ജാതി രാഷ്ട്രീയം പറഞ്ഞ അംബേദ്കർക്ക് തൊഴിലാളി വർഗ രാഷ്ട്രീയം മനസ്സിലാകില്ല എന്നും പലരും വിമർശിക്കാറുണ്ട്. എന്താണ് യാഥാർത്ഥ്യം? കേരളത്തിൽ നാം പലപ്പോഴും കേൾക്കുന്നതാണ് നവോത്ഥാന സമരങ്ങളെയെല്ലാം നയിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന വാദം. വാസ്തവത്തിൽ പ്രധാനപ്പെട്ട പല നവോത്ഥാന പോരാട്ടങ്ങളും അവസാനിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണം തന്നെ നടന്നത്. അതുപോലെ ഇന്ത്യൻ തൊഴിലാളി വർഗം നേടിയ പല സുപ്രധാന നേട്ടങ്ങളുടെയും അടിത്തറ പാകിയത് കമ്യൂണിസ്റ്റുകാരായിരുന്നില്ല, അംബേദ്കർ തന്നെയായിരുന്നു എന്നു ചരിത്രം പറയുന്നു.
ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെക്കാൻ നിർബന്ധിതനായതിനു പിറകെയാണ് അതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ജയ് ഭീം എന്ന മുദ്രാവാക്യത്തെ കളിയാക്കിക്കൊണ്ടുള്ള മുരളി പെരുന്നെല്ലിയുടെ പരാമർശം വന്നത്.
ഇന്ത്യയെമ്പാടും വ്യാപകമായി മുഴങ്ങുന്ന, സമീപകാലത്ത് കേരളത്തിലും മുഴങ്ങുന്ന ജയ് ഭീം എന്നത് ഉദ്ദേശിക്കുന്നത് പാലാരിവട്ടത്തെ തകർന്ന പാലത്തിന്റെ ബീമാണോ എന്നായിരുന്നു പെരുന്നെല്ലിയുടെ ചോദ്യം. ഭരണഘടനയെ അധിക്ഷേപിച്ചുള്ള സജി ചെറിയന്റെ പരമാർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ ജയ് ഭീം മുദ്രാവാക്യം വിളിച്ചതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. പതിവുപോലെ ഇരുകൂട്ടരെയും ന്യായീകരിക്കാനും നാക്കുപിഴ, ജാഗ്രതക്കുറവ് പോലുള്ള പ്രയോഗങ്ങളിൽ ഒതുക്കാനുമാണ് പാർട്ടിയുടെ അഖിലേന്ത്യ നേതാക്കൾ മുതൽ അണികൾ വരെ ശ്രമിച്ചത്.
കനത്ത സമ്മർദത്തെ തുടർന്ന് സജി ചെറിയാനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും അത്തരത്തിലുള്ള ന്യായീകരണം തുടരുകയാണ്. ആത്മാർത്ഥമായ ഒരു ഖേദപ്രകടനം ഇതുവരെയും ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. യെച്ചൂരിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മന്ത്രിയുടെ രാജിപോലുമുണ്ടാകുമായിരുന്നില്ല എന്നാണ് വാർത്ത. എസ്.എഫ്.ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ തന്നെ നാണക്കേടായ യെച്ചൂരിക്ക് ഇതും സമ്മതിച്ചുകൊടുക്കാൻ കഴിയുമായിരുന്നില്ല. അതുവഴി സ്വന്തം മുഖം നഷ്ടപ്പെടുമെന്നു ബോധ്യമായ അദ്ദേഹം ശക്തമായി ഇടപെട്ടുവെന്നു കരുതാം. സാധാരണ നിലയിൽ സംസ്ഥാന ഘടകത്തിന്റെ സമ്മർദത്തിനു മുന്നിൽ മുട്ടുകുത്താറുള്ള യെച്ചൂരി ഇത്തവണ അതിനു തയാറായില്ല. വൈകിയാണെങ്കിലും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും അതിനാലാണ് മന്ത്രി രാജിവെച്ചതെന്നും കോടിയേരിക്കു പറയേണ്ടിവന്നു. അതെന്തായാലും സ്വാഗതാർഹം തന്നെ.
