സൗദിയില്‍ പത്ത് പ്രവിശ്യകളില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

റിയാദ്- ഒരു വര്‍ഷത്തിനിടെ സൗദിയിലെ പത്തു പ്രവിശ്യകളില്‍ സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്കുകള്‍ കുറഞ്ഞു. തബൂക്കിലും റിയാദിലുമാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവുമധികം കുറഞ്ഞത്. റിയാദില്‍ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറഞ്ഞു. സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ പ്രവിശ്യയാണ് റിയാദ്.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മക്ക പ്രവിശ്യയില്‍ 12.76 ശതമാനത്തില്‍ നിന്ന് 10.59 ശതമാനമായും കിഴക്കന്‍ പ്രവിശ്യയില്‍ 10.13 ശതമാനത്തില്‍ നിന്ന് 8.07 ശതമാനമായും ഹായിലില്‍ 12.05 ശതമാനത്തില്‍ നിന്ന് 11.88 ശതമാനമായും അല്‍ഖസീമില്‍ 12.76 ശതമാനത്തില്‍ നിന്ന് 11.06 ശതമാനമായും അല്‍ജൗഫ് പ്രവിശ്യയില്‍ 15.52 ശതമാനത്തില്‍ നിന്ന് 15.33 ശതമാനമായും അല്‍ബാഹയില്‍ 10.50 ശതമാനത്തില്‍ നിന്ന് 10.20 ശതമാനമായും ജിസാനില്‍ 13.44 ശതമാനത്തില്‍ നിന്ന് 12.26 ശതമാനമായും നജ്‌റാനില്‍ 9.42 ശതമാനത്തില്‍ നിന്ന് 9.08 ശതമാനമായും കുറഞ്ഞു.
മദീന, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യകളിലാണ് ഒരു വര്‍ഷത്തിനിടെ തൊഴിലില്ലായ്മ നിരക്കുകള്‍ ഉയര്‍ന്നത്. മദീനയില്‍ 13.17 ശതമാനത്തില്‍ നിന്ന് 13.61 ശതമാനമായും അസീറില്‍ 10.66 ശതമാനത്തില്‍ നിന്ന് 11.43 ശതമാനമായും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 8.38 ശതമാനത്തില്‍ നിന്ന് 11.54 ശതമാനമായുമാണ് തൊഴിലില്ലായ്മ നിരക്കുകള്‍ ഉയര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമായിരുന്നു. ആദ്യ പാദത്തിലെത് പതിമൂന്നു വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ്. ഇതിനു മുമ്പ് 2008 ല്‍ ആണ് തൊഴിലില്ലായ്മ നിരക്ക് ഇതിലും കുറഞ്ഞത്. അന്ന് തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമായിരുന്നു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2020 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു.
കോവിഡ് മഹാമാരി വ്യാപനത്തെ തുടര്‍ന്ന് 2020 രണ്ടാം പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നിരുന്നു. 2020 മൂന്നാം പാദത്തില്‍ ഇത് 14.9 ശതമാനമായും നാലാം പാദത്തില്‍ 12.6 ശതമാനമായും കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 11.7 ശതമാനമായും രണ്ടും മൂന്നും പാദങ്ങളില്‍ 11.3 ശതമാനമായും കുറഞ്ഞിരുന്നു.
ഈ കൊല്ലം ആദ്യ പാദത്തില്‍ സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വനിതകള്‍ക്കിടയിലെ തൊഴില്ലായ്മ നിരക്ക് 22.5 ശതമാനമായിരുന്നു. സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായും ആദ്യ പാദത്തില്‍ കുറഞ്ഞു.  

 

Latest News