ശ്വാസകോശത്തില്‍  മുഴയുമായി  കാന്‍സര്‍   പരിശോധനയ്‌ക്കെത്തി,   പുറത്തെടുത്തത് ഈത്തപ്പഴക്കുരു

തിരുവനന്തപുരം- അര്‍ബുദ പരിശോധന നടത്താനെത്തിയ വ്യക്തിയുടെ ശ്വാസകോശത്തില്‍ നിന്ന് ഈത്തപ്പഴക്കുരു പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ പരിശോധനയിലാണ് ഈത്തപ്പഴക്കുരു കണ്ടെത്തിയത്.  കഴുത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ 75കാരന്‍ അര്‍ബുദ പരിശോധനയ്ക്ക് എത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അര്‍ബുദമാണെന്ന് കണ്ടെത്തി. പിന്നാലെ പിഇടി സിടി സ്‌കാനിംഗിലാണ് ശ്വാസകോശത്തില്‍ മറ്റൊരു മുഴ കണ്ടെത്തിയത്.
കോശകലകളാല്‍ ഭാഗികമായി ഇത് മൂടിയിരുന്നു. ഭക്ഷണത്തിനിടെ അറിയാതെ ഉള്ളില്‍പോയ ഈത്തപ്പഴക്കുരുവാണെന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വ്യക്തമായി. മൂന്നാഴ്ച മുന്‍പ് കഴിച്ച ഈത്തപ്പഴത്തിന്റെ കുരുവായിരുന്നു ഇത്. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികള്‍ക്ക് പരുക്കേല്‍ക്കാതെ ഈത്തപ്പഴക്കുരു വിജയകരമായി നീക്കം ചെയ്തു.
 

Latest News