാനും വാക്കുകൾ ഒന്ന് പരിശോധിക്കുമ്പോൾ തന്നെ ഗൗരവത്തോടെ കാണാതെ പോകുന്ന ഈ ജനാധിപത്യ അട്ടിമറിയെക്കുറിച്ച് മനസ്സിലാകും. മോഡി സർക്കാരറിന്റെ താൽപര്യാർത്ഥം കഴിഞ്ഞ ദിവസം പാർലമെന്റ് വിലക്കിയ ഇംഗ്ലീഷിലും ഹിന്ദിയിലുള്ളതുമായ നൂറിലേറെ വാക്കുകളിൽ ചിലതിന്റെ മലയാള പദം ഇങ്ങനെയാണ്. അഴിമതി, അഹങ്കാരം, അരാജകവാദി, അസത്യം, ദുരുപയോഗം, രക്തച്ചൊരിച്ചിൽ, ക്രിമിനൽ, മുതലക്കണ്ണീർ, കലാപം, കൊട്ടിഘോഷിക്കുക, എകാധിപതി, കൈയൂക്ക് രാഷ്ട്രീയം, ചാരവൃത്തി, നാടകം, അസംബന്ധം, രാജ്യദ്രോഹി, ഗുണ്ടകൾ, ഗുണ്ടായിസം, കാപട്യം, എകാധിപത്യം, വാചകക്കസർത്ത്, കരിഞ്ചന്ത, കരിദിനം, അവാസ്തവം, നാട്യക്കാരൻ, നുണ, വിശ്വാസ ഹത്യ, ലൈംഗികാക്രമണം, തട്ടിപ്പ്, കൊള്ളയടിക്കൽ, മുതലക്കണ്ണീർ, കള്ളക്കടത്ത് എന്നിങ്ങനെ പോകുന്നു വിലക്കപ്പെട്ട വാക്കുകൾ.
മനുഷ്യർ അവരുടെ പൊതുജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കുകൾക്കാണ് പാർലമെന്റ് വിലക്കേർപ്പെടുത്തിയത്. എതെങ്കിലും തരത്തിൽ മോശപ്പെട്ട പദപ്രയോഗങ്ങളല്ല ഇതൊന്നും. മാത്രമല്ല ഒരു വിഷയത്തിന്റെ കാഠിന്യം എറ്റവും അധികം പ്രതിഫലിപ്പിക്കുന്നതിന് അനുയോജ്യമായതാണ് പല വാക്കുകളും.
ജനാധിപത്യപരമായി എറ്റവും അധികം ചർച്ചകൾ നടക്കേണ്ട പാർലമെന്റിൽ ഈ വാക്കുകളൊന്നും തന്നെ ഉപയോഗിക്കരുതെന്ന് പറയുന്നത് ജനപ്രതിനിധികളുടെ വായ മൂടിക്കെട്ടുന്നതിന് തുല്യമാണ്. ഇതിലും നല്ലത് പാർലമെന്റിൽ ചർച്ചകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതാണ്.
അടുത്ത ദിവസം നടക്കാനിരിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് ഈ വാക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി വലിയ തോതിലുള്ള വിമർശനങ്ങളും എതിർപ്പുകളുമെല്ലാം സർക്കാരിനെതിരെ ഉയർന്നു വരുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും തികഞ്ഞ ബോധ്യമുണ്ട്.
അതിനെ പ്രതിരോധിക്കണമെങ്കിൽ ജനപ്രതിനിധികളെ നിശ്ശബ്ദരാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കണമെന്നും അവർക്കറിയാം. അതിന്റെ ഭാഗമായിത്തന്നെയാണ് എതിർപ്പുകൾക്ക് ശക്തി പകരുന്ന പദപ്രയോഗങ്ങളെ അൺപാർലമെന്ററി പദങ്ങളുടെ നിഘണ്ടുവിലേക്ക് കൂടുതലായി ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യത്തെ ചങ്ങലക്കിടാനും ചവിട്ടിയരക്കാനും എറ്റവും നല്ല പോംവഴിയായി ഇത്തരമൊരു ബുദ്ധി ഉപദേശിച്ചവരെ സ്തുതിക്കുക തന്നെ വേണം. ശരിക്കു പറഞ്ഞാൽ പാർലമെന്റിൽ ഉയരുന്ന എതിർശബ്ദങ്ങളെ വന്ധീകരിക്കുന്ന നടപടിയാണിത്.
അൺപാർലമെന്ററി പദപ്രയോഗങ്ങൾ നടത്തിയാൽ അതിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനമെടുക്കാനുള്ള അധികാരം സഭാധ്യക്ഷനായ സ്പീക്കർക്കാണ്. സഭ രേഖകളിൽ നിന്ന് ഈ വാക്കുകൾ ഒഴിവാക്കാനും തുടർച്ചയായി ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്പീക്കർക്ക് സ്വീകരിക്കാനുമാകും. എതിർശബ്ദങ്ങളെ ഇല്ലാതാക്കാനായി പാർലമെന്റിൽ വാക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ തെറ്റുകൾ തിരുത്തി രാജ്യത്തെ മുന്നോട്ട് നയിക്കാനുതകുന്ന ആരോഗ്യകരമായ സംവാദങ്ങളാണ് ചോർന്നു പോകുന്നത്. വാക്കുകൾക്കുള്ള വിലക്കുകൾ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ബാധകമാണെങ്കിലും ഇതിനെ പോർച്ചട്ടയായി എടുത്തണിയാനാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്.






