ഒരു ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് തടയാൻ ടോറി പാർട്ടിയിലെ എതിരാളികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇന്ധന നികുതിയും വാറ്റും കുറയ്ക്കുമെന്ന് മോഹന വാഗ്ദാനങ്ങൾ ആണ് ഇവർ നൽകുന്നത്. എന്നാൽ കോവിഡും ബ്രെക്സിറ്റും നേരിട്ട ബ്രിട്ടന് ഇതെങ്ങനെ സാധിക്കുമെന്നതാണ് ചോദ്യം. ഇന്ത്യൻ വംശജനായ സുനാകിന്റെ വഴിമുടക്കാൻ 16 ഓളം എതിരാളികളാണ് രംഗത്തുള്ളത്. ബോറിസ് കാബിനറ്റിലെ നല്ലൊരു ശതമാനം നേതാക്കളും പ്രധാനമന്ത്രിയാകാൻ കൊതിച്ചിരിക്കുകയായിരുന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യമെന്നാണ് പോയ കാലത്തെ രേഖപ്പെടുത്തൽ. ഇപ്പോഴത്തെ കൊലകൊമ്പന്മാരായ അമേരിക്ക മുതൽ ലോകത്തിന്റെ പല ഭാഗങ്ങളും അടക്കിവാണ കൂട്ടരാണ് ഇംഗ്ലീഷുകാർ. കുടക് മലനിരകളിലെ സുഗന്ധ ദ്രവ്യങ്ങൾ തലശ്ശേരി തുറമുഖം വഴി ലോകത്ത്് എത്തിക്കാമെന്ന സാധ്യത മനസ്സിലാക്കിയവർ. ഷിക്കാഗോയിലെ സൂപ്പർ മാർക്കറ്റിലെ ഷെൽഫിൽ ടെലിച്ചെറി പെപ്പർ ഇപ്പോഴും മാന്യമായ സ്ഥാനം അലങ്കരിക്കുന്നു. വിശ്വപ്രസിദ്ധമായ നിലമ്പൂരിലെ തേക്കിന്റെ സാധ്യതയും ബ്രിട്ടീഷ് സായിപ്പ് മനസ്സിലാക്കിയിരുന്നു. അങ്ങനെയാണല്ലോ നിലമ്പൂരിനെ ഷൊർണൂരുമായി ബന്ധിപ്പിക്കുന്ന റെയിൽപാത ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കും മുമ്പ് യാഥാർഥ്യമായത്. ബ്രിട്ടീഷുകാർ പോയില്ലായിരുന്നുവെങ്കിൽ നമ്മുടെ നാട് ഇതിലും ഭേദമായേനേ എന്നു വിലപിക്കുന്ന നിരവധി പേരെ കാണാറുണ്ട്. രണ്ടാം ലോക മഹായുദ്ധമാണ് എല്ലാം മാറ്റിമറിച്ചത്. ബ്രിട്ടീഷുകാർക്ക് തലശ്ശേരി-മൈസൂർ റെയിൽവേ ഉൾപ്പെടെ എല്ലാ വികസന പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നു. അവർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ഇന്ത്യക്കാരായ പ്രവാസികൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. യു.കെയിലെ നഗരങ്ങളിൽ പുതിയ തലമുറയുടെ സാന്നിധ്യം ശക്തമാണ്. ഇന്ത്യക്കാരും പാക്കിസ്ഥാനികളും നിർണായക സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ബ്രിട്ടൻ. ഏറ്റവും ഒടുവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനനമന്ത്രിയാവുമോ എന്ന ചർച്ചയാണ് സജീവമാവുന്നത്.
രാജിവെച്ചൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പല കാര്യങ്ങളിലും മാതൃകയായിരുന്നു. കാമുകിക്കൊപ്പം ഹോളിഡേ ആഘോഷിക്കാൻ വിദൂര റിസോർട്ടിലേക്ക്് പറന്നത് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട്് ചെയ്തിരുന്നു. നികുതിപ്പണമെടുത്ത് അകമ്പടി വിമാനങ്ങളുമായല്ല അദ്ദേഹം യാത്ര തിരിച്ചത്. സാദാ വിമാനത്തിൽ ഇക്കോണമി ക്ലാസിൽ ടിക്കറ്റെടുത്തായിരുന്നു സഞ്ചാരം. പത്രസ്വാതന്ത്ര്യത്തിന് ഒരു പരിധിയുമില്ലാത്ത ബ്രിട്ടനിൽ ഈ വാർത്തയും ഏറെ ആഘോഷിക്കപ്പെട്ടു. ഏത് നല്ല മനുഷ്യനും കഷ്ടകാലം വരാൻ ഓരോ കാരണമുണ്ടാവുമല്ലോ. കോവിഡ് കാലത്തെ നിയന്ത്രണങ്ങളോർക്കാതെ പാർട്ടി നടത്തിയതാണ് ബോറിസിന് വിനയായത്.
