Sorry, you need to enable JavaScript to visit this website.

ദമാമിൽ മലയാളി ആരോഗ്യ പ്രവർത്തകർക്ക് ആദരം

മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

ദമാം- ഡോക്ടേഴ്‌സ് ദിനത്തിൽ ആതുരാലയ മേഖലയിൽ ദീർഘ കാലം പ്രവർത്തന പരിചയം തെളിയിച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ദമാം മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ മാതൃകയായി. ദമാം ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മുഖ്യ രക്ഷാധികാരി ഡോ.അബ്ദുൽ മജീദ് കവരോടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ദമാം മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ഡോ. പ്രിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. 
പതിറ്റാണ്ടുകൾക്ക് മുമ്പ് സൗദിയുടെ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്ന പ്രവാസത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ ഈ രാജ്യത്ത് എത്തി ആതുര മേഖലയിൽ സേവനത്തിന്റെ പാത വെട്ടി തെളിയിച്ച മഹാരഥൻമാരെ ഈ അവസരത്തിൽ സ്്മരിക്കുന്നതായി ചടങ്ങിൽ സംബന്ധിച്ച വിശിഷ്ട വ്യക്തിത്വങ്ങൾ അഭിപ്രായപ്പെട്ടു. ആദ്യ പഥികരായ അവരെ പിൻപറ്റി കഠിന ശ്രമത്തിലൂടെ ഡോക്ടർമാർ രാജ്യത്തിന്റെ പ്രീതി പിടിച്ചു പറ്റുവാൻ കഴിഞ്ഞതായും നൂതന മെഡിക്കൽ സംവിധാനത്തിൽ മികച്ച ചികിത്സ രീതിയിൽ പ്രാവീണ്യം നേടിയ ഒരു കൂട്ടം ഡോക്ടർമാർ ഇന്നും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും അവരുടെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ അവരോടുള്ള നന്ദിയും കടപ്പാടുമാണ് അവർക്ക് നൽകുന്ന ആദരവെന്നും ഡോ. അബ്ദുൽ മജീദ് കവരോടി അഭിപ്രായപ്പെട്ടു.  
ചികിത്സാ രംഗത്ത് ഡോക്ടർമാരെ പോലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നവരാണ് നഴ്‌സ്മാരെന്ന് രാജ്യത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച നഴ്‌സ്മാരെ ആദരിച്ചു കൊണ്ട് ഡോ. ബിജു വർഗീസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കോവിഡ് മഹാമാരിയുടെ ഭയാനകമായ സാഹചര്യത്തിൽ സ്വന്തം ജീവൻ തന്നെ സ്വയം സമർപ്പിച്ചുകൊണ്ട് രോഗികളോട് പെരുമാറ്റത്തിലും ഇടപെടലിലും ഇത് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ തങ്ങളുടെ കടമ നിർവ്വഹിക്കുകയും മനുഷ്യത്വപരമായ ദൗത്യം നിറവേറ്റിയതായും നാം കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭൂമിയിലെ മാലാഖമാർ എന്നത് വെറും ആലങ്കാരികമല്ലെന്നും അത് യാഥാർത്ഥ്യത്തോടെയുള്ള ആത്മ നിർവൃതിയാണെന്നും അദ്ദേഹം പറഞ്ഞു. 
ദീർഘകാലം ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നഴ്‌സ്മാരെയും ഡോക്്‌ടേഴ്്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് അംഗങ്ങൾ ആദരിച്ചു.ഡോ.അബ്ദുൽ സലാം (ബദർ അൽ ഖലീജ് മെഡിക്കൽ സെന്റർ, ജുബൈൽ), ഡോ. രാജീവൻ (ബദർ അൽ റാബി മെഡിക്കൽ ഗ്രൂപ്പ്, ദമാം), ഡോ. ഷാഹിദ് മന്‌സർ (അറൗദ ജനറൽ ഹോസ്പിറ്റൽ,ദമാം) ഡോ. ശാന്തി ജേക്കബ് (മെറ്റെനിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ ദമാം) ഡോ. അബൂബക്കർ കൊച്ചുണ്ണി (ശിഫ അൽ കോബാർ, അൽ കോബാർ) എന്നീ ഡോക്ടർമാരെയാണ് ആദരിച്ചത്. 
സിമി മോൾ ( ബദർ അൽ റാബി, ദമാം ),   ഷൈനി ജോസഫ് (സെൻട്രൽ ഹോസ്പിറ്റൽ, ദമാം), ശോശാമ്മ ഷാജി (ശിഫ അൽ ദമാം ), റോയ് (അൽ റയാൻ പൊളി ക്ലിനിക്ക് ) , മരിയ ഷെറിൽ (സഫ മെഡിക്കൽ സെന്റർ, ദമാം ), സഫീന ബീവി ( അൽ അബീർ ക്ലിനിക്, ദമാം ) നിസി മോൾ (ശിഫ അൽ കോബാർ) , സൂസൻ ഗിൽബർട്ട് ( ടാർ അൽ സിഹ്ഹ, ദമാം ), ജോസ്മി ജോസഫ് (രഫ മെഡിക്കൽ സെന്റർ, അൽ കോബാർ ) എന്നീ നഴ്്‌സ്മാരെയും ചടങ്ങിൽ ആദരിച്ചു.
കലാ വിരുന്നിൽ അരുൺ സേവ്യർ, നിർമൽ, ലിൻസു സന്തോഷ്, ഡോ. പ്രിൻസ് മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ. ആഷിക്ക് കളത്തിങ്കൽ സ്വാഗതവും വനിതാ വിഭാഗം കൺവീനർ ഡോ. രമ്യ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ. അജി വർഗീസ്, അർച്ചന അഭിഷേക് എന്നിവർ അവതാരകരായിരുന്നു. 

Tags

Latest News