സന്നദ്ധ പ്രവർത്തനങ്ങൾ ഒരു കൈത്താങ്ങാണ്, പ്രയാസപ്പെടുന്നവന് ആശ്വാസമാണ്. വഴി തെറ്റുന്നവന് മാർഗദീപമാണ്. ഹജ് സേവനങ്ങളുടെ റെക്കോർഡ് നേട്ടങ്ങളുമായി കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന്റെ ഹജ് സെൽ ബഹുദൂരം മുന്നോട്ട്...
മിനായിലെയും അറഫയിലെയും ചുട്ടുപൊള്ളുന്ന വെയിലിനു താഴെ ആശ്വാസത്തിന്റെ തെളിനീർ പരത്തി, അവരെ കൈപിടിച്ച് നടന്ന്, ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും പ്രാർത്ഥനാപൂർവം തിരിച്ചു നടക്കുകയും ചെയ്യുന്ന ഒരു സമസ്യയെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. അപരിചിതമായ സ്ഥലത്ത്, അനേകായിരം അപരിചിതർക്കിടയിൽ, ക്ഷീണിതമായ അവസ്ഥയിൽ ഒറ്റപ്പെടുന്ന അവസ്ഥയിൽ ഒരാൾ കൈപിടിച്ച് നടക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസമുണ്ടല്ലോ, അതാണ് മിനായുടെ ഭക്തിസാന്ദ്രമായ ആ ദിനരാത്രങ്ങളിൽ ഒരു പറ്റം മനുഷ്യ സ്‌നേഹികൾ നിർവഹിച്ചു പോന്നത്.
കോവിഡ് കാലത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ടു ഈവർഷത്തെ ഹജ് സമാധാനപരമായി പര്യവസാനിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നും എത്തിച്ചേർന്ന പത്തു ലക്ഷത്തോളം വരുന്ന ഹാജിമാർ ഹജിന്റെ ഭാഗമായ എല്ലാ കർമങ്ങളും പൂർത്തിയാക്കി മടങ്ങുകയോ മറ്റു സ്ഥലങ്ങളിലേക്ക് പോവുകയോ ചെയ്തിരിക്കുന്നു.
2022 ലെ ഹജ് സംബന്ധിച്ച് സൗദി ഹജ് മന്ത്രാലയം അന്തിമ തീരുമാനം പ്രഖ്യാപിച്ചത് മുതൽ സൗദി കെ.എം.സി.സി ഹജ് സെല്ലിന്റെ നേതൃത്വത്തിൽ ഹജ് സേവന പ്രവർത്തനങ്ങൾ പൂർവാധികം ഭംഗിയോടെ സംഘടിപ്പിക്കുവാനുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി സൗദി കെ.എം.സി.സിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഹജ് വേളകളിൽ വളണ്ടിയർമാരെ സംഘടിപ്പിച്ചുകൊണ്ടു വ്യവസ്ഥാപിതമായ സംവിധാനവുമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തെ ശൂന്യതയുടെ മനഃപ്രയാസങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഈ വർഷത്തെ ഹജ് കടന്നെത്തിയത്.
കോവിഡ് ഭീതി മാറിയെങ്കിലും വളണ്ടിയർമാരെ പൂർവ രൂപത്തിൽ രംഗത്തിറക്കാൻ കഴിയുമോ എന്ന ആശങ്ക തുടക്കം മുതൽ ദുൽഹജിന്റെ ആദ്യവാരം വരെ നിഴലിച്ചു നിന്നു. സേവനത്തിന്റെ സാധ്യതകൾ തേടി നേതാക്കൾ ഹജ് മിഷനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ഹജ് മിഷനുമായി ചേർന്ന് നടത്തിയ സേവന പ്രവർത്തനങ്ങൾ ഇന്ത്യൻ ഹാജിമാർക്ക് ഏറെ പ്രയോജനകരമായിരുന്നു എന്ന് നന്നായി ബോധ്യമുള്ള ബഹുമാനപ്പെട്ട ജിദ്ദ - ഇന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ അതിനു പരിശ്രമിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.
