ജിദ്ദയെ ഇളക്കിമറിച്ച ഇശൽഫെസ്റ്റ്‌

ജിദ്ദയുടെ കലാചരിത്രത്തിൽ കൊത്തിവെക്കേണ്ട അധ്യായം. മൂവായിരത്തോളം പ്രേക്ഷകരുടെ മനസ്സിലേക്ക്് കലയുടെയും സംഗീതത്തിന്റെയും അവിസ്മരണീയ മുഹൂർത്തങ്ങൾ പെയ്തിറങ്ങിയ അഞ്ചര മണിക്കൂർ. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് ഓഡിറ്റോറിയം സഹൃദയരെക്കൊണ്ട്് തിങ്ങിനിറഞ്ഞു. അക്ഷരാർഥത്തിൽ പാട്ടിന്റെ പാലാഴി തീർക്കുകയായിരുന്നു, ബോളിവുഡിനെപ്പോലും വിസ്മയിപ്പിച്ച കൊച്ചുഗായിക യുംനാ അജിൻ. 
ഏറ്റവും ക്ലിഷ്ടമായ ഹിന്ദി പാട്ടുകൾ പോലും അനായാസം, അതിമധുരമായി ആലപിച്ചു യുംന. ഹിന്ദി-തമിഴ്-മലയാളം പാട്ടുകളുടെ പാരാവാരം തീർത്ത യുംനയോടൊപ്പം സദസ്സ് ഒന്നാകെ ആടിപ്പാടി. 
ഫാസിലാബാനുവിന്റെ മാപ്പിളപ്പാട്ടുകളും ശിഹാബ് ഷാന്റെ നൃത്തച്ചുവടുകളോടൊത്തുള്ള ഗാനാലാപനവും ജിദ്ദയിലെ സദസ്യർക്ക്്് പുത്തൻ അനുഭവമാണ് പകർന്നത്. 
ഇശൽ കലാവേദിയുടെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അബീർ ഇശൽഫെസ്റ്റ് - 2022 എന്ന പരിപാടിയാണ് സദസ്യരെയാകെ ഇളക്കിമറിച്ചത്. അൻഷിഫ്് അബൂബക്കറുടെ കൊറിയോഗ്രഫിയിൽ അറുപതോളം വിദ്യാർഥിനീവിദ്യാർഥികൾ ക്ലാസിക്കൽ - സെമിക്ലാസിക്കൽ - നാടൻ നൃത്തങ്ങളും ഫാസ്റ്റ് - ഫ്യൂഷൻ ഡാൻസുകളും കേമമാക്കിയതോടെ പാട്ടും ആട്ടവും കൈകോർത്ത അനുഭവമാണ് പ്രേക്ഷകരിൽ സൃഷ്ടിക്കപ്പെട്ടത്്. 
ബോളിവുഡിലെ താര രാജാക്കന്മാരും സംഗീതജ്ഞരുമെല്ലാം അനുഗ്രഹിച്ച, മമ്മൂട്ടിയെപ്പോലുള്ള തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ ആശീർവദിച്ച മലപ്പുറം ജില്ലയിൽ നിന്നുള്ള ഗായിക - സീടി.വിയുടെ റിയാലിറ്റിഷോയിലെ ഉദിക്കും താരമായ യുംന - തീർത്തും അനായാസമായാണ് ഹിന്ദിപാട്ടുകൾ ശ്രവണ സുന്ദരമായി ആലപിച്ചത്. 
ജനകീയമായ എല്ലാ പാട്ടുകളും യുംന പാടി. പഴയതും പുതിയതുമായ ആ പാട്ടുകൾക്കൊപ്പം സദസ്സ് ഒന്നാകെ പാടുകയും ആടുകയും ചെയ്തു. 
ഫാസില ബാനുവിന്റെയും ശിഹാബ് ഷാന്റെയും ആലാപനത്തിന്് അനുസരിച്ച് സദസ്സ് നൃത്തം ചവിട്ടി. ലൈവ്്് ഓർക്കസ്ട്രയുടെ അകമ്പടിയോടെയായിരുന്നു ഗാനമേള. നബീൽ, മുബഷിർ, ഹക്കീം എന്നിവരാണ് പക്കമേളം നിയന്ത്രിച്ചത്്. ശിഹാബ് പുളിക്കൽ, ഷെറിൻ ലത്തീഫ് എന്നിവർ അവതാരകരായിരുന്നു. 
നിർധനരായ വിദ്യാർഥികളെ സഹായിക്കാനും വളർന്നുവരുന്ന കലാകാരന്മാരെ പ്രോൽസാഹിപ്പിക്കാനും ഇശൽ കലാവേദി പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. 
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെയുള്ള ആതുര ശുശ്രൂഷാ പദ്ധതിയെക്കുറിച്ച്് ചടങ്ങിൽ ഇംറാൻ (അബീർ മെഡിക്കൽ ഗ്രൂപ്പ് ) വിശദീകരിച്ചു. ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മുസഫർ ഹസനാണ്്് ഇശൽഫെസറ്റ്്് ഉദ്ഘാടനം ചെയ്തത്്. 
ഇശൽ കലാവേദി മുഖ്യ രക്ഷാധികാരി കെ. അബ്ദുൽ മജീദ് നഹ, ഇശൽ ചെയർമാൻ ബഷീർ തിരൂർ, പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ, ജനറൽ സെക്രട്ടറി ഇബ്രാഹിം കണ്ണൂർ, ട്രഷറർ റഫീഖ് കൊണ്ടോട്ടി, വനിതാ വിംഗ് പ്രസിഡന്റ്് ഹസീന അഷ്‌റഫ്്, സെക്രട്ടറി സിജി ഷാഹുൽ, ട്രഷറർ ഖദീജ ബഷീർ, പ്രോഗ്രാം ചെയർമാൻ ഷാജഹാൻ ഗൂഢല്ലൂർ, പ്രോഗ്രാം കൺവീനർ അഹമ്മദ് ഷാനി, കോറിയോഗ്രഫർ അൻഷിഫ് അബൂബക്കർ, ഫിനാൻസ് ചെയർമാൻ ഫൈസൽ മൊറയൂർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഹക്കീം അരിമ്പ്ര എന്നിവർ ഇശൽഫെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Latest News