റിയാദ് - ജിസാനുനേരെ ഹൂത്തി മിലീഷ്യകള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. വ്യാഴാഴ്ച രാത്രി 8.20ന് യെമനിലെ സഇദയില്‍നിന്നാണ് മിസൈല്‍ അയച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഇല്ല.
അതിനിടെ ബാലിസ്റ്റിക് മിസൈല്‍ ഭീഷണി നേരിടാന്‍ സൗദി അറേബ്യക്ക് പിന്തുണ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിനു നേരെ ബുധനാഴ്ച വൈകിട്ടുണ്ടായ മിസൈല്‍ ആക്രമണത്തെ അമേരിക്ക അപലപിച്ചു. ഇറാന്‍ പിന്തുണയോടെയുള്ള ഇത്തരം ഭീഷണികള്‍ ചെറുക്കുന്നതിന് സൗദി അറേബ്യക്ക് അവകാശമുണ്ടെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയ വക്താവ് ഹീതര്‍ ആന്‍ നോര്‍റ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ യെമനില്‍ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന ഹൂത്തികളുടെ പ്രഖ്യാപനത്തില്‍ സംശയം ജനിപ്പിക്കുന്നതാണ്. യെമനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുഴുവന്‍ കക്ഷികളും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച റിയാദിനും ജിസാനും നജ്‌റാനും നേരെ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. മൂന്നു മിസൈലുകളും സൗദി സൈന്യം ആകാശത്തു വെച്ച് തകര്‍ത്തു. തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ചിതറിത്തെറിച്ചെങ്കിലും പരിക്കുകളോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബഹ എയര്‍പോര്‍ട്ടിലും ജിസാനിലും പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങളും ബുധനാഴ്ച സൗദി സൈന്യം തകര്‍ത്തിരുന്നു. രണ്ടു ഡ്രോണുകളും സൗദി സൈന്യം വെടിവെച്ചിട്ടുവെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.