റമദാൻ പര്യവസാനിച്ചതു മുതലേ സൗദി കെ.എം.സി.സി ഹജ് സെല്ലിന്റെ കീഴിൽ വളണ്ടിയർമാർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. മിനായിലെ സേവന പ്രവർത്തനങ്ങൾക്ക് അവസരമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെ തന്നെയാണ് രജിസ്‌ട്രേഷൻ സ്വീകരിച്ചത്. സാഹചര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഓരോ രജിസ്ട്രേഷനും സ്വീകരിച്ചത്. ഹജ് മന്ത്രാലയത്തിന്റെ അനുവാദത്തോടെ നിശ്ചിത സംഖ്യ ആളുകളെ മിനായിൽ എത്തിക്കാമെന്ന സന്ദേശം വന്നതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറമാണ് വിവിധ സംഘടനകളെ ഏകോപിപ്പിച്ചത്.
നേരത്തെ തന്നെ വളണ്ടിയർമാർക്ക് വേണ്ട പരിശീലനവും നിർദേശങ്ങളും സൗദി ഹജ് സെല്ലിന്റെ കീഴിൽ നടന്നിരുന്നു. ജൂലൈ 8 ന് ജിദ്ദയിലെ ഹരാസാത്തിൽ നടന്ന ജിദ്ദ കെ.എം.സി.സിയുടെ വളണ്ടിയർ സംഗമം ശ്രദ്ധേയമായിരുന്നു. വളണ്ടിയർ മാർച്ച്പാസ്റ്റും പരിശീലന ക്‌ളാസുകളും അന്നേ ദിവസം നടന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വളണ്ടിയർമാരിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, അലി ശാക്കിർ മുണ്ടേരി, ബഷീർ ഫൈസി ദേശമംഗലം തുടങ്ങി പ്രഗത്ഭർ പങ്കെടുത്തു. ഓരോ തീർത്ഥാടകരെയും സ്വീകരിക്കുന്നത് മുതൽ അവരെ യാത്രയാക്കുന്നത് വരെ വിവിധ ഘട്ടങ്ങളായാണ് സൗദി കെ.എം.സി.സി ഹജ് സെൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
മിഷൻ മദീന
കഴിഞ്ഞ ജൂൺ 4 നു മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ആദ്യമായി ഇന്ത്യയിൽ നിന്നും പറന്നിറങ്ങിയ സൗദി എയർലൈൻസിന്റെ എസ്വി 5747 ജംബോ വിമാനത്തിലെ ഹാജിമാരെ സ്വീകരിക്കുകയും അവർ താമസ സ്ഥലത്തു എത്തിയ ശേഷമുള്ള കാര്യങ്ങൾക്ക് സഹായം അർപ്പിച്ചുകൊണ്ടുമാണ് കെ.എം.സി.സിയുടെ ആദ്യ മിഷൻ ആരംഭിക്കുന്നത്. റോസാപ്പൂക്കളും പാനീയങ്ങളും ഈത്തപ്പഴവും നൽകിക്കൊണ്ടാണ് കെ.എം.സി.സി ഹാജിമാരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. മദീന കെ.എം.സി.സിയുടെ കുട്ടികളും സ്ത്രീകളും അടക്കമുള്ള വളണ്ടിയർ വിങ് അവസാന വിമാനത്തിലെ ഹാജിമാരെയും സ്വീകരിക്കുന്നത് വരെ പ്രവർത്തനങ്ങൾ തുടർന്നു. കേരളത്തിൽ നിന്നുമെത്തിയ ഹാജിമാർ പൂർണമായും മദീനയിലാണ് എത്തിയത് എന്നത് ഈ വർഷത്തെ സവിശേഷതയാണ്.
മിഷൻ മക്ക
ഒരാഴ്ചയോളം മദീനനയിൽ തങ്ങിയ ശേഷം മക്കയിലേക്ക് പ്രവഹിച്ച ഹാജിമാരെ മക്ക കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും അവർക്കു വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. അവരുടെ താമസ സ്ഥലമായ അസീസിയ കേന്ദ്രീകരിച്ചുകൊണ്ട് പ്രത്യേക വളണ്ടിയർ സംഘം രാപ്പകലില്ലാതെ കർമനിരതരായിരിക്കുന്നു. അവസാന ഹാജിയെയും മക്കയിൽ നിന്നും തിരിച്ചയക്കുന്നതു വരെ ഈ പ്രവർത്തനങ്ങൾ തുടരും.
