ഭരണഘടന- ആക്രമണ ചലഞ്ച്!

കഷ്ടകാലം പിടിപെട്ടവൻ പുറത്തിറങ്ങുമ്പോൾ കല്ലുമഴ ചെയ്യുമെന്നൊരു ചൊല്ലുണ്ട്. ഇക്കാലത്ത് 'കല്ലുമഴ' പെയ്യിക്കാൻ വിദ്യാർഥി - യുവജന സംഘടനകൾ മതിയാകും. ഭാഗ്യവശാൽ, സജി ചെറിയാൻ ദില്ലിയിൽ മഴക്കാറു കണ്ടപ്പോഴേ രാജിവെച്ചു. 'നാവുപിഴ'യാണ് കാരണമെന്ന് പ്രത്യയശാസ്ത്ര വൈദ്യൻ എം.എ. ബേബി കണ്ടെത്തിയെങ്കിലും വിദഗ്ധ പരിശോധനയിൽ അംഗീകാരം ലഭിച്ചില്ല. 'നാവ് മഹാപിഴ'യാണെന്നും ഒന്നിലേറെ തവണ പിഴയ്ക്കാൻ പാടില്ലെന്നും ഒരു ഭരണഘടനയിലുമില്ല. പാഠപുസ്തകങ്ങളിൽ ചേർത്ത് കൊച്ചുകുട്ടികൾക്കു വരെ വിജ്ഞാനം പകരേണ്ടതാണ് വിഷയം. സജി ചെറിയാൻ സഖാവിന്റെ നാവിനും ചൊറിച്ചിലുണ്ടാകുന്നത് ആദ്യമായല്ല. ഒന്നാം 'പിണറായി സഭ'യ്ക്കു മുമ്പ് 2017 ൽ തെരഞ്ഞെടുപ്പു കാലത്ത് നാവ് ലേശം പിഴയാണെന്നു തെളിയിച്ചതാണ്. അമ്പത്തിയാറു വയസ്സായാൽ (സർക്കാർ ജീവനക്കാരെപ്പോലെ മത്സര രംഗത്തും അധികാരത്തിൽ നിന്നുമൊക്കെ ഒഴിയണമെന്ന് ആയിരുന്നു ആ വിശുദ്ധ തിരുവചനം. 'വനവാസം ആരോഗ്യത്തിന് പിന്നീട് ഉത്തമം' എന്നു പറഞ്ഞില്ല; പക്ഷേ പാർലമെന്ററി വ്യാമോഹം ബാധിച്ചവർ അപകടം മണത്തറിഞ്ഞു കാത്തിരുന്നു. മറ്റൊന്ന് തലസ്ഥാനത്തെ പേരൂർക്കടയിൽ ആൺ - പെൺ പാർട്ടി സഖാക്കൾ തമ്മിൽ പ്രേമിച്ചു, ഒളിച്ചോടി. പെൺകുട്ടികളുടെ മാതാപിതാക്കൾ പാരമ്പര്യമുള്ള സഖാക്കൾ. അവർക്കൊരു കൈത്താങ്ങ് കൊടുക്കാതെ സജി സഖാവ് അടങ്ങിയില്ല. രണ്ടു കുട്ടികളും ഒരു ഭാര്യയും ഉള്ള സഖാവു തന്നെ വരനായി വന്നാൽ കുടുംബ കാര്യങ്ങൾ പ്രത്യേകം പറഞ്ഞു പഠിപ്പിക്കേണ്ടതില്ല എന്ന യാഥാർഥ്യം ചെറിയാൻ സഖാവ് ഓർത്തില്ല. ഇനിയൊരു സേവന കഥ- മുളക്കുഴി ഗ്രാമത്തിൽ 'സിൽവർ ലൈനിന്റെ അലൈമെന്റിനെ' മന്ത്രി സഖാവ് ഇടപെട്ടു വളച്ചൊടിച്ചുവത്രേ! ബന്ധുജനങ്ങൾക്കു വേണ്ടിയായിരുന്നു. സ്വജനപക്ഷപാതം ഒരു കുറ്റമാണോ? അതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ഓരോ നേതാവും സ്വന്തക്കാർക്കു വേണ്ടി ഇത്തരം സേവനങ്ങൾ നടത്തിയിരുന്നുവെങ്കിൽ 140 എമ്മെല്ലേമാർ നിമിത്തം ഈ നാട് മൊത്തം നന്നായിപ്പോയേനേ! അടുത്തത്, 'റെയിൽവേക്ക് എന്തു ബഫർ സോൺ? എന്ന മന്ത്രിസഖാവിന്റെ ചോദ്യം സ്വർണ ഫ്രെയിമിട്ടു സൂക്ഷിക്കേണ്ട ഒരു മഹദ്‌വാക്യമാണ്. അക്കാര്യം പാർട്ടി