ഷിന്‍സോ ആബെ കരുത്തന്‍, കൊലക്ക് പിന്നിലെ പ്രേരണയെന്ത്?

കൊലയാളി യെമാഗമിയെ പോലീസ് കീഴടക്കുന്നു.

ടോക്കിയോ- ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ കൊലയാളിയെ ഈ കിരാതകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല.
തീവ്രദേശീയ ചിന്താഗതിയുള്ള ആളായിരുന്നു ആബെ. ദീര്‍ഘകാലം രാജ്യത്ത് അധികാരത്തിലിരുന്ന അദ്ദേഹം ജപ്പാന് ഭരണസ്ഥിരത നല്‍കുകയും സാമ്പത്തികശക്തിയാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ ആബെണോമിക്‌സ് എന്നാണ് വിളിച്ചിരുന്നത്.
കൊലയാളിയായ 41 കാരന്‍ യെമാഗമിയെ പോലീസ് അപ്പോള്‍ തന്നെ കീഴടക്കി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. താനാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. നാടന്‍ തോക്കുപയോഗിച്ചാണ് കൊലനടത്തിയത്. മുന്‍ നാവികസേന ജീവനക്കാരനാണ് കൊലയാളി. ഇയാളുടെ വസതി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ വേറെയും തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ആബെയെ കൊല്ലാന്‍ താന്‍ കുറച്ചുകാലമായി പദ്ധതി തയാറാക്കി വരികയാണ് എന്നാണ് ഘാതകന്‍ പോലീസിനോട് പറഞ്ഞത്. ചില സംഘടനകളുമായി ആബെക്കുള്ള ബന്ധത്തെക്കുറിച്ച അഭ്യൂഹങ്ങള്‍ താന്‍ വിശ്വസിച്ചുവെന്നും അതാണ് പ്രേരണയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഏതൊക്കെ സംഘടനകളാണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല.

 

Latest News