ന്യൂദല്‍ഹി- വയനാട്ടില്‍ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരെ കുട്ടികളെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദയ്പൂര്‍ കൊലയാളികളെയാണ് കുട്ടികളെന്ന് വിളിച്ചതെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്.
സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്‍, ബി.ജെ.പി എം.പി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
വയാനാട്ടിലെ എസ്.എഫ്.ഐ അതിക്രമത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമായി ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ രോഹിത് രഞ്ജന്‍ മനപൂര്‍വം ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധിപ്പിച്ചതാണെന്ന് രാം സിംഗ് കസ് വാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമാണ് രാഹുല്‍ ഗാന്ധി വിഡിയോ ക്ലിപില്‍ പറയുന്നത്. എന്നാല്‍ ഉദയ്പൂരില്‍ കൊല നടത്തിയ റിയാസ് അഖതരി, ഗൗസ് മുഹമ്മദ് എന്നിവരെ രാഹുല്‍ കുട്ടികളെന്നു വിളിച്ചുവെന്നാണ് ചാനല്‍ വ്യാഖ്യാനിച്ചത്. അബദ്ധം സംഭവിച്ചതില്‍ ചാനല്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. രാജ്യവര്‍ധന്‍ റാത്തോറും മറ്റു ബി.ജെ.പി നേതാക്കളും ഈ വിഡിയോ ക്ലിപ് പ്രചരിപ്പിച്ചുവെന്നും ജനങ്ങള്‍ക്കിടയില്‍ ശത്രത വളര്‍ത്താന്‍ ശ്രമിച്ചുവെന്നും രാം സിംഗ് കസ് വാന്‍ പരാതിയില്‍ പറഞ്ഞു.