ടീം അറഫ
അറഫാ സംഗമത്തിനെത്തിയ ഹാജിമാർക്ക് സഹായമേകാൻ ഹജ് വളണ്ടിയർമാർ മക്ക കെ.എം.സി.സിയുടെ നേതൃത്വത്തിൽ സജ്ജമായിരുന്നു. ഹാജിമാർക്ക് വെള്ളം ലഘുഭക്ഷണങ്ങൾ എന്നിവ നൽകി.
മിഷൻ മിനാ
ഹജിന്റെ പ്രധാനപ്പെട്ട കർമ ഭൂമി ടെന്റുകളുടെ നഗരമായ മിനായാണ്. നേരത്തെ അറഫയിലേക്ക് ഒഴുകിയ ലക്ഷങ്ങൾ ആദ്യം മിനായിൽ രാപ്പാർത്ത ശേഷമാണ് അറഫയിലേക്കു പുറപ്പെട്ടത്. അറഫയിൽ നിന്നും മുസ്തലിഫയിലേക്ക് മടങ്ങിയ ഹാജിമാർ മിനായിലേക്ക് ഒഴുകുന്ന ദിവസമാണ് ആദ്യ കല്ലേറു കർമം. ഈ ദിവസമാണ് വളണ്ടിയർമാർക്ക് കൂടുതൽ ദൗത്യങ്ങൾ നിറവേറ്റാനുണ്ടാവുക. വഴി തെറ്റിയ ഹാജിമാർക്ക് ദിശ കാണിക്കുക എന്നത് ശ്രമകരമായതാണ്. അറഫയും മുസ്തലിഫയും കഴിഞ്ഞ് നടന്നു തളർന്നുകൊണ്ടാണ് അവർ മിനായിൽ എത്തുന്നത്. തളർന്നു വീഴുന്നവരെ ഉടനെ ഡിസ്‌പെൻസറിയിൽ എത്തിക്കുന്നു, ചിലരെ ഹോസ്പിറ്റലിലേക്കും.
നീണ്ടുനിൽക്കുന്ന നാല് ദിവസങ്ങളാണ് ഹാജിമാർ മിനായിൽ തമ്പടിക്കുന്നത്. കല്ലേറ് കർമങ്ങൾ, ഹജിന്റെ ത്വവാഫ്, തലമുണ്ഡനം അടക്കം വിവിധ ആവശ്യങ്ങൾക്ക് ഹാജിമാർ ടെന്റിനു പുറത്തിറങ്ങുമ്പോൾ ആവശ്യമായ സഹായങ്ങൾ നൽകുന്നു. നടക്കാൻ കഴിയാത്തവർക്ക് വീൽ ചെയർ സൗകര്യം ലഭ്യമാക്കി അവരെ ലക്ഷ്യസ്ഥാനത്തു എത്തിക്കുന്നു. മുഹറമില്ലാതെ ഹജ് നിർവഹിക്കാൻ എത്തിയ പ്രായമേറിയ വനിതകൾക്ക് അടക്കം ജംറകളിലേക്ക് പോകുവാൻ കെ.എം.സി.സി വീൽ ചെയർ സൗകര്യമൊരുക്കി.
മലയാളി ഹാജിമാർ യുവാക്കൾ അടക്കം ഭക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നത് കെ.എം.സി.സി ഒരുക്കുന്ന കഞ്ഞിയെയാണ്. മലയാളികൾക്ക് തിന്ന് പരിചയമില്ലാത്ത ചിലയിനങ്ങൾ തണുത്തു മോശമായ അവസ്ഥയിൽ കഴിക്കുക പ്രയാസകരമായിരിക്കേ വിവിധ ടെന്റുകളിൽ പാകം ചെയ്യുന്ന പൊടിയരിയുടെ കഞ്ഞിയും അച്ചാറും അവർക്ക് സമാശ്വാസമേകുന്നു. കഞ്ഞി പാചകം, വിതരണം എന്നിവക്കു വേണ്ടി പ്രത്യേകം വിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. മിനായിൽ നിന്ന് അവസാന ഹാജിയും മടങ്ങുന്നതു വരെ മിനായിലെ പ്രവർത്തങ്ങൾ തുടർന്നു.
