ആറു വയസ്സുകാരനായ ആ പയ്യൻ എന്നും നടന്നു പോകുന്നത് പ്രശസ്ത സംഗീതജ്ഞനായിരുന്ന സോന്തി വെങ്കടരമണയ്യരുടെ വീടിനടുത്ത് കൂടിയായിരുന്നു. അപ്പോഴൊക്കെ ശിഷ്യർക്ക് ഗുരു പകർന്നു നൽകുന്ന പാഠങ്ങൾ ആ കുട്ടി സശ്രദ്ധം കേൾക്കുമായിരുന്നു.
ഒരു ദിവസം ഗുരു ചോദിച്ച ഇത്തിരി കടുപ്പമുള്ള ചോദ്യത്തിന് ഗുരുവിന് മുന്നിലിരിക്കുന്ന മുതിർന്ന കുട്ടികൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. അപ്പോൾ അത് വഴി കടന്നു പോയ ആ ബാലൻ സാഹചര്യം തിരിച്ചറിഞ്ഞ് ശരിയുത്തരം വിളിച്ച് പറഞ്ഞു. തന്റെ സംഗീത ക്ലാസിൽ ഒരിക്കൽ പോലുമിരുന്നിട്ടില്ലാത്ത ആ ബാലന്റെ പ്രതികരണം കേട്ട് ഗുരു വിസ്മയഭരിതനായി.
ആ കുട്ടിയിലെ അനന്യമായ സംഗീത വാസന തിരിച്ചറിഞ്ഞ അദ്ദേഹം അവനെ തന്റെ ശിഷ്യനാക്കി പരിശീലനം നൽകി. ആ ബാലൻ മറ്റാരുമായിരുന്നില്ല. പിൽക്കാലത്ത് കർണാടക സംഗീതത്തിലെ അതുല്യ പ്രതിഭാശാലിയായി പേരെടുത്ത ത്യാഗ രാജ സ്വാമികളായിരുന്നു അത്.
നാളുകൾ നീണ്ട പരിശീലനത്തിന് ശേഷം ആദ്യമായി ഗുരുവുമൊത്ത് പണ്ഡിത സഭയിലെത്തിയപ്പോൾ ത്യാഗരാജൻ തൽക്ഷണം രചിച്ച് ആലപിച്ച കീർത്തനമാണ് ബില ഹരി രാഗത്തിലെ 'ദൊരകുന ഇടുവണ്ടി സേവ' (കിട്ടുമോ ഇത് പോലൊരു ദർശനം). തന്റെ ഗുരുവിന്റെ മഹിമയെ ഉൾപുളകത്തോടെ പ്രശംസിച്ചും തനിക്ക് കൈവന്ന അസുലഭ സൗഭാഗ്യത്തെ ഹൃദ്യമായി പ്രകാശിപ്പിച്ചും കൊണ്ടാണ് ആ പ്രശസ്ത കൃതി വിരചിതമായത്.
ചിലർ കണ്ടുമുട്ടുമ്പോൾ അദ്ഭുതങ്ങൾ പീലി വിടർത്തുന്നു. ഇന്ത്യ ചരിത്രത്തിലും ലോക ചരിത്രത്തിലും പ്രതിഭാശാലികളുടെ ജീവിതങ്ങൾ പരിശോധിച്ചാൽ സമാനമായ ഒട്ടേറെ ആകസ്മിക കണ്ടുമുട്ടലുകൾ, കൂടിക്കാഴ്ചകൾ നമുക്ക് കണ്ടെടുക്കാനാവും.
മഹാ ഗുരുക്കളെ ശിഷ്യർ തേടുന്നത് പോലെ തന്നെ പ്രതിഭാശാലികളായ ശിഷ്യരെ അവരും തേടിക്കൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ രംഗത്തും കലാസാഹിത്യ ആധ്യാത്മിക കായിക മേഖലകളിലും തത്തുല്യമായ ഗുരു ശിഷ്യ ബന്ധങ്ങൾ ലോക പ്രശസ്തങ്ങളാണ്.
