Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈസന്‍സ് പുതുക്കാനെത്തിയയാള്‍ തോക്ക് ചൂണ്ടി; കലക്ടറേറ്റ് ജീവനക്കാര്‍ ഭയന്നോടി

കൊച്ചി- ജില്ലാ ഭരണസിരാകേന്ദ്രം തോക്കിന്‍ മുനയിലായ ദിവസമായിരുന്നു ഇന്ന്. ഓഫീസിലെത്തിയയാള്‍ തോക്ക് പുറത്തെടുത്തതോടെ ജീവനക്കാര്‍ ഭയന്നോടി. ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ടെത്തിയ ആളാണ് തോക്ക് കാണിക്കുന്നതിനായി പുറത്തെടുത്തത്. പിന്നീട് എറണാകുളം എ.ഡി.എം എസ്. ഷാജഹാന്റെ പരാതിയില്‍ തൃക്കാക്കര പോലീസ് എത്തി തോക്കും ഉടമസ്ഥനെയും കസ്റ്റഡിയിലെടുത്തു.
ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ച മുളവൂര്‍ സ്വദേശിയായ 85 കാരനാണ് കലക്ടറേറ്റില്‍ തോക്കുമായി എത്തിയത്. അവിവാഹിതനും അത്യാവശ്യം സ്വത്തിന് ഉടമയുമായിരുന്ന ഇയാള്‍ക്ക് 2007 മുതല്‍ സ്വയരക്ഷാര്‍ഥം തോക്ക് ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കുന്നതിനായി കഴിഞ്ഞ മാസമാണ് ഇയാള്‍ കലക്ടറേറ്റില്‍ എത്തി അപേക്ഷ  നല്‍കിയത്. അപേക്ഷയുടെ സ്ഥിതി അറിയുന്നതിനായിരുന്നു കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയത്.
കലക്ടറേറ്റിലെ ഡെസ്പാച്ച് സെക്ഷനിലെത്തിയപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നു. തോക്കിന് അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളതിനാല്‍ അപേക്ഷയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ തിരികെ നല്‍കണമെന്ന് പറഞ്ഞ് ആവശ്യമുണ്ടെങ്കില്‍ തോക്ക് പരിശോധിച്ചോളൂവെന്ന് പറഞ്ഞ് ഉയര്‍ത്തി കാണിക്കുകയായിരുന്നു. തുടര്‍ന്ന് സിനിമാ സ്റ്റൈലില്‍ വിരലുകള്‍ക്കിടയില്‍ ഇട്ട് കറക്കുകയും ചെയ്തെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഇതോടെ പരിഭ്രാന്തിയിലായ ജീവനക്കാര്‍ എ.ഡി.എമ്മിനെ വിവരമറിയിക്കുകയായിരുന്നു. എ.ഡി.എമ്മിന്റെ ചേംബറില്‍ തോക്ക് തുറന്നു നോക്കിയപ്പോള്‍ റിവോള്‍വര്‍ മോഡലിലുള്ള തോക്കില്‍ എട്ട് റൗണ്ട് തിരകള്‍ ഉണ്ടായിരുന്നതായി മനസ്സിലായി. തോക്ക് എടുത്തപ്പോഴും കറക്കിയപ്പോഴും അബദ്ധത്തില്‍ പൊട്ടിയിരുന്നെങ്കില്‍പോലും വന്‍ ദുരന്തത്തിന് വഴി വെച്ചേനെ. തുടര്‍ന്ന് അധികൃതര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി തോക്കും ഉടമയെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ഇയാളെ വിട്ടയച്ചത്.

 

Latest News