പത്തു വയസ്സുകാരനെ വിഴുങ്ങിയെന്ന് നാട്ടുകാര്‍, പോലീസെത്തി മുതലയെ രക്ഷപ്പെടുത്തി

ഷിയോപൂര്‍- മധ്യപ്രദേശില്‍ 10 വയസ്സായ ആണ്‍കുട്ടിയെ വിഴുങ്ങിയെന്നു അവകാശപ്പെട്ട് ആളുകള്‍ പിടികൂടിയ മുതലയെ പോലീസും വനംവകുപ്പും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലാണ് സംഭവം. നദിയില്‍ കുളിക്കുകയായിരുന്ന 10 വയസ്സുകാരനെ മുതല വിഴുങ്ങിയതാണെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. തുടര്‍ന്നാണ് ഗ്രാമവാസികള്‍ മുതലയെ വലയിട്ട് പിടികൂടിയത്. കുട്ടി വയറ്റില്‍ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചാണ് ഗ്രാമവാസികള്‍ വല ഉപയോഗിച്ച് മുതലയെ പിടികൂടിയതെന്ന്  ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസിന്റെയും വനംവകുപ്പിന്റെയും സംഘം എത്തിയാണ് മുതലയെ രക്ഷപ്പെടുത്തിയത്.

ജാതകം ചേരാത്തതിനെ തുടര്‍ന്ന്
വിവാഹം മുടങ്ങി; വിഷം കഴിച്ച യുവതി മരിച്ചു

കാസര്‍കോട്- ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു മല്ലിക. ഇരുവരുടെയും ജാതകം നോക്കിയപ്പോള്‍ യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്.

ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യു.എസ് വ്യോമാക്രമണത്തില്‍
ഐ.എസ് നേതാവ് കൊല്ലപ്പെട്ടു

ദമസ്‌കസ്- ഐ.എസിലെ അഞ്ച് പ്രമുഖ നേതാക്കളില്‍ ഒരാളും സിറിയയിലെ ഐ.എസ് നേതാവുമായ മഹര്‍ അല്‍ അഗല്‍ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു. മഹറുമായി അടുത്ത ബന്ധമുള്ള മറ്റൊരു മുതിര്‍ന്ന ഐഎസ്് നേതാവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.  സാധാരണക്കാര്‍ക്ക് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെന്ന് പ്രസ്താവനയില്‍ പറയുന്നു.

 

Latest News