അസീസിയ മിഷൻ
മിനാ വാസത്തിനു ശേഷം തങ്ങളുടെ പാർപ്പിടമായ അസീസി.യിലേക്ക് മടങ്ങുന്ന ഹാജിമാർ വഴിതെറ്റുക സ്വാഭാവികമാണ്. അത്തരത്തിലുള്ള ഹാജിമാർക്ക് വഴികാണിക്കാൻ അസീസിയയുടെ വിവിധ സ്ഥലങ്ങളിൽ വളണ്ടിയേഴ്‌സിനെ നിയോഗിച്ചുകൊണ്ടു ഹാജിമാരുടെ യാത്ര സുഖകരമാക്കുന്നു.
ഇനി വിടവാങ്ങലിന്റെ നാളുകളാണ്. ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) യുടെ വിളിക്ക് ഉത്തരം നൽകിക്കൊണ്ട് അല്ലാഹുവിന്റെ അതിഥികളായെത്തിയ ലക്ഷങ്ങൾ ഹജ് കർമമെന്ന ആത്മാഭിലാഷം പൂവണിഞ്ഞുകൊണ്ടാണ് അവസാന ത്വവാഫും നിർവഹിച്ചു കൊണ്ട് വിടവാങ്ങുക. ഹാജിമാരുടെ ആത്മസംതൃപ്തി കണ്ട ആവേശം ആവാഹിച്ചുകൊണ്ടാണ് ഓരോ വളണ്ടിയറും മിനാ വിടുന്നത്. അടുത്ത വർഷത്തേക്കുള്ള ഊർജം അപ്പോൾ തന്നെ കരഗതമാക്കിയ ആവേശം ഏവരിലും കാണാവുന്നതായിരുന്നു.
പ്രവാസ ലോകത്തെ എന്നല്ല, ലോകത്തെ ഏതൊരു സന്നദ്ധ സേവകനും വന്നുചേരാത്ത സൗഭാഗ്യമായാണ് ഈ സമസ്യയെ സൗദിയിലുള്ള ഈ പ്രവർത്തകർ കാണുന്നത്.
പ്രവാസ ലോകത്തെ വലിയ സന്നദ്ധ സംഘടന എന്ന നിലയിൽ കെ.എം.സി.സി വർഷങ്ങളായി ഈ ഉത്തരവാദിത്തത്തിനു മുന്നിൽ നിന്ന് നയിക്കുന്നു. അതുപോലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും പ്രവർത്തകർ രംഗത്തുണ്ട്. ഗോദയിൽ പരസ്പര സഹകരണത്തോടെ ഇവർ മുന്നോട്ട് പോകുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെയാണല്ലോ.
മദീനയിലും, മക്കയിലെ അസീസിയയിലും ഹറമിലും പിന്നെ ഹജ് കർമങ്ങളുടെ ദിവസങ്ങളിലുമുള്ള പ്രവർത്തനങ്ങളെ സംഘടിപ്പിച്ചു ഏകോപിപ്പിക്കുക ചെറുതല്ലാത്ത ദൗത്യമാണ്. അതിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച നേതാക്കളും പ്രവർത്തകരും പ്രവാസ ലോകത്തെ താരങ്ങൾ തന്നെയാണ്. മറ്റൊരു സമൂഹവും ചിന്തിക്കാത്ത മേഖലകളിൽ സേവനത്തിന്റെ പരിമളം പരത്തിയ വളണ്ടിയർമാരായ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.
( ലേഖകൻ, ജിദ്ദ കെ.എം.സി.സി സെക്രട്ടറിയും ഫോറം ഫോർ ഇന്നോവറ്റീവ് തോട്ട്സ് ജനറൽ സെക്രട്ടറിയുമാണ് )






