Sorry, you need to enable JavaScript to visit this website.

പി. ശശിയുടെ തന്ത്രങ്ങൾ 'ശശി' യായിയെന്ന് സി.പി.എമ്മിൽ വിമർശം

തിരുവനന്തപുരം- പി. ശശിയുടെ തന്ത്രങ്ങൾ 'ശശി' യായിയെന്ന് സി.പി.എമ്മിൽ വിമർശം. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തശേഷം രാഷ്ട്രീയലക്ഷ്യത്തിൽ പോലീസിനെ ഉപയോഗിച്ച് നടത്തിയ തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വരുതിയിലാക്കാനുള്ള നീക്കവും പി.സി. ജോർജിനെ ജയിലിൽ അടയക്കാനുള്ള ശ്രമവും പരാജയപ്പെട്ടത് പി. ശശിയുടെ എടുത്തുചാടിയുള്ള ഇടപെടലുകളാണെന്നാണ് സി.പി.എമ്മിലെ മുതിർന്ന നേതാക്കളുടെ നിരീക്ഷണം. 
പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നപ്പോൾ പോലീസിനെതിരെ നിരന്തരം വിമർശനം ഉയർന്നപ്പോഴാണ് പ്രതിനിധിപോലും അല്ലാതിരുന്ന പി. ശശിയെ സംസ്ഥാന കമ്മിറ്റി അംഗമാക്കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവി നൽകിയത്. പോലീസിനെ പൂർണമായും നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പോലീസിനെ ഉപയോഗിച്ച് പി. ശശി ഒരുക്കിയ തന്ത്രങ്ങളെല്ലാം ഒന്നൊന്നായി നിലംപരിശായി. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗ വിഷയത്തിൽ പി.സി. ജോർജിനെതിരെ കേസെടുത്തതായിരുന്നു ആദ്യം നേരിട്ട പ്രധാന തിരിച്ചടി. വെളുപ്പിന് പൂഞ്ഞാറിലെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും വൈകുന്നേരം പി.സി. ജോർജിന് മജിസ്‌ട്രേറ്റ് ജാമ്യം നൽകി. ഇത് സർക്കാരിന് കനത്ത ആഘാതമായി. പിന്നീട്  ജാമ്യം റദ്ദ് ചെയ്യാൻ കോടതിയെ സമീപിച്ച് ജാമ്യം റദ്ദ് ചെയ്ത് ഒരുദിവസം ജയിലിൽ അടച്ചു. എന്നാൽ പിറ്റേന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സർക്കാരിനും പോലീസിനും കടുത്ത വിമർശനം നേരിടേണ്ടിവന്നു.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയുള്ള പോലീസിന്റെ ഇടപെടലുകൾ ഫലം കണ്ടില്ലെന്നുമാത്രമല്ല, പോലീസ് പൊതുജനമധ്യത്തിൽ അപഹാസ്യരായി. സ്വപ്നയുടെ ഫ്‌ളാറ്റിൽനിന്നും സരിത്തിനെ കടത്തിയതായിരുന്നു തിരിച്ചടിയായ ആദ്യ നടപടി. പിന്നാലെ കെ.ടി. ജലീലിന്റെ പരാതിയിൽ ഗൂഢാലോചന അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം, സ്വപ്നയുടെ രഹസ്യമൊഴി വാങ്ങാൻ കോടതിയെ സമീപിക്കലും കോടതി വിമർശനവും, സ്വപ്നയെ പിന്തിരപ്പിക്കാൻ വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ ഇടനിലക്കാരനെ ഏർപ്പാടാക്കൽ, അത് വിവാദമായപ്പോൾ വിജിലൻസ് മേധാവിയുടെ സ്ഥാനമാറ്റം, അങ്ങനെ നീളുന്നു തിരിച്ചടികൾ. അതിൽ നിന്നുള്ള ക്ഷീണം മാറുംമുമ്പേ ആണ് എ.കെ.ജി സെന്ററിലെ ബോംബെറിയലും പ്രതിയെ തേടിയുള്ള നെട്ടോട്ടവും. 
സി.സി.ടി.വി ദൃശ്യങ്ങളിലെ പ്രതിയെ 60 മണിക്കൂറായിട്ടും കണ്ടെത്താനായില്ല. ചുവപ്പുനിറത്തിലുള്ള സ്‌കൂട്ടറിലെത്തിയ ആൾ തട്ടുകടക്കാരനാണെന്ന് തെളിഞ്ഞു. ഇതിന്റെ നാണക്കേട് മറയ്ക്കാൻ, എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട യുവാവിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. എന്നാൽ മൊബൈൽ ടവർ പരിശോധിച്ചപ്പോൾ സംഭവസമയം അയാൾ എ.കെ.ജി സെന്ററിന് പരിസരത്ത് ഇല്ലായെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് തലയൂരി. 
സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ പി.സി. ജോർജിനെതിരെ പീഡനത്തിന് മിന്നൽവേഗത്തിൽ കേസെടുത്തത് വിവാദമായി. പീഡനപരാതിയിൽ പീഡനത്തിന്റെ തീവ്രത അറിയാൻ കമ്മീഷനെ വെച്ച പാർട്ടിയുടെ പോലീസാണ് 11 മണിയോടെ കിട്ടുന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ഇട്ട് അതിവേഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മൂന്നുമണിക്ക് പി.സി. ജോർജിനെ അറസ്റ്റും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പി.സി. ജോർജിന് ജാമ്യം കിട്ടി. പുറത്തിറങ്ങിയ പി.സി മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാജോർജിനും അമേരിക്കയിലുള്ള വിവാദ മലയാളി വ്യവസായി ഫാരിസ് അബൂബക്കറുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ആരോപിച്ചു. ഇത് പാർട്ടിയെ മാത്രമല്ല മുഖ്യമന്ത്രിയെയും കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതോടെ പി. ശശിക്കെതിരെ കടുത്ത വിമർശനമാണ് പാർട്ടിക്കുള്ളിൽനിന്നും ഉയരുന്നത്. പി.സി. ജോർജ് എന്ത് പറഞ്ഞാലും പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയുടെ പുതിയ നിലപാട്. 

Latest News