കഴിഞ്ഞ വർഷം ബ്രിട്ടനിൽ കോവിഡ് വീണ്ടും ശക്തമായിരിക്കേ രാജ്യത്ത് ഉടനീളം ബോറിസ് ജോൺസൺ സർക്കാർ കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതേ വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തിയത് വിവാദമായി.
'പാർട്ടി ഗെയ്റ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ പാളയത്തിൽ പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോൺസനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. തുടർന്ന് പാർട്ടി നേതാവ് സ്ഥാനത്ത് ജോൺസൻ തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയിൽനിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതോടെയാണ് ജോൺസന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ രാജിവെച്ചിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്. മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കിന് തുടക്കമിട്ടത് ഇന്ത്യൻ വംശജനും പാക്കിസ്ഥാൻ വംശജനുമായ മന്ത്രിമാരുടെ രാജിയിലൂടെയാണ്. ജൂലൈ അഞ്ചിനാണ് ഇന്ത്യൻ വംശജനായ ധനമന്ത്രി റിഷി സുനക്കും ആരോഗ്യ മന്ത്രിയും പാക് വംശജനുമായ സാജിദ് ജാവേദും രാജി സമർപ്പിച്ചത്. ഇതോടെ ബോറിസ് മന്ത്രിസഭയുടെ അടിത്തറ ഇളകാൻ തുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം കോവിഡ് വിലക്കുകൾക്കിടെ 30 അതിഥികളെ മാത്രം സാക്ഷിയാക്കിയാണ് ബോറിസും കാമുകി കാരിയും ഹ്രസ്വമായ ചടങ്ങിൽ വിവാഹിതരായത്. ബോറിസിന്റെ മൂന്നാം വിവാഹത്തിൽ കാരിക്കൊപ്പം രണ്ട് കുട്ടികളുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരക്കായി പ്രചാരണം ചൂടുപിടിക്കവേ മുൻ ചാൻസലർ റിഷി സുനക് ഒരു മുഴം മുമ്പേ പ്രധാനമന്ത്രിയാകാനുള്ള നീക്കത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. 19 ടോറി എതിരാളികളെ കടത്തിവെട്ടാൻ രംഗത്തിറങ്ങിയ ആദ്യ വമ്പനാണ് സുനക്. ഇതുവരെയുള്ള മത്സരത്തിൽ ആധിപത്യം പുലർത്തുന്നത് നികുതിയുടെ വിഷയമാണ്, മിക്കവാറും എല്ലാ സ്ഥാനാർത്ഥികളും വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് നികുതികൾ വെട്ടിക്കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുൻ ചാൻസലർ സുനക് മാത്രമാണ് ഇതിൽ നിന്നും വിട്ടുനിൽക്കുന്നത്. കോവിഡിനും ബ്രക്സിറ്റിനും ശേഷം രാജ്യത്തിന്റെ സാമ്പത്തിക നില അത്ര സുഖകരമല്ലെന്ന് സുനക്കിന് വ്യക്തമായറിയാം. അനാവശ്യ വാഗ്ദാനങ്ങൾ നൽകി സുഖിപ്പിക്കരുതെന്ന് അദ്ദേഹം എതിരാളികളെ ഉപദേശിച്ചിട്ടുമുണ്ട്. അനാവശ്യ വാഗ്ദാനങ്ങൾ നൽകി ബ്രിട്ടനെ കടക്കെണിയിൽ ചാടിക്കരുതെന്ന് സുനക് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. രാജ്യത്തെ ഏകീകരിക്കുന്നതിൽ യത്നിക്കുമെന്ന് വാഗ്ദാനം ചെയ്താണ് സുനക് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 'റെഡി ഫോർ റിഷി' എന്നാണ് സുനക്കിന്റെ മുദ്രാവാക്യം. വാറ്റും ബിസിനസ് ടാക്സും വെട്ടിക്കുറയ്ക്കുമെന്ന് മറ്റു എതിരാളികൾ വാഗ്ദാനം ചെയ്യുമ്പോഴാണ് ഇത് രാജ്യത്തിന് ദോഷമാകുമെന്ന് മഹാമാരി കാലത്ത് രാജ്യത്തെ പിടിച്ചുനിർത്തിയ മുൻ ചാൻസലർ സ്വന്തം അനുഭവത്തിൽ നിന്നും വ്യക്തമാക്കുന്നത്.
ഒരു ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് തടയാൻ ടോറി പാർട്ടിയിലെ എതിരാളികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇന്ധന നികുതിയും വാറ്റും കുറയ്ക്കുമെന്ന മോഹന വാഗ്ദാനങ്ങൾ ആണ് ഇവർ നൽകുന്നത്. എന്നാൽ കോവിഡും ബ്രെക്സിറ്റും നേരിട്ട ബ്രിട്ടന് ഇതെങ്ങനെ സാധിക്കുമെന്നതാണ് ചോദ്യം. ഇന്ത്യൻ വംശജനായ സുനാക്കിന്റെ വഴിമുടക്കാൻ 16 ഓളം എതിരാളികളാണ് രംഗത്തുള്ളത്. ബോറിസ് കാബിനറ്റിലെ നല്ലൊരു ശതമാനം നേതാക്കളും പ്രധാനമന്ത്രിയാകാൻ കൊതിച്ചിരിക്കുകയായിരുന്നു.
