ഒമാനില്‍ ശക്തമായ മഴ, പലേടത്തും അപകടം

മസ്‌കത്ത്- ഒമാനില്‍ ശക്തമായ മഴ ദുരിതം വിതക്കുന്നു. വാദിയിലും ബീച്ചുകളിലുമായി സ്വദേശികളും വിദേശികളുമുള്‍പ്പെടെ അഞ്ചു പേര്‍ മുങ്ങി മരിച്ചു. കുട്ടികള്‍ അടക്കം അപകടത്തില്‍ പെട്ട നിരവധി ആളുകളെ രക്ഷപ്പെടുത്തി. പത്തിലേറെപ്പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ ആറു കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു. ഒരു കുട്ടി മരിച്ചു. അഞ്ചു കുട്ടികളെ രക്ഷപ്പെടുത്തി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. മറ്റൊരു സംഭവത്തില്‍ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബീച്ചില്‍ ഒരു വിദേശി മുങ്ങി മരിച്ചു. സവാദി ബീച്ച് ഏരിയയിലാണു സംഭവം. മൂന്നുപേരായിരുന്നു ഇവിടെ അപകടത്തില്‍പ്പെട്ടത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദോഫാറിലെ വാദി ദര്‍ബാത്തില്‍ കാണാതായ ഒരാളുടെ മൃതദേഹവും കണ്ടെത്തി. താഖ  വിലായത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു കാണാതായിരുന്നത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തിലെ വാദി അഹിനില്‍ കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ജഅ്‌ലാന്‍ ബനീ ബൂ അലിയിലെ സുഖ് പ്രദേശത്തു നിന്നു രണ്ടുപേരെയും ജഅലാന്‍ ബനീ ബൂ ഹസനില്‍ നിന്ന് ഒരാളെയും വാദി ബനി ഖാലിദ്, വാദി അല്‍ വാശ എന്നിവിടങ്ങളില്‍ നിന്നായി മൂന്നു പേരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

 

Latest News