Sorry, you need to enable JavaScript to visit this website.

ദർഇയ- ആറു നൂറ്റാണ്ട് ഹജ് ഖാഫിലകൾക്ക് ആതിഥ്യമരുളിയ പ്രദേശം

റിയാദ്-ഹജ് ഖാഫില സംഘങ്ങൾക്ക് ആറു നൂറ്റാണ്ടോളം ആതിഥ്യമരുളിയ പ്രദേശങ്ങളിലൊന്നാണ് റിയാദിലെ ദർഇയ നഗരം. 1446ൽ അഥവാ ഹിജ്‌റ 850ൽ നഗരം സ്ഥാപിതമായതു മുതൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ് സംഘങ്ങളെ സ്വീകരിച്ചിരുന്ന റിയാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രദേശം ഹാജിമാരുടെ അഭയകേന്ദ്രം കൂടിയായിരുന്നു.
ഭക്ഷണവും വെള്ളവും സുഭിക്ഷമായിരുന്നതും മരൂഭൂ കൊള്ളക്കാരിൽനിന്ന് സംരക്ഷണം ലഭിച്ചിരുന്നതുമാണ് റിയാദ് വഴി പോയിരുന്ന ഹാജിമാരെല്ലാം ദർഇയയിൽ വിശ്രമിക്കാനെത്തിയിരുന്നത്. ദർഇയയുടെ നാലാമത്തെ ഗവർണറായിരുന്ന ഇബ്രാഹീം മൂസ അൽമരീദി ഹജ് സംഘങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നതെന്ന് ദർഇയ വികസന സമിതി പുറത്തുവിട്ട രേഖകൾ പറയുന്നു.
ദർഇയയിൽ തമ്പടിച്ചിരുന്ന ഹജ് ഖാഫിലകൾ വിവിധ വഴികളിലൂടെയായിരുന്നു മക്കയിലേക്ക് പുറപ്പെട്ടിരുന്നത്. അൽഖിദ്ദിയ എന്ന് ഇന്നറിയപ്പെടുന്ന അബാൽ ഖിദ്ദ് ആയിരുന്നു പ്രധാന പാത. റിയാദിൽ നിന്ന് മക്കയിലേക്കുള്ള ഏറ്റവും പുരാതന പാതയാണിത്.
സംഹാൻ സ്ട്രീറ്റിലുണ്ടായിരുന്ന ദർഇയ മജ്‌ലിസിലായിരുന്നു ഹജ് സംഘങ്ങൾ ഒന്നിക്കാറുള്ളത്. ശേഷം അൽനസ്‌റിയ വഴി അർഖയിലേക്കും അവിടെ നിന്ന് ഏറെ അപകടകര പാതയായ ഖിദ്ദിയ്യയും പിന്നിട്ട് മക്കയിലേക്ക് തിരിക്കും. മുകളിൽ കെട്ടിയ കയറിൽ ശരീരം ബന്ധിച്ചാണ് മിക്കപ്പോഴും ഹാജിമാർ തുവൈഖ് മലയിറങ്ങി ഖിദ്ദിയ്യയിലെത്തിയിരുന്നത്. പിന്നീട് അൽമുഖ്ബിൽ കൊട്ടാരം, മുസാഹ്മിയ വഴി യാത്ര തുടരും.
എന്നാൽ അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ദർഇയയിൽ നിന്ന് വാദി ഹനീഫ വഴി വടക്കോട്ട് അൽജബൈലയിലേക്കും പിന്നീട് അൽഉയൈനയിലേക്കും സഞ്ചരിച്ച് അൽഹൈസിയയിലെത്തും. അവിടെ നിന്ന് ദുർഘട മരുഭൂ പാതയായ ഏഴു മലമടക്കുകൾ കൊണ്ട് പ്രസിദ്ധമായ സബഉൽ മലാഫ് വഴി മറാത്തിലെത്തും. സൗദിയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് വരുന്ന ഹാജിമാർ ഈ ഭാഗങ്ങളിലാണ് എത്തിച്ചേരുക. ഇവിടെ നിന്ന് എല്ലാവരും ഒന്നിച്ച് മക്കയിലേക്ക് പുറപ്പെടും.
ദർഇയയിൽ നിന്ന് ഹാജിമാരുടെ മറ്റൊരു സഞ്ചാരപാത ദീറാബ് വഴിയായിരുന്നു.  അൽനസ്‌റ, അർഖ വഴി വാദി നമാറിലെത്തി അവിടെ നിന്ന് ദീറാബിലേക്ക് തിരിയും. ശേഷം ദുർമ വഴി അൽഖുവൈഅയിലെത്തും. അവിടെ നിന്ന് ദവാദ്മി വഴിയാണ് മക്കയിലേക്ക് പോവുക.
1727ൽ അൽഇമാം മുഹമ്മദ് ബിൻ സൗദ് സൗദി രാജ്യം സ്ഥാപിച്ചപ്പോൾ പകർച്ച വ്യാധികളും രാഷ്ട്രീയ അസ്ഥിരതയും കാരണം നജ്ദ് ഏറെ കലുഷിതമായിരുന്നു. പക്ഷേ അപ്പോഴും ദർഇയ്യയിൽ ഹാജിമാരുടെ സംരക്ഷണത്തിന് യാതൊരു പോറലും ഉണ്ടായിരുന്നില്ല. ഇക്കാലത്ത് ദർഇയ സ്വതന്ത്ര പ്രദേശമായിരുന്നു. ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദിന്റെ കാലത്ത് ദർഇയക്ക് ഏറെ പേരും പെരുമയുമുണ്ടായി. 1803ൽ ഇമാം സൗദ് ബിൻ അബ്ദുൽ അസീസ് ഹിജാസിനെ ഒന്നിപ്പിക്കുകയും ഉസ്മാനി ഭരണത്തെ തോൽപ്പിച്ച് മക്ക കീഴടക്കുകയും തിരുഗേഹങ്ങളുടെ സേവകൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അക്കാലത്ത് എല്ലാ വർഷവും ഹജിന് നേതൃത്വം നൽകിയിരുന്നത് ഇമാം സൗദ് ആയിരുന്നു.
പിൽക്കാലത്ത് റിയാദിൽ നിന്ന് മക്കയിലേക്ക് റോഡുകളും വാഹനങ്ങളുമായതോടെ ഘട്ടം ഘട്ടമായാണ് ഈ പാതകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയതെന്ന് ചരിത്ര രേഖകൾ പറയുന്നു. സൗദിയുടെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്തെ വിഷൻ 2030ന്റെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുനസ്‌കോയുടെ പൈതൃക പട്ടികയിലുള്ള പ്രദേശം കൂടിയാണ് ദർഇയ.

Tags

Latest News