ഡോക്ടർ അംബേദ്കറെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയെയും അധിക്ഷേപിക്കാൻ സി.പി.എം നേതാക്കൾ തയാറാകുന്നത് അവർ ന്യായീകരിക്കുന്ന പോലെ നാക്കുപിഴയോ ജാഗ്രതക്കുറവോ അല്ല, രാഷ്ട്രീയ നിലപാടു തന്നെയാണ്. കെ. വേണുവിനെ പോലുള്ളവർ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ള അക്കാര്യം ഈ സംഭവത്തോടെ കൂടുതൽ പേർ ഏറ്റുപറയാൻ തയാറായിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയും സി.പി.എം ഭരണഘടനയും എടുത്തു പരിശോധിച്ചാൽ അതിനുള്ള കാരണം ബോധ്യമാകും. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിപ്ലവ മുന്നണിപ്പടയാണ് പാർട്ടിയെന്നും തൊഴിലാളി വർഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്നതാണ് സി.പി.എം ഭരണഘടന.
അതംഗീകരിച്ചു പ്രവർത്തിക്കുന്നവർക്ക് പാർലമെന്ററി ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കാൻ കഴിയാത്തത് സ്വാഭാവികം മാത്രമാണ്. പാർട്ടി പ്രവർത്തകരുടെ യോഗങ്ങളിലും ക്ലാസുകളിലും നേതാക്കൾ ഇപ്പോഴും ആവർത്തിക്കുന്ന നിലപാട് അതു തന്നെയാണ്. സജി ചെറിയാന്റെ വിവാദ പ്രസംഗം ഉണ്ടായതും അത്തരം ഒരു യോഗത്തിലാണല്ലോ. സി.പി.ഐ ഇത്തരമൊരു നിലപാട് തിരുത്തിയെങ്കിലും സി.പി.എം ഇപ്പോഴും അതിനു തയാറായിട്ടില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.
ഓരോ രാജ്യത്തെയും സമൂർത്ത സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യാനാണ് മാർക്സിസം പഠിപ്പിക്കുന്നതെങ്കിലും അതിന് ഇന്ത്യയിലെ പാർട്ടി തയാറായില്ല എന്നതാണത്. തയാറായിരുന്നെങ്കിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജാതിവ്യവസ്ഥയും മനുസ്മൃതി മൂല്യങ്ങളുമാണെന്ന് തിരിച്ചറിയുമായിരുന്നു. എന്നാലതിനു പാർട്ടിക്കായില്ല. മാത്രമല്ല, ഈ വിഷയം അതിശക്തമായി ഉന്നയിച്ച അംബേദ്കറെ ബ്രിട്ടീഷ് ചാരനായി പോലും മുദ്രയടിച്ചു. അംബേദ്കർ ഭരണഘടന നിർമാണ സമിതിയിലെത്തുന്നതിനു കോൺഗ്രസിനെയും സംഘപരിവാറുകാരെയും പോലെ കമ്യൂണിസ്റ്റുകാരും സഹായിച്ചില്ല. അത് ചെയ്തത് മുസ്ലിം ലീഗായിരുന്നു. യൂറോപ്യൻ സാഹചര്യത്തിൽ മാർക്സ് വിഭാവനം ചെയ്ത വർഗ സമരത്തിലൂടെ ജാതിപ്രശ്നവും പരിഹരിക്കപ്പെടുമെന്ന യാന്ത്രിക നിലപാടായിരുന്നു പാർട്ടിയുടേത്.
അതിനാലാണ് അംബേദ്കർ അവരെ ബ്രാഹ്മിൺ ബോയ്സ് എന്നു വിളിച്ചത്. മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ സവർണ നേതൃത്വമുണ്ടായതും മറ്റൊരു പാർട്ടിക്കല്ലല്ലോ. എന്തുകൊണ്ട് പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതനില്ല എന്ന് ചോദിച്ചായിരുന്നു രോഹിത് വെമുല എസ്.എഫ്.ഐ വിട്ട് അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ പോയത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിലായിരുന്നല്ലോ ആദ്യമായി ഒരു ദളിതൻ ാേപളിറ്റ് ബ്യൂറോയിലെത്തിയത്. ജാതി സംവരണത്തെ തത്വത്തിൽ ഒരു കാലത്തും പാർട്ടി അംഗീകരിക്കാത്തതിനും കാരണം മറ്റൊന്നല്ല. ഇത്തരത്തിൽ അംബേദകറെയും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെയും ഒരിക്കലും അംഗീകരിക്കാത്തവരിൽ നിന്ന് ഭരണഘടന അവഹേളനവും ജയ് ഭീം മുദ്രാവാക്യത്തെ അവഹേളിക്കലും ഉണ്ടാകുന്നതിൽ ഒരദ്ഭുതവുമില്ല. അതൊരിക്കലും നാക്കുപിഴയോ ജാഗ്രതക്കുറവോ അല്ല.
