മോഡിയെ കലാപക്കേസില്‍ കുടുക്കാന്‍  അഹമ്മദ് പട്ടേലും ഗൂഡാലോചന നടത്തിയെന്ന് 

ഗാന്ധിനഗര്‍-  ഗുജറാത്ത് കലാപ കേസുകളില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ കുടുക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് പോലീസ്. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു. ടീസ്റ്റയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് പൊലീസിന്റെ വാദം.
ഗുജറാത്ത് കലാപക്കേസുകളില്‍ നിരപാധികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ടീസ്റ്റ അറസ്റ്റിലായത്. മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.  കലാപത്തിനു പിന്നാലെ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് പോലീസ് പറയുന്നു. ഗുഢാലോചനയുടെ ഭാഗമായതിന് ടീസ്റ്റയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്. സാമ്പത്തിക സഹായം ഉള്‍പ്പെടെയാണ് ഇതെന്ന് സത്യവാങ്മൂലം പറയുന്നു. 30 ലക്ഷം രൂപ അഹമ്മദ് പട്ടേലില്‍നിന്ന് ടീസ്റ്റയ്ക്കു ലഭിച്ചെന്ന്, ചില സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘം പറയുന്നു. അന്വേഷണ സംഘത്തിന്റെ വാദത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
 

Latest News