ഹജ്: ഉദാത്ത ബോധത്തിന്റെ ഉടലാർന്ന പാഠങ്ങൾ

അദൃശ്യമായ ചെറിയ ചെറിയ അറകളിൽ ഒതുങ്ങിക്കഴിയുന്നവരാണ് അധിക  മനുഷ്യരും.  പരസ്പരം അറിയാനും അറിയിക്കാനുമുള്ള അവസരങ്ങൾ വിനിയോഗിക്കാതെ നിരന്തരം അകലാനും അകറ്റാനും തുനിഞ്ഞിറങ്ങുന്നവരുടെ കെണിയിലും കെടുതിയിലും അകപ്പെട്ട് വീർപ്പുമുട്ടുന്നവരാണ്  ഇത്തരം അറവാസികളിൽ  അധികവും.  അത്തരക്കാരുടെ  എണ്ണം നാളുകൾ കഴിയുന്തോറും കൂടിക്കൂടി  വരികയാണ്.
വിവിധ ദേശ, ഭാഷ, വേഷ, ജാതി, മത  അറകളിൽ കാറ്റും വെളിച്ചവും കിട്ടാതെ വീർപ്പുമുട്ടുകയാണവർ. മുരടൻ കടുംപിടിത്തങ്ങളുടെയും ഊക്കൻ പിടിവാശികളുടെയും  ഇടുങ്ങിയ സമീപനങ്ങളുടെയും  സ്വാർത്ഥ  താൽപര്യങ്ങളുടെയും ചങ്ങലകളാൽ ബന്ധിതരാണവർ.
തന്റെ ദേശത്തിനപ്പുറത്ത് ദേശമുണ്ടെന്നത് അറിയാത്തവർ; ഭാഷക്ക് പുറമെ അനേക ഭാഷകളുണ്ടെന്ന് തിരിച്ചറിയാത്തവർ; ലോകത്ത് വിഭിന്ന വസ്ത്ര രീതിയുണ്ടെന്നും ഭക്ഷണ രീതികളുണ്ടെന്നും  അറിഞ്ഞിട്ടും ഉൾക്കൊള്ളാത്തവർ, ജാതീയവും മതപരവുമായ വൈവിധ്യങ്ങളെ ആദരിക്കാത്തവർ; അയവും വിട്ടുവീഴ്ചയും തൊട്ടുതീണ്ടാത്ത ഇവർ അവരവരുടെ  ഇരുണ്ട  അറകളിൽ അന്ധരും മൂകരും ബധിരരുമായി തുടരുകയാണെന്ന നിശ്ചയമില്ലാത്തവരാണ്.
ജനന മരണങ്ങൾ കൊണ്ട് അതിരിട്ടിരിക്കുന്ന ഈ തുഛ ജീവിത കാലയളവിൽ കേവലം വെറുപ്പും വിദ്വേഷവും മാത്രമാണ് അധിക നേരത്തും  ഇവർക്ക് കൈമുതലായുള്ളത്. അവർ വാഴുന്ന ഇടങ്ങളിൽആഹ്ലാദമോ ആനന്ദമോ കളിയാടാറില്ല. അവരുടെ മുഖത്ത് പുഞ്ചിരി അധികം  വിരിയാറുമില്ല. വാക്കുകളത്രയും മുന കുർത്തതുംനോക്കുകളത്രയും പരപീഡ ഉദ്ദേശിച്ചുള്ളതുമായിരിക്കും.വ്യക്തി, കുടുംബ തലങ്ങളിലും സാമൂഹ്യ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പല പിരിമുറുക്കങ്ങളുടെയും സംഘർഷങ്ങളുടെയും ഹേതു ഇത്തരം കുടുസ്സ് അറവാസികളാണെന്ന് കാണാവുന്നതാണ്. തുറന്ന മനസ്സുമായി ജീവിക്കുന്നവർ നിരന്തരം അന്വേഷിക്കുന്നവരും പഠിക്കുന്നവരും വിട്ടുവീഴ്ച മനോഭാവമുള്ളവരുമായിരിക്കും. കൃത്യമായ നിലപാടുകൾ ഉണ്ടായിരിക്കേ തന്നെ  അവരുടെ വിനയവും സൗമ്യതയും അവരുമായി ഇടപഴകുന്നവരിൽ മതിപ്പുളവാക്കും. അവർ മനുഷ്യ സഹജമായ അബദ്ധങ്ങൾ ചെയ്താൽ ഉടൻ ക്ഷമ ചോദിക്കാൻ മടിക്കാത്തവരും തിരുത്താൻ വിമുഖത കാട്ടാത്തവരുമാണെന്ന് കാണാം.
ആത്യന്തിക ഫലം തന്റെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനായിരിക്കണമെന്നതാണ് ഒരു പ്രശ്‌നത്തെ സമീപിക്കുമ്പോൾ  അടഞ്ഞ മനസ്സുള്ളവർ  ലക്ഷ്യമിടുന്നത്. അതിന് വേണ്ടി എത്ര ഊർജവും ഉറക്കും കളയാനവർ തയാറുമായിരിക്കും.
അന്യരുടെ കുറ്റങ്ങളിലും പോരായ്മകളിലും മാത്രം കണ്ണൂന്നുന്ന അവർ പൊതുവെ ദേഷ്യത്തെയും ഭീഷണിയെയും  മറയാക്കി താൽക്കാലിക ലാഭങ്ങൾ കൊയ്‌തെടുക്കുന്നവരുമായിരിക്കും.  ചുരുക്കത്തിൽ അവർ ശരിയായ കാര്യത്തിന്റെ തെറ്റായ ഭാഗത്ത് നിലയുറപ്പിച്ച് ഒടുവിൽ സ്വജീവിതം മാത്രമല്ല, കൂടെ ജീവിക്കുന്നവരുടെ ജീവിതത്തെ കൂടി സംഘർഷഭരിതവും അസ്വസ്ഥത പൂരിതവുമാക്കി തീർക്കുന്നത് കാണാം.