അറിയാതെയല്ല. ബർമീസ് പട്ടാള അട്ടിമറിയെക്കുറിച്ച് റോയിട്ടേഴ്സ് ലേഖകനായിരുന്ന ശിവറാം അയച്ച ഒരു 'സ്‌കൂപ്' ന്യൂസ് ഇംഗ്ലണ്ടിലെ ഓഫീസിൽ ചില്ലിട്ടുവെച്ചിട്ടുണ്ട്. ഭാവിയിൽ കെ. റെയിലിന്റെ 'മഞ്ഞക്കുറ്റി' ഉറപ്പിക്കുന്നതിന് വളമായിത്തീരുമായിരുന്ന സജി ചെറിയാൻ സഖാവിന്റെ 'സ്‌കൂപ്' ആയ ആ മഹദ്‌വചനം. പക്ഷേ, പല 'പാർലമെന്റ് വ്യാമോഹി'കളുടെയും സീറ്റ് ഇല്ലാതാക്കിയ ഒന്നാം മഹദ്‌വചനം ആരും മറന്നിട്ടില്ല. മുറിവേറ്റ വന്യമൃഗത്തെപ്പോലെയാണ് പാർട്ടി സ്റ്റേറ്റും നാഷണലും (അവൈലബിൾ) പി.ബിയുമൊക്കെ. സമയം എത്തിയപ്പോൾ ആയുധം യെച്ചൂരി സഖാവിനെ ഏൽപിച്ചു. സംഘ്പരിവാരങ്ങൾ ഭരണഘടനയെ അട്ടിമറിച്ചും ചവിട്ടിത്തേച്ചും വെറുതെ മറികടന്നുമൊക്കെ പോകുന്ന കാലമാണ്. ഇപ്പോൾ സംഗതി രണ്ടു പേജ് പോലും വായിച്ചിട്ടില്ലെങ്കിലും (അല്ലെങ്കിൽ തന്നെ, ആരാ മുഴുവനും വായിച്ചിട്ടുള്ളത്?) ഏവരും ഒന്നടങ്കം ഭരണഘടനയ്ക്കു മുന്നിലോ പിന്നിലോ നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയം! അതിനിടയിൽ 'കുന്തം' 'കൊടച്ചക്രം' എന്നൊക്കെ ചെറിയാൻ പ്രസംഗിച്ചതോടെ, സഖാവ് പുസ്തകം വായിച്ചിട്ടില്ല എന്ന കാര്യം ഉറപ്പായി. സഖാവിന് ഒന്നു മാത്രം വ്യക്തമാണ്- അംബേദ്കർ എന്നൊരു ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തു, ആന്ധ്രയിലെ ഏതോ ഒരു നാടൻ അണ്ണാച്ചി അതു പകർത്തിയെഴുതി. പാർട്ടിക്ക് ഇപ്പോൾ കരണീയമായത് ഒന്നേയുള്ളൂ, സജി സഖാവിനെ എം.എ. ബേബി സഖാവിന്റെ ഇ.എം.എസ് സ്റ്റഡി സെന്ററിൽ ചേർത്തു പഠിപ്പിക്കുക. എട്ടാം ക്ലാസ് മുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരുന്ന സഖാവിന് പാഠപുസ്തകം വായിക്കാൻ പോലും സമയം തികഞ്ഞിരുന്നോ എന്ന കാര്യം സംശയാസ്പദം. കല്ലേറ് നിർത്തിയിട്ടല്ലേ ഭരണഘടന വായിക്കുവാൻ? പക്ഷേ, പെട്ടെന്നു മഴ വന്നെത്തുന്നതുപോലെ, ഭരണഘടന പ്രേമം പ്രത്യക്ഷപ്പെടുന്ന ലോലമനസ്സാണ് തന്റെ പാർട്ടിയുടേതെന്നു സഖാവ് തിരിച്ചറിയാതെ പോയി. അറംപറ്റുന്ന വാക്കുകൾ ഉച്ചരിച്ചുപോയി. അമ്പത്തിയാറു കഴിഞ്ഞാൽ പ്രത്യക്ഷ രാഷ്ട്രീയം വിടണമെന്ന വചനം ഏതു നേരത്താണോ ആവോ പുറത്തു വന്നത്? മന്ത്രിസ്ഥാനം ലോട്ടറിയടിക്കുന്നതു പോലെയാണ്. ഇനി കിട്ടുമോ എന്നു വല്ല നിശ്ചയവുമുണ്ടോ? എവ്‌ടെ! വയസ്സ് 57!
