കൽപറ്റ- കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. പോൾ സ്പറിയർ സംവിധാനം ചെയ്ത തായ് ചിത്രം 'ദ മാസ്‌ട്രോ' യ്ക്കാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം. ഇതേ ചിത്രത്തിലെ അഭിനയത്തിന് അമേരിക്കൻ സംഗീത സംവിധായകനുമായ എസ്.പി. സോംതോവ് മികച്ച നടനുള്ള അവാർഡ് നേടി. 'ദ മാസ്‌ട്രോ'യുടെ നിർമാതാവും സോംതോവാണ്. 'ആഫ്റ്റർ ദ നൈറ്റ് വിത്ത് വലേരി' എന്ന ഹംഗേറിയൻ ചിത്രത്തിലെ പ്രകടനത്തിന് ഹോളിവുഡ് നടി ലോറെലി ലിങ്ക്‌ലേറ്റർ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.
ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി ഏർപ്പെടുത്തിയതാണ് പുരസ്‌കാരങ്ങൾ. ഓൺലൈനിലാണ് ചിത്രങ്ങൾ അവാർഡിനു മത്സരിച്ചത്. 11 രാജ്യങ്ങളിൽനിന്നായി
26 ചിത്രങ്ങൾ അവസാന റൗണ്ടിലെത്തി. ചലച്ചിത്ര സംവിധായകനും വയനാട് തരിയോട് സ്വദേശിയുമായ നിർമൽ ബേബി വർഗീസ് ഡയറക്ടറായ സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. കാസബ്ലാങ്ക ഫിലിം ഫാക്ടറി സ്ഥാപകനുമാണ് നിർമൽ ബേബി വർഗീസ്.
ജോസഫ് ഗല്ലായി സംവിധാനം ചെയ്ത 'ഐ ഹിയർ ദ ട്രീസ് വിസ്പറിംഗ്' എന്ന ഹംഗേറിയൻ ചിത്രത്തിലെ അഭിനയത്തിലൂടെ ലാറി ഹാങ്കിൻ മികച്ച സഹനടനായി. ഇതേ ചിത്രത്തിൽ വേഷമിട്ട അനിത ടോത്താണ് മികച്ച സഹനടി. മികച്ച പരീക്ഷണ ഫീച്ചർ ഫിലം, മികച്ച ഛായാഗ്രഹണം, മികച്ച ട്രെയിലർ, മികച്ച പോസ്റ്റർ എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി.
'ഐ നോ സംതിംഗ് ഹാപ്പൻഡ്' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ബ്രിട്ടീഷ് നടി സിയാൻ റീവ്‌സ് സംവിധാനത്തിനു പ്രത്യേക ജൂറി അവാർഡ് നേടി. ദിമിത്രി ഫ്രോലോവ് സംവിധാനം ചെയ്ത റഷ്യൻ ചിത്രം 'ക്ലൗണറി' പ്രത്യേക ഫെസ്റ്റിവൽ പരാമർശം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് നതാലിയ സുർകോവ അഭിനയത്തിനുള്ള ജൂറി അവാർഡിന് അർഹയായി.
ജേസൺ പിറ്റിന്റെ 'മാസ്‌ക്വെറേഡ്' (യു.എസ്) മികച്ച ഹ്രസ്വചിത്രം, മികച്ച ഹ്രസ്വചിത്ര സംവിധായകൻ, മികച്ച ഹ്രസ്വചിത്ര നടി, മികച്ച ഒറിജിനൽ സ്‌കോർ, മികച്ച മേക്കപ്പ്, മികച്ച വി.എഫ്.എക്‌സ്. എന്നിങ്ങനെ ആറു അവാർഡുകൾ നേടി. നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിർമിച്ച് ജി. സുകന്യ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി 'കേണി'യാണ് മികച്ച ഫീച്ചർ ഡോക്യുമെന്ററി. സുകന്യക്കാണ് മികച്ച ഡോക്യുമെന്ററി സംവിധായികയ്ക്കുള്ള പുരസ്‌കാരം. ടോണി ഹിക്‌സന്റെ 'ഷീ ഹി ഇറ്റ്' (യു.കെ) മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി. അലക്‌സ് ട്വെഡിൽ സംവിധാനം ചെയ്ത ബ്രിട്ടീഷ് ഡോക്യുമെന്ററി 'ദ ഫോർഗോട്ടൻ ചിൽഡ്രൻ ഓഫ് കോംഗോ'മികച്ച സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ടോം ജോൺസ് സംവിധാനത്തിൽ ഫ്രൈഡേ ക്യാൻഡോ നിർമിച്ച ടാൻസാനിയയിൽനിന്നുള്ള 'മാറ്റേക്ക' മികച്ച ഫീച്ചർ ഫിലിം സംവിധായകൻ, ഫീച്ചർ ഫിലിമിലെ മികച്ച നിർമാതാവ്, മികച്ച കലാസംവിധാനം എന്നീ അവാർഡുകൾ നേടി. ലീ ഡി ബാർൺസ് സംവിധാനം ചെയ്ത 'വെയർ ദ നോയ്‌സ് എൻഡ്‌സ്' (യു.കെ) ഷോർട്ട് ഫിലിമിലെ മികച്ച നിർമാതാവ്, മികച്ച സൗണ്ട് ഡിസൈനർ, പ്രത്യേക സംവിധാന പരാമർശം എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. 'പോയിസൺ' (യു.എസ്) എന്ന ചിത്രത്തിലെ പ്രകടനത്തിന് കോറി ഡേവിസ് ഷോർട്ട് ഫിലിമിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പിംഗ് ഫൺ (യു.എസ്) എന്ന ചിത്രത്തിലൂടെ തോമസ് ബർക്ക് മികച്ച എഡിറ്ററായി.
