ഇടുക്കി-കുഞ്ചിത്തണ്ണിക്ക് സമീപം നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ (24) ആണ് മരിച്ചത്. കേസില്‍ സുഹൃത്തുക്കളും ഇരുപതേക്കര്‍ സ്വദേശികളുമായ കളപ്പുരയില്‍ സാംജി(44), ജോമി(50), പോതമേട് സ്വദേശി മുത്തയ്യ(60) എന്നിവരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പോതമേട്- ഒറ്റമരം റോഡിലെ ഗോസ്റ്റ് ഹൗസിന് സമീപമുള്ള എറണാകുളം സ്വദേശിയുടെ ഏലക്കാട്ടില്‍ നിന്നാണ് 12 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 27 മുതലാണ് മഹേന്ദ്രനെ കാണാതായത്. 2ന് മഹേന്ദ്രന്റെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണവും നടത്തിയിരുന്നു. പിന്നീട് കസ്റ്റഡിയിലായ സാംജിയും തിരച്ചില്‍ നടത്തുന്നതിന് പോലീസിന്റെ കൂടെ ഉണ്ടായിരുന്നു. മഹേന്ദ്രനെ കാണാതായ അന്ന് സാംജിയും ജോമിയും മഹേന്ദ്രനും ഓട്ടോറിക്ഷയില്‍ ഒരുമിച്ച് വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
നാല്‍വര്‍ സംഘം ഒരുമിച്ച് നായാട്ടിന് ഉപ്പളക്ക് താഴ്ഭാഗത്ത് നായാട്ടിന് പോയി. പലസ്ഥലത്തായി നില്‍ക്കുമ്പോള്‍ മഹേന്ദ്രന്റെ കോട്ടിന്റെ ബട്ടന്‍സ് ടോര്‍ച്ച് വെളിച്ചത്തില്‍ തിളങ്ങി. കാട്ടുമൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പ്രതികളെ ഏതാനം ദിവസമായി പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണമറിയാന്‍ സാധിക്കുവെന്നും പോലീസ് പറഞ്ഞു. പിതാവ്: ഭാഗ്യരാജ്. മാതാവ്: ഭവാനി. സഹോദരങ്ങള്‍: പരേതനായ ബാലചന്ദ്രന്‍, സ്നേഹ