****             ****                             ****

ഉളളിയുടെ തൊലികളഞ്ഞു കളഞ്ഞു പോകുന്നതു പോലെ ഒരു പാഴ്‌വേലയാണ് കെ.പി.സി.സി.യുടെ ഫണ്ട് പിരിവിന്റെ കണക്ക് അന്വേഷണം എന്നറിയാത്തവർ ഈ ദുനിയാവിലില്ല. പാർട്ടിയുടെ 137 ാം പിറന്നാളിനു തുടങ്ങിയതാണ് '137 രൂപ ചലഞ്ച്' എന്ന പിരിവ്. അതിന്റെ ഗുണിതങ്ങളായി അങ്ങ് മേലറ്റം വരെയും സംഭാവന ആകാം എന്നൊരു സൗജന്യം സ്റ്റേറ്റ് മുതൽ വാർഡ് വരെയുള്ള സർവ നേതാക്കളെയും ആനന്ദസാഗരത്തിലേക്കു തള്ളിയിട്ടു. ആരും  നീന്തിക്കയറാൻ തുനിഞ്ഞതുമില്ല. കഴിഞ്ഞ ഡിസംബർ 28 ന് പിറന്നാൾ ആഘോഷത്തിനിടയ്ക്കാണ് സുധാകര ഗുരുക്കൾ ആ 'ചലഞ്ച്' തുടങ്ങിവെച്ചത്. മാർച്ച് 12 ആയിരുന്നു സമയ പരിധി. പിന്നീട്, ലോണെടുത്തവർ പണമടയ്ക്കാതെ മുങ്ങുന്നതുപോലെ, രസീതു ബുക്ക് സഹിതം നേതാക്കളെ കാണാതായപ്പോൾ പരിധി ഏപ്രിൽ 30 വരെ വലിച്ചു നീട്ടിക്കൊടുത്തു. പുരോഗതിയുടെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. പിരിക്കുന്നതല്ലാതെ, തുക ആർക്കെങ്കിലും കൊടുത്തോ,  ആപ്പീസിൽ അടച്ചോ ശീലമില്ലാത്ത പാർട്ടിയാണ് ( പലിശയ്ക്കു കൊടുക്കാൻ അശേഷം മടിയില്ലാത്തവരും.) ഓരോ ഖദർ ധാരിയും കോൺഗ്രസ് നേതാവാണ്; 'പ്രവർത്തകർ' എന്ന പദം ഇപ്പോൾ നിലവിലില്ല. അതു ഗാന്ധിജിയുടെ കാലം കഴിഞ്ഞു 'ഡിലീറ്റ്' ചെയ്തു. ഇപ്പോൾ ഒറ്റ പ്രശ്‌നമേയുള്ളൂ, സുധാകര ഗുരുവിനു പോലും വ്യക്തമായ കണക്കില്ല. പുതുപുത്തൻ 'ഡിജിറ്റൽ' സംവിധാനം വരെ ഏർപ്പെടുത്തിയതാണ്. പക്ഷേ സംഘടന കോൺഗ്രസായതുകൊണ്ട് സംഭാവനത്തുകകൾ കെ.പി.സി.സി അക്കൗണ്ടിലേക്കല്ല പോയതെന്നാണ് വിവരം. അന്തരിച്ച പല നേതാക്കളുടെയും പാതാള അക്കൗണ്ടുകളിലോ 'സ്വിസ്സ് ബാങ്കു'കളിലോ ചെന്നു പതിച്ചോ എന്നും സന്ദേഹിക്കാവുന്നതാണ്. എന്തു വന്നാലും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം മുതൽ സെമി കേഡർ അന്വേഷണം പോലും ആവശ്യമില്ലെന്നാണ് കെ.പി.സി.സി നിലപാട്. തങ്ങളിൽ പാപമില്ലാത്തവർ ആരുമില്ലല്ലോ. '137 രൂപ ചലഞ്ച്' എന്നു പേരിട്ട സമയവും ശരിയായിരുന്നില്ല. 'ചലഞ്ച്' എന്ന വാക്കിന്റെ അർഥം ഇത്ര അനർഥമുണ്ടാക്കുമെന്ന് ആരും കരുതിയില്ല. എന്തൊരു വല്ലാത്ത വെല്ലുവിളി!