പതിനേഴാം വയസ്സിൽ തിരുവണ്ണാ മലയിലെത്തി പിന്നീടൊരിക്കൽ പോലും മലയിറങ്ങാതിരുന്ന രമണ മഹർഷിയെ കാണാൻ 1916 ൽ നാരായണ ഗുരു മല കയറിച്ചെന്ന ഒരു ചരിത്ര സന്ദർഭമുണ്ട്. പരസ്പരം കണ്ടുമുട്ടിയപ്പോൾ അവർ ഒന്നും ഉരിയാടിയില്ലെന്നും അവരുടെ കണ്ണുകൾ മാത്രം മൗനത്തിലൂടെ വാചാല വിനിമയം നടത്തിയെന്നതും അവിസ്മരണീയം തന്നെ. ആ നാളിൽ അവിടുത്തെ പൂന്തോട്ടത്തിൽ നിന്നും പൂവിറുക്കുന്ന ഒരു ബാലനെ ഗുരു കണ്ടുമുട്ടി. ആ കുട്ടിയുടെ ചേഷ്ടകളിൽ ആകൃഷ്ടനായ ഗുരു ആ കുട്ടി പിൽക്കാലത്ത് പ്രശസ്തനാവുമെന്നും അവനെ വിദ്യ ചെയ്യിപ്പിക്കണമെന്നും നിർദേശിച്ചു. ആ ബാലനായിരുന്നു പിന്നീട് കോവിലൂർ മഠാധിപതി ശ്രീ നടേശ സ്വാമി അടിഗൽ ആയി വളർന്നത്. ആ സന്ദർശനത്തിനിടയിൽ ഗുരു കുറിച്ച വരികളാണ് കിം നാമ ദേശ കാ ജാതി: എന്ന് തുടങ്ങുന്ന നിർവൃതി പഞ്ചകം. കേവലം അഞ്ച് സൂക്തങ്ങൾ അടങ്ങുന്ന ആ ലഘു രചന കുതുകികളായ മുഴുവാനാളുകളും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടത് തന്നെ.
താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന അത്യുൽക്കടമായ കൗതുകം നിറഞ്ഞു തുളുമ്പിയ അന്വേഷണത്തിൽ നിന്ന് തുടങ്ങി പിന്നീട് വളർന്ന് പന്തലിച്ച ഗുരു ശിഷ്യ ബന്ധത്തിന്റെ അനൽപമായ വിസ്മയങ്ങളുടെ കഥയാണ് ശ്രീരാമകൃഷ്ണ പരമഹംസരും ശിഷ്യനായ നരേൻ എന്ന ബാലന്റെയും ജീവിതം. ലോക പ്രശസ്തനായ സ്വാമി വിവേകാനന്ദനായിരുന്നു നരേൻ എന്ന ആ ബാലൻ. നരേന്ദ്രന്റെ കുറഞ്ഞ നാളത്തേക്കുള്ള അസാന്നിധ്യം പോലും ഒട്ടും താങ്ങാൻ കഴിയാത്ത വിധം അഭേദ്യമായ ആത്മീയമായ വാൽസല്യമായിരുന്നു ആ അനുപമ ശിഷ്യനോട് ആ ഗുരുവിനുണ്ടായിരുന്നത്.
ശാസ്ത്ര രംഗത്തെ അതികായനായ മൈക്കൽ ഫാരഡേയും ഹംഫ്രി ഡേവിയും, കായിക രംഗത്തെ മഹാപ്രതിഭയായ സച്ചിൻ ടെണ്ടുൽക്കറും രമാകാന്ത് അചിരേക്കറും ഗണിത ശാസ്ത്ര ലോകത്തെ അതികായനായ ജി.എച്ച്. ഹർഡിയും രാമാനുജനും ലോകമെമ്പാടും കൗതുകത്തോടെ ഇന്നും വായിച്ചു കൊണ്ടിരിക്കുന്ന ജലാലുദ്ദീൻ റൂമിയും ശംസ് അത്ത
ബ് രീസും ഇത്തരത്തിൽ അപൂർവ ഗുരു ശിഷ്യ ഗണത്തിലെ ഏതാനും ഉദാഹരണങ്ങൾ മാത്രം.
ഔപചാരികമായി ഗുരുമുഖത്തിരുന്ന് പഠിക്കാതെയും ഗുരുത്വം നേടിയവരുടെ കഥകളും ഏറെ പ്രശസ്തം തന്നെ. മഹാ ഭാരതത്തിലെ ഏകലവ്യന്റെയും ദ്രോണാചാര്യരുടെയും കഥ നമുക്കറിയാവുന്നതാണ്.
പ്രശസ്ത ഗുരു ശിഷ്യ ബന്ധമായ മൂസ, ഖിദ്‌റ് കൂട്ടുകെട്ടിന്റെ കഥ ഹൃദയാവർജകവും ചിന്തോദ്ദീപകവുമായ ശൈലിയിൽ പരിശുദ്ധ ഖുർആനിലെ അൽ കഹ്ഫ് എന്ന അധ്യായത്തിൽ വിവരിച്ചിട്ടുള്ളതും മന്യഷ്യ കുലത്തിന് ഒത്തിരി പാഠങ്ങൾ പകർന്നു നൽകുന്നതിന് വേണ്ടി തന്നെയാണ്. കേവലം അറിവ് പകരുന്നവരല്ല ഗുരുക്കളെന്നും അറിവിലുൾച്ചേർന്നിരിക്കുന്ന വെളിച്ചത്തിലേക്കാനയിക്കാൻ പ്രാപ്തരായിരിക്കുമവരെന്നും തിരിച്ചറിയപ്പെടണ്ടതുണ്ട്.