മറ്റൊന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. മന്ത്രി പറഞ്ഞതിൽ കാമ്പുണ്ടെന്നു പലരും പറയുന്ന ഏക കാര്യം തൊഴിലാളികളോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിൽ ഭരണഘടന നിഷ്ക്രിയമാണ് എന്നതാണല്ലോ. ജാതി രാഷ്ട്രീയം പറഞ്ഞ അംബേദ്കർക്ക് തൊഴിലാളി വർഗ രാഷ്ട്രീയം മനസ്സിലാകില്ല എന്നും പലരും വിമർശിക്കാറുണ്ട്. എന്താണ് യാഥാർത്ഥ്യം? കേരളത്തിൽ നാം പലപ്പോഴും കേൾക്കുന്നതാണ് നവോത്ഥാന സമരങ്ങളെയെല്ലാം നയിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന വാദം. വാസ്തവത്തിൽ പ്രധാനപ്പെട്ട പല നവോത്ഥാന പോരാട്ടങ്ങളും അവസാനിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണം തന്നെ നടന്നത്. അതുപോലെ ഇന്ത്യൻ തൊഴിലാളി വർഗം നേടിയ പല സുപ്രധാന നേട്ടങ്ങളുടെയും അടിത്തറ പാകിയത് കമ്യൂണിസ്റ്റുകാരായിരുന്നില്ല, അംബേദ്കർ തന്നെയായിരുന്നു എന്നു ചരിത്രം പറയുന്നു. 1942 ലെ ലേബർ കോൺഫറൻസിൽ ഡോ. അംബേദ്കർ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ സമയം 12 മണിക്കൂറിൽ നിന്നും 8 മണിക്കൂറാക്കിയത്.
സ്ത്രീതൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങൾക്കും അടിത്തറയിട്ടത് മറ്റാരുമല്ല. മെൻ മെറ്റേണിറ്റി ബെനിഫിറ്റ് നിയമം, വിമെൻ ലേബർ ഫണ്ട്, വുമൺ ആൻഡ് ചൈൽഡ് ലേബർ പ്രൊട്ടക്ഷൻ നിയമം, സ്ത്രീ തൊഴിലാളികളുടെ മെറ്റേണിറ്റി ലീവ് ബെനിഫിറ്റ്, കൽക്കരി ഖനികളുടെ ഉൾഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്നതിൽ നിന്നും സ്ത്രീ തൊഴിലാളികളെ വിലക്കുന്ന നിയമം, തുല്യ ജോലിക്ക് തുല്യ വേതനം വ്യവസ്ഥ ചെയ്യുന്ന നിയമം തുടങ്ങിയവ ഉദാഹരണങ്ങൾ. ഇവയെല്ലാം ഉറപ്പു നൽകുന്ന വകുപ്പുകൾ ഭരണഘടനയിൽ അദ്ദേഹം ചേർക്കുകയും ചെയ്തു. എന്നിട്ടാണ് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ഭരണഘടന അദ്ദേഹം പകർത്തുകയായിരുന്നു എന്നും അത് തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്നതുമാണെന്ന് സജി ചെറിയാൻ പറയുന്നത്. അവയൊന്നും നടപ്പാക്കപ്പെടുന്നില്ലെങ്കിൽ കാരണം അംബേദ്കർ തന്നെ പറഞ്ഞപോലെ ഭരണാധികാരികളാണ് എന്നാണ് രാജിവെച്ച മന്ത്രിയും പെരുന്നല്ലിയെ പോലുള്ളവരും തിരിച്ചറിയേണ്ടത്.