സാജിദ് ജാവേദ്, പെന്നി മോർഡന്റ്, ലിസ് ട്രസ് എന്നിവരാണ് ഒടുവിലായി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പിച്ചത്. വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് ഇവർ രംഗത്തിറങ്ങുന്നത്. ഇന്ധന ഡ്യൂട്ടി കുറയ്ക്കാമെന്നാണ് പ്രധാന വാഗ്ദാനം. പ്രധാനമന്ത്രി പദത്തിലെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ ഇന്ധന ഡ്യൂട്ടി 10 പെൻസ് കുറയ്ക്കുമെന്ന് ജാവേദ് പറയുന്നു.
ഇന്ത്യൻ വംശജനായ റിഷി സുനക്കിനാണ് അടുത്ത പ്രധാനമന്ത്രിയാവാൻ ഏറ്റവും സാധ്യത. റിഷി പ്രധാനമന്ത്രിയായാൽ ബ്രിട്ടനിൽ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാവും. മികച്ചൊരു ബിസിനസ് കരിയർ അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ നിന്നാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇൻഫോസിസ് ഉടമ നാരായണ മൂർത്തിയുടെ മരുമകനാണ് റിഷി. കാലിഫോർണിയയിൽ വെച്ചാണ് ഭാര്യ അക്ഷതയെ കണ്ടുമുട്ടി ജീവിത പങ്കാളിയാക്കിയത്. അക്ഷത മൂർത്തിക്കെതിരെ പല തരം പ്രചാരണങ്ങൾ നടക്കുന്നു. ഇവരെന്തിനാണ് അമേരിക്കൻ പൗരത്വത്തിന്റെ സൂചകമായ ഗ്രീൻ കാർഡ് കൊണ്ടുനടക്കുന്നതെന്നതാണ് അവയിലൊന്ന്. അതായത് അത്തരമൊരാൾ എപ്പോൾ വേണമെങ്കിലും രാജ്യം വിടാൻ സാധ്യതയില്ലേ എന്ന ദുഃസൂചനയാണ് എതിരാളികൾ നൽകുന്നത്.
ഒരു ഡസൻ സാധ്യത പട്ടികയിൽ ബോറിസ് മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി ബെൻ വാലൻസ്, വ്യവസായ മന്ത്രി പെന്നി മോർഡന്റ്, ചാൻസലറായിരുന്ന റിഷി സുനാക് തുടങ്ങിയവരുടെ പേരുകളാണ് മുമ്പിൽ .ഏകദേശം 1,60,000 പാർട്ടി അംഗങ്ങൾ പോസ്റ്റൽ ബാലറ്റിൽ വിജയിയെ തെരഞ്ഞെടുക്കും. സെപ്റ്റംബർ 5 തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിക്കും
റിഷി സുനക്കിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി മാധ്യമ പ്രവർത്തകർക്ക് ചായയുമായി വന്ന വീഡിയോ വൈറലായിരുന്നു. ആദ്യം അക്ഷതയുടെ ലാളിത്യത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു നിരവധി പേർ രംഗത്തു വന്നത്. ബ്രിട്ടനിലെ ടാബ്ലോയിഡുകൾ ഏറ്റെടുത്തപ്പോൾ ഇതും വിവാദമായി. ചായക്കപ്പാണ് വിവാദത്തിന് കാരണഭൂതൻ.
അക്ഷത മൂർത്തി ചായക്കപ്പുകളുമായി നടന്നടുത്തുവരുന്നതാണ് വീഡിയോ. 'എമ്മ ലേസി' എന്ന ബ്രാൻഡിന്റെ ആയിരുന്നു. ഓരോ കപ്പിനും 38 പൗണ്ടാണ് വില. അതായത് 3624.53 രൂപ. ഇതു തന്നെയാണ് വിവാദത്തിന് കാരണമായത്. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്തൊരു ധൂർത്താണിതെന്നാണ് വിമർശനം.
38 പൗണ്ട് കൊണ്ട് ഒരു കുടുംബത്തിന് രണ്ട് ദിവസം ഭക്ഷണം കഴിക്കാമെന്ന്് ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തു. അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചെലവുമാണ് ബോറിസ് ജോൺസൺ മന്ത്രിസഭയുടെ ഏറ്റവും വലിയ പോരായ്മയായി ജനം കണ്ടിരുന്നത്. അതിനിടെയാണ് പുതിയ വിവാദം.






