Sorry, you need to enable JavaScript to visit this website.

ദുബായ് എക്‌സ്‌പോയുടെ ജനൽ തുറന്ന് ലോക ജനതയെ കണ്ട നിർവൃതിയിൽ

ചില ആഗ്രഹങ്ങൾ വിചിത്രവും നടക്കാത്ത സ്വപ്‌നങ്ങളുമാണെന്ന് നമുക്ക് തോന്നാം. എന്നാൽ അങ്ങനെ വിധി എഴുതാൻ വരട്ടെ. ലോകത്ത് എത്രയോ രാജ്യങ്ങളില്ലേ. അവിടങ്ങളിലെ മനുഷ്യരെ ഒന്നായി കാണാൻ ആഗ്രഹിച്ചിട്ടു വല്ല കാര്യവമുണ്ടോ? ലോക യാത്രകളിൽ തൽപരരായ അപൂർവം ചിലർക്ക് മാത്രമേ ഇത് സാധിക്കൂവെന്നാണ് പൊതുധാരണ. സാധാരണക്കാർക്കും ഇതെല്ലാം നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു യുവാവ്. തിരൂരങ്ങാടിക്കാരൻ അബ്ദുസ്സലാമിനാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്.  
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ കളത്തിങ്ങൽ സൈതാലി, എറമാക്കവീട്ടിൽ ഹഫ്‌സത്ത് ദമ്പതികളുടെ അഞ്ചു ആൺമക്കളിൽ ഒരാളാണ് സലാം. തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലും പി.എസ്.എം.ഒ കോളേജിലും പഠനം. പതിനഞ്ച് വർഷത്തെ സൗദിയിലെ പ്രവാസം നിർത്തി നാട്ടിൽ അഞ്ചു വർഷം നിന്നു. പല മേഖലകളിലും പ്രവർത്തിച്ചു- ജനസേവന കേന്ദ്രം, വാഹന വിൽപന, നെൽകൃഷി. സ്വന്തമായി ട്രാക്ടർ വാങ്ങി ഒന്ന് പരീക്ഷിച്ചു. നെൽകൃഷി തുടർന്നു പോകുന്നു. ഇതിനിടയിൽ ചെറുതായി പൊതുപ്രവർത്തനവും. ഒന്നിലും മുന്നേറിയില്ല. 
തന്റെ യാത്രകൾ എനിക്ക് നിസ്സാരമെന്ന് തോന്നുന്നു എന്നു പറഞ്ഞാൽ അതൊരു പൊങ്ങച്ചമായി കരുതരുതെന്ന മുഖവുരയോടെയാണ് സലാം സംസാരിച്ചു തുടങ്ങിയത്. എന്റെ യാത്രകൾ  ചെറിയതാണെങ്കിലും ചിലരോടെങ്കിലും പറയുമ്പോൾ അവർക്ക് അതൊരു അത്ഭുതമായി തോന്നാറുണ്ട്. അങ്ങനെ ഒരു യാത്രയായിരുന്നു മലപ്പുറത്തെ തിരൂരങ്ങാടി മുതൽ കശ്മീർ വരെയും തിരിച്ച് കശ്മീർ മുതൽ തിരൂരങ്ങാടി വരെയും ഹോണ്ട ആക്ടിവ സ്‌കൂട്ടറിൽ സോളോ ട്രിപ് പോയി വന്നത്. ഒറ്റക്ക് 29 ദിവസം 8400 കിലോമീറ്റർ സഞ്ചരിച്ചു.
അതിനു ശേഷം  കിട്ടിയ മറ്റൊരു മഹാഭാഗ്യം  ദുബായ് എക്‌സ്‌പോ  2020 ആയിരുന്നു. ദുബായിലേക്ക് വ്യക്തിപരമായ കാര്യങ്ങളുമായി ചെന്നതായിരുന്നു. അപ്പോൾ ജീവിതത്തിൽ ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ലോകത്തിലെ 192 രാജ്യങ്ങൾ. ഓരോരോ രാജ്യക്കാരുടെയും പവിലിയൻ സന്ദർശിക്കാനും ആ രാജ്യങ്ങളിലെ ഒരു വ്യക്തിയോട് രണ്ട് വാക്ക് ആണെങ്കിലും ഈ ലോകത്തെ പല രാജ്യങ്ങളിലെ പൗരന്മാരോടും സംസാരിക്കാനും സാധിച്ചത് നിസ്സാരമാണെന്ന് ഒരിക്കലും കരുതുന്നില്ല. അതേപോലെ ഈ 192 രാജ്യക്കാരും ഞാൻ അവരുടെ പവിലിയൻ സന്ദർശിച്ചു എന്നതിന്റെ മുദ്രയായി അവരുടെ  രാജ്യങ്ങളുടെ  സ്റ്റാമ്പ് (സീൽ) ഞാൻ എക്‌സ്‌പോയിൽ നിന്നും വാങ്ങിച്ച  പാസ്‌പോർട്ടിൽ പതിപ്പിച്ചു വാങ്ങിക്കുകയും ചെയ്തു. അതിനൊക്കെ പുറമെ എക്‌സ്‌പോ  സന്ദർശിച്ചുകൊണ്ടിരിക്കേ  തോന്നിയ ഒരു മോഹം ലോക രാഷ്ട്രങ്ങളിലെ ഓരോ രാജ്യക്കാരുടെയും കൂടെ ഒരു ഫോട്ടോ എടുത്താലോ എന്നതായിരുന്നു. അങ്ങനെ ആ മോഹം പൂവണിയിക്കാനുള്ള ശ്രമമായി പിന്നീട്. എല്ലാ രാഷ്ട്ര പവിലിയനുകളും സന്ദർശിച്ചതുകൊണ്ട് ഇനിയും ഒരിക്കൽ കൂടി ഈ പവിലിയനുകൾ മുഴുവൻ സന്ദർശിക്കേണ്ടിവരും. അതൊരു വലിയ കടമ്പ തന്നെയാണ്. കാരണം ചില രാഷ്ട്രങ്ങളുടെ പവിലിയൻ വിസിറ്റ് ചെയ്യാൻ മണിക്കൂറുകളോളം ക്യൂ നിൽക്കണം. ദുബായിൽ വന്നതുപോലെ ഇനി ഒരു എക്‌സ്‌പോ അടുത്ത കാലത്തൊന്നും എക്‌സ്‌പോ 2020 പോലെ നമുക്ക് ഇത്രയും സുഗമമായി പോവാൻ പറ്റിയ ഒരു രാജ്യത്ത് ആവണമെന്നില്ല. കൊറോണ കാരണം 2020 ൽ നടക്കേണ്ടിയിരുന്ന എക്‌സ്‌പോ ആണ് ദുബായിൽ അടുത്തിടെ സമാപിച്ചത്. അടുത്തത്  ഇനി ജപ്പാനിൽ ആണ് നടക്കുന്നത്, 2025 ൽ. എക്‌സ്‌പോ 2020 യു.എ.ഇയിൽ വന്നതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു പരിപാടി ലോകത്ത് നടക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞത്.  അതു മാത്രമല്ല ഒരു എക്‌സ്‌പോ കഴിഞ്ഞു അടുത്ത നാല് വർഷം കഴിഞ്ഞാണ്  അടുത്ത എക്‌സ്‌പോ  ഉണ്ടാവുക.   
ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഏഴു ദിവസം 148 രാജ്യങ്ങളിലെ ഓരോ പൗരന്റെയും കൂടെ   ഫോട്ടോ എടുക്കാൻ സാധിച്ചു. അതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും സഹകരിക്കുകയും ചെയ്തു. അവരുടെ സന്തോഷം എന്നോടൊപ്പം പങ്കുവെക്കുകയും ചില ആളുകൾ ചെറിയ ചെറിയ ഗിഫ്റ്റുകൾ സമ്മാനിക്കുകയും ചെയ്തു. എല്ലാത്തിനും  ഒരു മറുവശവും കാണുമല്ലോ, മൂന്നോ നാലോ രാജ്യക്കാർ വിഷമിപ്പിക്കുകയുമുണ്ടായി. അവരുടെ കൂടെ ഫോട്ടോക്ക് നിൽക്കാൻ പോലും അനുവദിച്ചില്ല.
എക്‌സ്‌പോയുടെ അവസാന നാളുകളിൽ തിരക്ക് വർധിച്ചതോടെ എന്റെ ആഗ്രഹം 192 രാജ്യങ്ങളിൽ നിന്നും 148 ൽ ഒതുങ്ങുകയും ചെയ്തു. 15 ദിവസത്തെ എക്‌സ്‌പോ സന്ദർശനം. ആദ്യത്തെ എട്ട് ദിവസം എല്ലാ പവിലിയനുകളും സന്ദർശിക്കാനും സ്റ്റാമ്പ് ചെയ്യിപ്പിക്കാനും ഉപയോഗിച്ചു. ബാക്കി ഏഴ് ദിവസം സന്ദർശനവും ഒരു രാജ്യത്തെ ഒരു പൗരന്റെ കൂടെ ഫോട്ടോ എടുക്കലും...
വലിയൊരു അനുഭവം തന്നെയാണ് ദുബായ് എക്‌സ്‌പോ 2020 സമ്മാനിച്ചത്. തികച്ചും അവിചാരിതമായ സർപ്രൈസ്.  സലാമിന്റെ പ്രണയം യാത്രകളോട് മാത്രം. യാത്ര, അത് മാത്രം തുടരുന്നു. ഭാര്യ ഉമൈബാൻ. മക്കൾ മൂന്ന് ആണും ഒരു പെണ്ണും. മക്കൾ പഠിക്കുന്നു. ഇപ്പോൾ രണ്ടാഴ്ചയായി ദുബായ് സന്ദർശനത്തിലാണ്.

Latest News