Sorry, you need to enable JavaScript to visit this website.

മന്ത്രി സജി ചെറിയാൻ രാജിവെച്ചു, രാജിക്കത്ത് കൈമാറി

തിരുവനന്തപുരം- ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. ഇന്ന് വൈകിട്ട് മന്ത്രി രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദ്ദേശ പ്രകാരമാണ് രാജി. മന്ത്രി ഏതാനും സമയത്തിന് ശേഷം മന്ത്രി മാധ്യമങ്ങളെ കാണും. 

പ്രധാന സംഭവവികാസങ്ങൾ

1. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അവഹേളനപരമായ പരാമർശം. വിവാദമായതോടെ മന്ത്രിയിൽനിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി. ഇന്നലെ രാവിലെ തലസ്ഥാനത്ത് സർക്കാരിലെയും പാർട്ടിയിലെയും പ്രമുഖർ തിരക്കിട്ട കൂടിയാലോചനകൾ നടത്തി.

2. നിയമസഭയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും പ്രസംഗം വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഖേദപ്രകടനം തള്ളിയ പ്രതിപക്ഷം അത് കേൾക്കാൻ നിൽക്കാതെ ഇറങ്ങിപ്പോയി. മന്ത്രി രാജിവെക്കണമെന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെട്ടു.

3. കോൺഗ്രസും ബി.ജെ.പിയും പരാതി നൽകിയതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയം പരിശോധിക്കുകയാണ്. സജി ചെറിയാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗവർണർക്കും സ്പീക്കർക്കും പരാതി നൽകി. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പിയോടും ആവശ്യപ്പെട്ടു. 

4. മന്ത്രി ഭരണഘടനയെ അവഹേളിച്ചുവെന്ന് വ്യക്തമായാൽ ഗവർണർക്ക് മുഖ്യമന്ത്രിയോട് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ നിർദേശിക്കാനാകും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം നടപടിയിലേക്ക് കടക്കാനാണ് ഗവർണറുടെ ആലോചനയെന്നാണ് സൂചന. 


5 വാക്കുകൾ വളച്ചൊടിച്ച് മന്ത്രിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന നിലപാട് ഉയർത്തിക്കാട്ടി മന്ത്രിയെ പൂർണമായും സംരക്ഷിക്കുകയാണ് സി.പി.എം. മന്ത്രിയുടെ വിശദീകരണത്തോടെ വിവാദം ഒതുങ്ങിയെന്ന് സർക്കാരും സി.പി.എമ്മും പറയുന്നു. മന്ത്രിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി. മന്ത്രി ഭരണഘടനക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും നാക്കുപിഴ സംഭവിച്ചതാകാമെന്നുമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ അഭിപ്രായം. 

6 പൊതുസമൂഹത്തിലും മന്ത്രിക്കെതിരായ വികാരം ഉയരുന്നുണ്ട്. സത്യപ്രതിജ്ഞാലംഘനവും ക്രിമിനൽ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു. ഭരണഘടനയെ വിമർശിക്കാമെങ്കിലും ആക്ഷേപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 

7 വിഷയത്തിൽ ഘടക കക്ഷിയായ സി.പി.ഐക്കും മന്ത്രിയോട് എതിർപ്പുണ്ട്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രതിസന്ധിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും സി.പി.ഐ നേതൃത്വം അതൃപ്തി അറിയിച്ചു. പഞ്ചാബ് മോഡൽ പ്രസംഗത്തേക്കാൾ ഗുരുതരമെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ.

8. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെങ്ങും പ്രകടനങ്ങൾ നടന്നു. യൂത്ത് കോൺഗ്രസും ബി.ജെ.പിയുമാണ് പ്രതിഷേധിക്കുന്നത്. മന്ത്രിയുടെ ചിത്രങ്ങളും കോലവും പലേടത്തും കത്തിച്ചു. സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

9. 1971 ലെ പ്രിവൻഷൻ ഓഫ് ഇൻസൽട് ടു നാഷണൽ ഓണർ' ആക്ട് അനുസരിച്ച് ഭരണഘടനയെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ദേശീയ പതാകയോ ഇന്ത്യൻ ഭരണഘടനയോ കത്തിക്കുകയോ വികൃതമാക്കുകയോ നശിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടുമെന്നാണ് നിയമം. 

10. അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടന ശിൽപികളെ മന്ത്രി അപമാനിച്ചതായും ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും ഇകഴ്ത്തിയതായും ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാളുടെ ഇത്തരത്തിലുള്ള പ്രസ്താവന ഭരണഘടനയെ അപമാനിക്കുന്നതാണെന്നും നിയമ വിദഗ്ധർ പറയുന്നു. 


 

Tags

Latest News