മനാമ - മുൻകൂട്ടിയുള്ള നടപടിക്രമങ്ങളൊന്നും കൂടാതെ ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡോ പാസ്‌പോർട്ടോ ഉപയോഗിച്ച് മുഴുവൻ അതിർത്തി പ്രവേശന കവാടങ്ങളും വഴി ബഹ്‌റൈനിൽ പ്രവേശിക്കാൻ അനുമതി. ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുള്ള അനുമതി പുനരാരംഭിച്ചതിന് അനുസൃതമായാണ് മുൻകൂട്ടിയുള്ള നടപടിക്രമങ്ങളൊന്നും കൂടാതെ തിരിച്ചറിയൽ കാർഡോ പാസ്‌പോർട്ടോ ഉപയോഗിച്ച് മുഴുവൻ അതിർത്തി പ്രവേശന കവാടങ്ങളും വഴി ബഹ്‌റൈനിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതെന്ന് ബഹ്‌റൈൻ നാഷണാലിറ്റി, ജവാസാത്ത്, ഇഖാമകാര്യ വിഭാഗം അറിയിച്ചു. ബഹ്‌റൈൻ പൗരന്മാർക്ക് മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഇതേപോലെ മുൻകൂട്ടിയുള്ള നടപടിക്രമങ്ങൾ കൂടാതെ പ്രവേശിക്കാൻ സാധിക്കുമെന്നും ബഹ്‌റൈൻ നാഷണാലിറ്റി, ജവാസാത്ത്, ഇഖാമകാര്യ വിഭാഗം പറഞ്ഞു.
ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗ രാജ്യങ്ങളിൽ പ്രവേശിക്കാൻ നേരത്തെ അനുമതിയുണ്ടായിരുന്നു. കൊറോണ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇത് താൽക്കാലികമായി നിർത്തിവെക്കുകയും പകരം ഗൾഫ് പൗരന്മാർക്ക് അംഗ രാജ്യങ്ങളിൽ പ്രവേശിക്കാൻ പാസ്‌പോർട്ട് നിർബന്ധമാക്കുകയുമായിരുന്നു.