സിയാവോ എൻ. ക്വിൻ സംവിധാനം ചെയ്ത ചൈനീസ് ചിത്രം 'കൈറ്റ്'നെ മികച്ച പരീക്ഷണാത്മക ഹ്രസ്വ ചിത്രമായി തെരഞ്ഞെടുത്തു. കെൻ യോഫെ, എലൻ വെയ്‌സ്‌ബെർഗ്, ജോൺ വോ എന്നിവരുടെ 'ജസ്റ്റിൻ ആൻഡ് ദ വെർലൂബി' (യു.എസ്) മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കറ്റാർസിന ആഡമസ് സംവിധാനം ചെയ്ത 'സ്‌കെലിറ്റൺ'(യു.കെ) ആണ് മികച്ച മൈക്രോ ഷോർട്ട് ഫിലിം. സെർജിയോ ലൂയിസ് ബൗസ ജൂണിയറിന്റെ 'ജൂലിയൻ ആൻഡ് ദ പർപ്പിൾ മൂൺ'(യു.എസ്) മികച്ച സ്‌റ്റോപ്പ് മോഷൻ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അലക്‌സാണ്ടർ മാക്‌സ്‌വെൽ ആദം സംവിധാനം ചെയ്ത 'വൈറൽ' (യു.എസ്) ആണ് മികച്ച വിദ്യാർഥി ചിത്രം.
'ദ ഗെയിം ദ ഡൗട്ട്', 'ലോൺലി സീസൺ' എന്നീ ഇറാനിയൻ ചിത്രങ്ങളിലൂടെ ഹമീദ് റെസ മഹമൂദി മെഹ്‌രിസി ജൂറിയുടെ പ്രത്യേക സംവിധാന പുരസ്‌കാരം നേടി. 'മീറ്റിംഗ്'(യു.കെ) എന്ന ചിത്രത്തിന് ഹാരി മാർഡ്‌ലിൻ, 'സക്കൊർ ഫോർലോൺ'(യു.എസ്) എന്ന ചിത്രത്തിന് കാൻഡീസ് കാത്‌ലീൻ സിംബിൾമാൻ, 'അണ്ടർ ടെൻഷൻ' (ഫ്രാൻസ്) എന്ന ചിത്രത്തിന് മിറെയ്‌ലെ ഫിവെറ്റ് എന്നിവർ സംവിധാനത്തിനു പ്രത്യേക പരാമർശം നേടി. കെൻ യോഫ്, എലൻ വെയ്‌സ്‌ബെർഗ്, ജോൺ വോ എന്നിവർക്കു 'ജസ്റ്റിൻ ആൻഡ് ദ വെർലൂബി' എന്ന ചിത്രത്തിലുടെ സംവിധാനത്തിനു പ്രത്യേക പരാമർശം ലഭിച്ചു. 'പോലീസ് ക്രൈംസ്' (ഫിൻലാൻഡ്) എന്ന ചിത്രത്തിന് സംവിധായകൻ ജാനെ പിപ്പോണൻ ഡോക്യുമെന്ററിയിലെ പ്രത്യേക പരാമർശം നേടി. 'ദ കോൺഫാബ്' (യു.എസ്) എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്‌വേലയ്ക്ക് അഭിനയത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. 'സബ്രിന വാരിയർ'(യു.എസ്) എന്ന ചിത്രത്തിലൂടെ മെർലിൻ ഓക്ക്‌ലി സൗണ്ട് ഡിസൈനിൽ പ്രത്യേക പരാമർശം നേടി.