Sorry, you need to enable JavaScript to visit this website.

വിലക്കയറ്റം നേരിടാൻ സൽമാൻ രാജാവിന്റെ 2000 കോടി റിയാൽ സഹായം

റിയാദ് - ആഗോള തലത്തിൽ അനുഭവപ്പെടുന്ന വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ 2,000 കോടി റിയാൽ നീക്കിവെക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു. വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അർഹമായ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള താൽപര്യത്തിന്റെ ഭാഗമായും, ലോകത്തെ സാമ്പത്തിക സ്ഥിതിഗതികളെയും ഇതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അർഹരായ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള മാർഗങ്ങളെയും കുറിച്ച് സാമ്പത്തിക, വികസന സമിതി പഠിച്ചതിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലുമാണ് വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ 2,000 കോടി റിയാൽ നീക്കിവെക്കാൻ സൽമാൻ രാജാവ് നിർദേശിച്ചത്. 
ഇതിൽ 1,040 കോടി റിയാൽ സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കും സിറ്റിസൺ അക്കൗണ്ട് ഗുണഭോക്താക്കൾക്കും ചെറുകിട കന്നുകാലി കർഷകർക്കും നേരിട്ട് ധനസഹായം നൽകാൻ വിനിയോഗിക്കും. ശേഷിക്കുന്ന തുക രാജ്യത്ത് അടിസ്ഥാന വസ്തുക്കളുടെ തന്ത്രപരമായ ശേഖരം വർധിപ്പിക്കാനും ലഭ്യത ഉറപ്പുവരുത്താനും പ്രയോജനപ്പെടുത്തും. 
രാജകൽപന പ്രകാരം സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ ധനസഹായം അധികം വിതരണം ചെയ്യാൻ 200 കോടി റിയാൽ നീക്കിവെക്കും. സർക്കാർ സബ്‌സിഡി ഇനത്തിലെ സഹായം അർഹരായവർക്ക് പണമായി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതിയിൽ ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരമൊരുക്കും. സിറ്റിസൺ അക്കൗണ്ട് പദ്ധതി ഗുണഭോക്താക്കൾക്ക് ഈ സാമ്പത്തിക വർഷത്തിൽ അധിക ധനസഹായം നൽകാൻ 800 കോടി റിയാൽ നീക്കിവെക്കും. ചെറുകിട കന്നുകാലി കർഷകർക്ക് ധനസഹായം നൽകാൻ 40.8 കോടി റിയാലും നീക്കിവെക്കും.
 

Latest News