Sorry, you need to enable JavaScript to visit this website.

മകളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് പ്രവാസികള്‍, 13 വര്‍ഷത്തിന് ശേഷം അച്ഛനെ കണ്ടെത്തി

മനാമ- പതിമൂന്ന് വര്‍ഷം മുമ്പ്് ബഹ്‌റൈനിലേക്ക് വന്ന അച്ഛനെ കണ്ടെത്താനായി തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ അഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഫലവത്തായി. ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തകരും മലയാളികളും ഒത്തുചേര്‍ന്നപ്പോള്‍ അഞ്ജുവിന്റെ അച്ഛന്‍ ചന്ദ്രനെ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞു കണ്ടെത്തി. ഭാര്യയും മക്കളുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്.

13 വര്‍ഷം മുന്‍പ്, തനിക്ക് ആറു വയസ്സുള്ളപ്പോള്‍ നാടുവിട്ട പിതാവിനെ ഏതുവിധേനയും കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നാട്ടില്‍ തന്റെ അമ്മക്ക് ജോലിയൊന്നുമില്ലെന്നും തന്റെ ഫീസ് കൊടുക്കുവാന്‍പോലും നിവൃത്തിയില്ലെന്നും അഞ്ജു സൂചിപ്പിച്ചിരുന്നു. അഞ്ജുവിന്റെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ മലയാളികള്‍ ഏറ്റെടുത്തു. സാമൂഹിക പ്രവര്‍ത്തകരും മലയാളികളുമടങ്ങുന്ന നിരവധി ഗ്രൂപ്പുകളാണ് അഞ്ജുവിന്റെ പോസ്റ്റിനു പ്രചാരണം കൊടുത്തത്.

വിവരമറിഞ്ഞ ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തകരും തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ കെ. ചന്ദ്രനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രനെ കണ്ടെത്തിയത്. മുഹറഖ് സ്വദേശിയായ ശറഫുദ്ദിന്‍, ചന്ദ്രനെക്കുറിച്ചുള്ള ആദ്യ സൂചന നല്‍കിയപ്പോള്‍ തന്നെ സുധീര്‍ മുഹറഖിലുള്ള ചന്ദ്രന്റെ താമസസ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടിലുള്ള ഭാര്യയും മക്കളുമായി സംസാരിക്കാനുള്ള അവസരമൊരുക്കി കൊടുത്തു. എല്ലാവരും അതീവ സന്തോഷത്തിലാണ് സംസാരിച്ചതെന്ന് സുധീര്‍ പറഞ്ഞു.
2009 ഓഗസ്റ്റിലാണ് ചന്ദ്രന്‍ ബഹ്‌റൈനിലെത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ കാലാവധി തീര്‍ന്നു. പിന്നീട് പുതുക്കാനായില്ല. പാസ്‌പോര്‍ട്ടിന്റെ കാലാവധിയും കഴിഞ്ഞതോടെ നാട്ടില്‍ പോകാനുള്ള ആഗ്രഹമൊക്കെ മാറ്റിവെച്ചു. തുടര്‍ന്നു നിര്‍മാണരംഗത്തു ചെറിയ ജോലികള്‍ ചെയ്തു ജീവിതം തള്ളിനീക്കുകയായിരുന്നു.

 

Latest News