ഒരു സ്ത്രീയെ പ്രണയിച്ചതിനായിരുന്നു  അറസ്റ്റ്- സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി- ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ സര്‍ക്കാരും പോലീസും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രണ്ട് മാസം മുമ്പാണ് നടി മഞ്ജുവാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയതിന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വിഷയത്തില്‍ ഫേസ്ബുക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
അറസ്റ്റിന് ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതുകൊണ്ടാണ് ഈ വിഷയത്തില്‍ സംസാരിക്കാന്‍ കഴിയാതെ പോയതെന്നും മാറ്റി നിറുത്തിയ കാലം തന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. സത്യം പുറത്തുവരട്ടെയെന്നും അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ സഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചുമായിരുന്നു എന്റെ അറസ്റ്റ്. സത്യം ഞാന്‍ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തില്‍ ആശങ്ക ഉയര്‍ത്തി എന്നെ അടച്ചാക്ഷേപിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവന്‍ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അത് നിയമത്തിന്റെ എല്ലാ തത്വങ്ങള്‍ക്കും എതിരായിരുന്നു. എന്നെ കുടുക്കാനോ എന്റെ ജീവന്‍ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു.
പക്ഷേ ഭാഗ്യവശാല്‍ എന്റെ ഫെയ്‌സ്ബുക്ക് ലൈവ് അവരുടെ പദ്ധതി തകര്‍ത്തു. അന്ന് അര്‍ദ്ധരാത്രി പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി. ഞാന്‍ മരണത്തെ ഭയപ്പെട്ടില്ല, ഉറച്ചു നിന്നു, അവസാനം അവര്‍ക്ക് എന്നെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു.
എന്റെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയും എന്റെ ഗൂഗിള്‍ അക്കൗണ്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്ത് സെറ്റിംഗ്‌സ് മാറ്റി എന്നെ പുറത്താക്കുകയും ചെയ്തു. (എന്റെ ഫോണുകള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ഞാന്‍ ഉന്നയിച്ച ആശങ്കകള്‍ കേട്ടിട്ട് എന്നെ മനോരോഗി എന്നാണ് വിലയിരുത്തുന്നത് ഞാന്‍ കേട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചാല്‍, കേരളത്തിലെ ഒരു മാഫിയയ്‌ക്കെതിരെയും അത് പോലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തിയ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയിലാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തി.
 

Latest News