ചോദ്യങ്ങളെയും വിയോജിപ്പുകളെയും ഭയക്കുന്നവരാണ് അത്തരം അറവാസികൾ. മറ്റുള്ളവരുടെ വീക്ഷണ കോണുകളെ അറിയാനും മനസ്സിലാക്കാനും  വിസമ്മതിക്കുന്ന അത്തരക്കാർ മറ്റുള്ളവരുടെ സംസാരത്തെ നിഷ്‌കരുണം  തടയുന്നവരും അന്യരുടെ വാദങ്ങളെയും ആശയങ്ങളെയും പരിഹാര നിർദേശങ്ങളെയും പാടെ  തള്ളിക്കളയുന്നവരും പരിഹസിക്കുന്ന വരുമായിരിക്കും. തികഞ്ഞ അജ്ഞതയിലാണവർ എന്നവർക്കറിയില്ല.
വിശാലമായി ചിന്തിക്കുകയും തുറന്ന സമീപനങ്ങൾ സ്വീകരിക്കുന്നവരുമാകട്ടെ, രുചിയോടെ ഭക്ഷിക്കുന്നവരും  മനസ്സമാധാനത്തോടെ ഉറങ്ങാൻ കിടക്കുന്നവരുമായിരിക്കും. ഭാരരഹിതമായിരിക്കും അവരുടെ രാപ്പകലുകൾ. അവരുടെ നോട്ടം  താൽക്കാലിക ലാഭത്തിലോ  ജയത്തിലോ ആയിരിക്കില്ല. അവർ അന്യരെ കൂടുതൽ  കേൾക്കുന്നവരും അവരുടെ വീക്ഷണ കോണുകളെ പരിഹസിക്കാത്തവരും നിർദേശങ്ങളെ മാനിക്കുന്നവരും  സ്ഥായിയായ പ്രശ്‌ന പരിഹാരത്തിനും ശാന്തത കളിയാടുന്ന ജീവിതത്തിനും മുൻതൂക്കം നൽകുന്നവരുമായിരിക്കും. 
അവർ  പരമാവധി സൂക്ഷ്മത പുലർത്തുകയും  നീതി  പാലിക്കുകയും ചെയ്യുന്നവരുമായിരിക്കും.
വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ വിശുദ്ധ ഖുർആനിലെ അറകൾ എന്നർത്ഥം വരുന്ന  നാൽപത്തി ഒമ്പതാമത്തെ അധ്യായമായ അൽ ഹുജറാത്തിലെ  പതിമൂന്നാമത്തെ വാക്യം  അടഞ്ഞ മനസ്സുകളിലേക്ക്  വിതറുന്ന  വെളിച്ചം നിസ്സാരമല്ല.
'മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാണ്; തീർച്ച. അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.'
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഹജ് തീർത്ഥാടനത്തിനെത്തുന്നവർ ഹജ്് കഴിഞ്ഞ് മടങ്ങുമ്പോൾ അടുത്തറിഞ്ഞനുഭവിക്കുന്ന യാഥാർത്ഥ്യം തന്റെ ദേശ, ഭാഷ,   വേഷ ആകാര പ്രകൃതങ്ങൾക്കൊപ്പം തന്നെ വൈവിധ്യമാർന്ന അനേകം മനുഷ്യരുണ്ടെന്നും അവരുടെ കർമ ധർമങ്ങളിൽ അങ്ങിങ്ങായി   കാണുന്ന ചില വൈജാത്യങ്ങൾക്കതീതമായി അദ്ഭുതകരമായ സമാനതകളുണ്ടെന്നുമുള്ള തിരിച്ചറിവാണ്. അറഫ എന്ന പദത്തിനർത്ഥം തിരിച്ചറിവ് എന്നതാണെന്ന്  നാം വിസ്മരിക്കരുത്. സർവ ഭിന്നതകൾക്കുമതീതമായി മനുഷ്യ കുലത്തിന്റെ  വിസ്മയകരമായ സമാനതയെ കുറിച്ചുള്ള  തിരിച്ചറിവിന്റെ ഉള്ളറിഞ്ഞുള്ള ഏറ്റുപറച്ചിലും സകല സചേതനാ അചേതനങ്ങളുടെയും  ഉടയോനും സംരക്ഷകനുമായ സ്‌നേഹ സ്വരൂപനായ ജഗന്നിയന്താവിനുള്ള കീർത്തനങ്ങളും അവനോട് മാത്രമുള്ള  പ്രാർത്ഥനകളുമാണ്  ഹജ്.
പരസ്പരം വിട്ടുവീഴ്ചയോടെ,  വഴക്കും വക്കാണവുമില്ലാതെ തലങ്ങും വിലങ്ങുമാവാതെ, പരസ്പരം ഇടപഴകിക്കൊണ്ടുള്ളതാണ് നിരന്തരം ചലനാത്മകമായ  ഹജിലെ  കർമങ്ങളോരോന്നും. 
വിശ്വനാഥനായ ദൈവത്തെ വാഴ്ത്തുന്ന വിശ്വ സാഹോദര്യത്തിന്റെ അനുപമമായ പ്രഘോഷണമാണത്.  ആ ഉദാത്ത  ബോധ്യത്തിന്റെ ഉടലാർന്ന പാഠങ്ങളാണ് വിവേകിയായ ഓരോ ഹാജിക്കും ഹജ് പകർന്നേകുന്നത്.
 

Latest News