***                   ***                              ****

കേരള ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒരു രാത്രിയാണ് ജൂൺ 30  രാത്രി 11.30 'സവിശേഷ'മെന്നാകാം. പക്ഷേ 'സുവർണ രാത്രി'യെന്ന് പാടില്ലതാനും. അങ്ങനെയായാൽ ചെമ്പ്, വെള്ളി, സ്വപ്‌ന തുടങ്ങിയ 'ക്ലീഷേ'കളും പൊന്തിവരും. എ.കെ.ജി സെന്റർ ആക്രമണം അങ്ങനെ 'പാരഡ പരിപാടി' ആകാൻ വിട്ടുകൊടുക്കില്ല. ഇരുപത്തിനാല് മണിക്കൂറും കണ്ണിൽ എണ്ണയൊഴിച്ച് കട്ടൻ ചായയും ബിരിയാണിയും മാത്രം കഴിച്ച് പ്രവർത്തകർ സംരക്ഷിച്ചുപോരുന്ന കേന്ദ്രമാണ്. പോലീസിന്റെ ബറ്റാലിയൻ, സി.സി.ടി.വികളുടെ നീണ്ടനിര, മുൻവശത്ത് നേതാക്കളുടെ സ്ഥിരം ക്വാർട്ടേഴ്‌സ്, യൂനിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ സഖാക്കളുടെ പ്രത്യേക സേവനം ഇത്യാദികളാൽ സമൃദ്ധമാണ് പ്രദേശം. പക്ഷേ ടി രാത്രിയുടെ തെളിഞ്ഞ വെളിച്ചത്തിൽ 'ബോംബെറിഞ്ഞ വിദ്വാനെ തപ്പിയെടുക്കുവാൻ കഴിഞ്ഞിട്ടില്ല. ആളൊരു സർവകലാവല്ലഭൻ തന്നെ. അങ്ങനെ വയ്യ. 'പട്ട'വും ചാർത്തിക്കൊടുക്കാമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയാൽ വലയിൽ വീഴാൻ ഇടയുണ്ട്. കാര്യം ആലോചിക്കുന്നുമുണ്ട്. രണ്ടായിരം വാഹനങ്ങളെ 'ഹാൾട്ടും അറ്റൻഷനും അടിപ്പിച്ചു നിർത്തി പരിശോധിച്ചപ്പോൾ ഒരു 'ക്ലൂ' കിട്ടി. ഗിയറില്ലാത്ത ബൈക്കിലാണ് വർഗശത്രു എത്തിയത്. കിട്ടിയ ക്ലൂവിനെ എടുത്തു ചോദ്യോത്തര വിദഗ്ധൻ ജി.എസ്. പ്രദീപിനെ ഏൽപിക്കാനും ശ്രമിച്ചു നോക്കി. കേട്ടപാടെ മൂപ്പരുടെ കംപ്യൂട്ടർ പണിമുടക്കി. മിന്നൽ പണിമിടക്കിന് നമ്മളാണല്ലോ എക്കാലവും മുന്നിൽ!
ബാറ്റ്മാൻ, സൂപ്പർമാൻ, സ്‌പൈഡർമാൻ വർഗത്തിൽ പെട്ടവനാണോ ശത്രുവെന്നും അന്വേഷിക്കുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ? യു.എസിലും മറ്റും അന്യഗ്രഹ ജീവികളും വാഹനങ്ങളും ഇടയ്ക്കിടെ ലാന്റ് ചെയ്യുന്ന വാർത്തകളുള്ളതിനാൽ അതിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. നാലു കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം എയർപോർട്ട്. ആക്രമിച്ചത് 'ഏറുപടക്കം' ഉപയോഗിച്ചാണെന്നു പറയുന്നവർ പാർട്ടിയുടെ ശത്രുക്കളും നോട്ടപ്പുള്ളികളുമാകാൻ ഇനി അധികകാലം വേണ്ടിവരില്ല. അവർ വയനാട്ടിൽ കൽപറ്റയിൽ കേട്ട മുദ്രവാക്യങ്ങൾ ഓർക്കുന്നതു നന്ന്. സമയം കിട്ടുമ്പോഴൊക്കെ യു.എസിലേക്കു പറക്കാറുള്ള മുഖ്യമന്ത്രി തന്നെ നേരിട്ടു 'നാസ'യിലെ ബഹിരാകാശ വിദഗ്ധരുടെ സഹായം തേടണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. കൺവീനർ പി.കെ. ജയരാജൻ സഖാവ് ആക്രമണം നടന്ന് മിനിറ്റുകൾക്കകം പ്രത്യക്ഷപ്പെട്ടതും പി.കെ. ശ്രീമതി സഖാവിന് രാത്രിയിൽ ഭൂമികുലുങ്ങുന്നതു പോലെ തോന്നിയതും പരിശോധിക്കണമെന്ന് പോലീസിൽ ഒരു വിഭാഗം കരുതുന്നു. പ്രാദേശികമായി അന്വേഷണച്ചുമതല ലഭിക്കാത്തതിനാൽ പോലീസിലെ പാർട്ടി ഫ്രാക്ഷനിലെ  'ദാസനും വിജയനും' അസംതൃപ്തരാണെന്നും അറിയുന്നു.

Latest News