Sorry, you need to enable JavaScript to visit this website.

ഫിഫ ലോകകപ്പ്: ദോഹയിൽ വ്യോമഗതാഗതം തിരക്കേറിയതാകും 

പ്രതിദിനം 1600 വിമാനങ്ങൾ സർവീസ് നടത്തും

ദോഹ- ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിൽ പ്രതിദിനം 1600 ലധികം വിമാനങ്ങൾ ലാൻഡിംഗും ടേക്ക് ഓഫും നടത്തുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർ നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അഹമ്മദ് അൽ ഇഷാഖ് പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് ദോഹയിലെ വ്യോമഗതാഗതം ഏറെ തിരക്കേറിയതാകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. നിലവിൽ പ്രതിദിനം 750-800 വിമാനങ്ങളാണ് ഖത്തറിൽ ലാൻഡിംഗും ടേക്ക് ഓഫും നടത്തുന്നത്. ഇതിന്റെ ഇരട്ടിയോളം എയർ ട്രാഫിക്കാണ് ലോകകപ്പ് സമയത്ത് പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശിക അറബി ദിനപത്രമായ അൽ ശർഖിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇത് ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ രാജ്യമാക്കി മാറ്റും. -അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ ട്രാഫിക് കൺട്രോൾ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഖത്തർ വ്യോമാതിർത്തി കാര്യക്ഷമമായും പ്രൊഫഷനൽ രീതിയിലും കൈകാര്യം ചെയ്യുന്നതിനായി ഉയർന്ന പ്രൊഫഷണൽ, സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി തീവ്രപരിശീലനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയർ നാവിഗേഷൻ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഖത്തറിലുള്ളത്.
ലോകകപ്പിനുള്ള തയാറെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് നിശ്ചയിച്ചിട്ടുള്ള പ്രോഗ്രാമിനും പ്ലാനിനും അനുസൃതമായി വിമാനത്താവളത്തിലെ ശേഷി മെച്ചപ്പെടുത്തുന്നതിനായി എയർക്രാഫ്റ്റ് പാർക്കിംഗ് ലോട്ടുകളുടെ എണ്ണം വർധിപ്പിച്ചതായി അൽ ഇഷാഖ് പറഞ്ഞു. കൂടാതെ മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ ഉപകരണമായ 'വെർച്വൽ ടവർ' സ്ഥാപിക്കുന്നുണ്ട്. ഈ ഉപകരണം എവിടെ വേണമെങ്കിലും സ്ഥാപിക്കാമെന്നും അതു വഴി സ്‌ക്രീനിലൂടെയും ഉപകരണത്തിലൂടെയും വിമാനത്തെ നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ ഈ സൗകര്യം ഖത്തറിൽ മാത്രമാണുള്ളത്. ദോഹ വിമാനത്താവളത്തിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി ആധുനിക റഡാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹമദ് വിമാനത്താവളത്തിൽ രണ്ട് അധിക റഡാറുകൾ സ്ഥാപിക്കുന്നത് ഉടൻ പൂർത്തീകരിക്കുമെന്നും അ്‌ദ്ദേഹം കൂട്ടിച്ചേർത്തു.
 

Tags

Latest News